സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; 15 മിനുട്ട് കട്ട്
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
സംസ്ഥാനത്ത് ഇന്നലെ മുതൽ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തി. പുറത്തുനിന്ന് ലഭിക്കേണ്ട വൈദ്യുതി കുറഞ്ഞതിനാലാണിതെന്നാണ് അറിയിപ്പ്. വൈകിട്ട് ആറിനും പതിനൊന്നിനും ഇടയിൽ പതിനഞ്ചുമിനുട്ടാണ് നിയന്ത്രണം. നഗരമേഖലയിലും ആശുപത്രികൾ ഉൾപ്പെടെയുള്ള അവശ്യസേവനമേഖലയിലും ബാധകമല്ല.
വൈദ്യുതി നിയന്ത്രണം രണ്ടു ദിവസത്തേയ്ക്ക് മാത്രമാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാൻ മറ്റൊരു കമ്പനിയുമായി കരാർ ഒപ്പിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജാർഖണ്ഡിലെ മൈഥോൺ പവർ സ്റ്റേഷനിൽ കൽക്കരി ക്ഷാമം മൂലം വൈദ്യുതി ഉത്പാദനം കുറച്ചതിനാൽ കേരളത്തിന് കിട്ടേണ്ട വൈദ്യുതിയിൽ 400 മുതൽ 500 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് വന്നു. ഇതാണ് നിയന്ത്രണത്തിന് കാരണം. കൽക്കരി ക്ഷാമം മൂലം ഉത്പാദകർ പവർ എക്‌സ്‌ചേഞ്ചിൽ നൽകുന്ന വൈദ്യുതിയിലും, കുറവുണ്ടായിട്ടുണ്ട്.
ആശങ്ക വേണ്ടെന്ന് കേന്ദ്രം
ന്യൂഡൽഹി
കൽക്കരി ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വാതക അധിഷ്ഠിത വൈദ്യുതി പ്ലാന്റുകൾ പൂർണശേഷിയിൽ പ്രവർത്തിപ്പിക്കാൻ വൈദ്യുതി മന്ത്രാലയം നിർദേശം നൽകിയതായി കേന്ദ്ര കൽക്കരി, ഖനന മന്ത്രി പ്രഹ്ലാദ് ജോഷി.
വാതക വില വർധിച്ചതിനാൽ വാതക അധിഷ്ഠിത പവർ പ്ലാന്റുകൾ പലതും അടച്ചുപൂട്ടി. ബാക്കിയുള്ളവ പൂർണമായും ഉത്പാദനം നടത്തിയിരുന്നില്ല. ഇത് പുനഃസ്ഥാപിക്കാനാണ് നിർദേശം. താപവൈദ്യുതി നിലയങ്ങളിൽ 21-22 ദശലക്ഷം ടൺ കൽക്കരിയുണ്ട്. ഇത് 10 ദിവസത്തേക്ക് മതിയാകും. തീരുന്നതിനനുസരിച്ച് നികത്തൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."