അനില്‍ ആന്റണി സംശുദ്ധനല്ല; പ്രതിരോധ രേഖകള്‍ ഫോട്ടോസ്റ്റാറ്റാക്കി വിറ്റു; ആരോപണങ്ങളിലുറച്ച് നന്ദകുമാര്‍
അനില്‍ ആന്റണിക്കെതിരെ ആരോപണം ആവര്‍ത്തിച്ച് ദല്ലാള്‍ ടി ജി നന്ദകുമാര്‍. സുഹൃത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് അനില്‍ ആന്റണിക്ക് പണം കൈമാറിയത് ദില്ലി സാഗര്‍ രത്ന ഹോട്ടലില്‍ വെച്ചാണെന്നും അനില്‍ ആന്റണിയുടെ ഡീലുകള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളൂവെന്നും നന്ദകുമാര്‍ പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സുഹൃത്തിനെ കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാന്‍ഡിംഗ് കോണ്‍സലായി നിയമിക്കാമെന്ന് പറഞ്ഞ് തന്റെ കൈയ്യില്‍ നിന്നും അനില്‍ ആന്റണി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു നന്ദകുമാര്‍ ആരോപിച്ചത്. ഇത് അനില്‍ ആന്റണി നിഷേധിച്ചതോടെയാണ് കൂടുതല്‍ ആരോപണങ്ങളുമായി നന്ദകുമാര്‍ രംഗത്ത് വന്നിരിക്കുന്നത്.
'അനില്‍ ആന്റണി സംശുദ്ധനല്ല. എ കെ ആന്റണിയെകൊണ്ടാണ് അനില്‍ ഉപജീവനം നടത്തിയത്. ഹോണ്ട സിറ്റില്‍ കാറില്‍ എത്തിയാണ് സാഗര്‍ രത്ന ഹോട്ടലില്‍ നിന്നും അനില്‍ ആന്റണി പണം വാങ്ങിയത്. ആന്റണിയുടെ കുടുംബത്തില്‍ നിന്നും അനില്‍ മാത്രമാണ് ബന്ധപ്പെട്ടത്.' നന്ദകുമാര്‍ പറഞ്ഞു.അനിലിന് അമ്മ എലിസബത്ത് ആന്റണിയുടെ പ്രോത്സാഹനം ഉണ്ടെന്നും നന്ദകുമാര്‍ പറഞ്ഞു. അനില്‍ നടത്തിയ ഡീലുകള്‍ പുറത്തേക്ക് വരാനിരിക്കുന്നതേയുള്ളൂ. ഇടപാടുകള്‍ വീശിപ്പിടിക്കുകയായിരുന്നു. പ്രതിരോധ രേഖകള്‍ വിറ്റ് അനില്‍ ആന്റണി പണം വാങ്ങി. പ്രതിരോധ രേഖകള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് വിറ്റു എന്നാണ് പറഞ്ഞതെന്നും നന്ദകുമാര്‍ പറഞ്ഞു. താനൊക്കെ ജൂനിയര്‍ ദല്ലാളാണെന്നും അനില്‍ ആന്റണിയാണ് സൂപ്പര്‍ ദല്ലാളെന്നും നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.
ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ വഴി മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ ബിജെപിയിലേയ്ക്ക് കൊണ്ടുവരാന്‍ സമീപിച്ചതായി കേന്ദ്രമന്ത്രിയും കേരളത്തിന്റെ പ്രത്യേക ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ പറഞ്ഞുവെന്നും നന്ദകുമാര്‍ പറയുന്നു. കെപിസിസി പ്രസിഡന്റ് ആവുന്നതിന് മുന്‍പ് കെ സുധാകരനെ സമീപിച്ചു. മുരളീധരന്‍, രമേശ് ചെന്നിത്തല എന്നിവരെയും സമീപിച്ചിട്ടുണ്ട്. നടക്കാന്‍ സാധ്യതയില്ലെന്ന് പറഞ്ഞിട്ടും താന്‍ വഴി സിപിഐഎം നേതാക്കളെ സമീപിക്കാന്‍ പ്രകാശ് ജാവദേക്കര്‍ ശ്രമിച്ചുവെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."