തീ എപ്പോള്‍ അണയ്ക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്ന് മന്ത്രി പി. രാജീവ്; ബ്രഹ്മപുരത്ത് സന്ദര്‍ശനം നടത്തി മന്ത്രിമാര്‍
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീയണയ്ക്കാനുള്ള പ്രയത്‌നം തുടരുന്നതിനിടെ മാലിന്യപ്ലാന്റ് സന്ദര്‍ശിച്ച് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവും തദ്ദേശസ്വയംവകുപ്പ് മന്ത്രി എം.ബി രാജേഷും. തീ എപ്പോള്‍ അണയ്ക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. തീ അണച്ചാലും വീണ്ടും തീപിടിക്കുന്ന സാഹചര്യമാണ്. ആറടി താഴ്ച്ചയില്‍ തീയുണ്ടായിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ സാധ്യമാകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ഏകോപിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ബ്രഹ്മപുരത്ത് നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഭാവിയില്‍ ഇത്തരം അനുഭവങ്ങളുണ്ടാകാന്‍ പാടില്ലെന്ന പാഠമാണ് ഇത് നല്‍കുന്നത്. താഴേതട്ടില്‍ എന്ത് നടപടി വേണമെന്ന് പരിശോധിക്കും. മുന്‍ കളക്ടര്‍ നല്ല പ്രവര്‍ത്തനമാണ് നടത്തിയത്. കത്തിയ മാലിന്യം പുറത്തെടുത്താണ് തീ അണച്ചതെന്നും മന്ത്രി പറഞ്ഞു.
കൊച്ചിയില്‍ കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ നീക്കി തുടങ്ങിയെന്ന് തദ്ദേശ മന്ത്രി എം.ബി രാജേഷ് അറിയിച്ചു. തീ എത്രയും വേഗം പൂര്‍ണമായി നിയന്ത്രിക്കും.കൊച്ചിയിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാറിന് ആക്ഷന്‍ പ്ലാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ എസ്.വി.ഭാട്ടി, ബസന്ത് ബാലാജി എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഉച്ചയ്ക്ക് 1.45ന് കേസ് പരിഗണിക്കുക. തീപിടിത്തവുമായി ബന്ധപ്പെട്ട സമഗ്രമായ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."