അബ്ദുറഹീമിന്റെ മോചനം: നടപടികൾ അടുത്ത ആഴ്ചയോടെ, ഭീമമായ തുക സഊദിയിൽ എത്തിക്കാൻ നടപടികൾ തുടങ്ങി, തുടർ നടപടികൾ ഇങ്ങനെ
റിയാദ്: സഊദി പൗരന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ ദിയാ നടപടികൾ അടുത്ത ആഴ്ചയോടെ ആരംഭിക്കും. കൊല്ലപ്പെട്ട സഊദി വ്യക്തിയുടെ കുടുംബം ആവശ്യപ്പെട്ട 1.5 കോടി റിയാലിനു സമാനമായ 34 കോടി സമാഹരിച്ചതോടെ നിയമ സഹായ സമിതി തുടർ നടപടികൾക്കായി ബന്ധപ്പെട്ടവരെ സമീപിക്കും.
പെരുന്നാൾ ലീവ് ഞായറാഴ്ചയോടെ കഴിയുന്നതോടെ മറ്റു നടപടികൾ ഘട്ടം ഘട്ടമായി പൂർത്തിയാക്കി റഹീമിനെ എത്രയും പെട്ടെന്ന് പുറത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവർ. റഹീം മോചനത്തിനായി സ്വരൂപ്പിച്ച 34 കോടി രൂപ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വഴി ഇന്ത്യന്‍ എംബസിയുടെ എക്കൗണ്ടിലേക്ക് മാറ്റുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് കേസ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരി വ്യക്തമാക്കി. ഈ പണം റിയാദില്‍ ഒരു ബാങ്ക് എക്കൗണ്ട് തുറന്ന് അതിലേക്ക് മാറ്റിയ ശേഷമാണ് കോടതി വഴി ഈ ബാങ്കിൽ നിന്ന് കൊല്ലപ്പെട്ട സഊദി പൗരന്റെ കുടുംബത്തിന് പണം കൈമാറുക.
കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം ആവശ്യപ്പെട്ട ദിയാപണം റെഡിയായിട്ടുണ്ടെന്ന് വധശിക്ഷ വിധിച്ച സുപ്രിം കോടതിയെ അറിയിക്കും. തുടര്‍ന്ന് കോടതി കേസ് പരിഗണിക്കുന്നതോടെ അബ്ദുറഹീമും സഊദി കുടുംബവും വക്കീലുമായി കോടതിയില്‍ ഹാജറാകും. തുടർന്ന് കോടതി ഇടപെടലിൽ കൊലപാതകത്തിന് പകരം ദിയാപണമെന്ന ഒത്തുതീര്‍പ്പില്‍ കേസ് അവസാനിക്കുന്നതോടെ എന്‍ഫോഴ്‌സ്‌മെന്റ് കോടതി വഴി സഊദി കുടുംബത്തിന് 15 മില്യന്‍ റിയാലിന്റെ ചെക്ക് കൈമാറും. എങ്കിലും റഹീമിന് ജയിലിൽ നിന്ന് പുറത്ത് കടക്കാൻ വീണ്ടും ദിവസങ്ങൾ എടുക്കുമെന്നാണ് കരുതുന്നത്. പോലീസിലും കോടതിയിലുമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെയായിരിക്കും റഹീമിന് മോചനമാകുക.
ഹൗസ്ഡ്രൈവര്‍ വിസയിൽ സഊദിയിലെത്തിയ റഹീം 18 വർഷമായി റിയാദിലെ ജയിലിലാണുള്ളത്. 2006ൽ തന്റെ 26-ാം വയസ്സിലാണ് റഹീമിനെ ജയിലിലടച്ചത്. കഴുത്തിന് താഴെ ചലന ശേഷി നഷ്ടപ്പെട്ട സ്പോണ്‍സറുടെ മകന്‍ ഫായിസിനെ പരിചരിക്കുന്ന ജോലിയായിരുന്നു റഹീമിന്റേത്. ഫായിസിന് ഭക്ഷണവും വെള്ളവുമടക്കം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു. 2006 ഡിസംബര്‍ 24ന് ഫായിസിനെ കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടുകയും ബോധരഹിതനായ ഫായിസ് പിന്നീട് മരിക്കുകയുമായിരുന്നു.
തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തി റഹീമിനെ സഊദി പൊലീസ് അറസ്റ്റ് ചെയ്തു. റിയാദിലെ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതികൾ ശരിവെക്കുകയായിരുന്നു. ഈ കാലയളവിനിടയില്‍ ഫായിസിന്റെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാപ്പ് നല്‍കാന്‍ അവര്‍ തയാറായിരുന്നില്ല. ഏറ്റവും ഒടുവിലാണ് 34 കോടി രൂപ ദയാധനമെന്ന ഉപാധിയില്‍ ഒടുവിൽ ഫായിസിന്റെ കുടുംബം സമ്മതം അറിയിച്ചത്. ഇതോടെയാണ്, പണം കണ്ടെത്തി മോചനം സാധ്യമാകുമെന്ന പ്രതീക്ഷ കൈവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."