ബ്രഹ്മപുരം തീപിടിത്തം: കൊച്ചിയില്‍ ആരോഗ്യസര്‍വേ നടത്തുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം : ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വേ നടത്തും. തീപിടിത്തവും പുക ശ്വസിച്ചതുമായി ബന്ധപ്പെട്ടുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും.
കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റ് രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവര്‍ എത്രയും വേഗം ഡോക്ടറെ കാണേണ്ടതാണ്. എല്ലാ ആശുപത്രികളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പ് വരുത്താനും മന്ത്രി നിര്‍ദ്ദേശം നല്‍കി.
അതേസമയം, ബ്രഹ്മപുരത്തെ തീ കാരണമുള്ള പുക എത്രനാള്‍ ജനങ്ങള്‍ സഹിക്കണമെന്ന് ഹൈക്കോടതി ചോദിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോടാണ് കോടതി ഇക്കാര്യം ചോദിച്ചത്. ആറു മേഖലകളിലെ തീയണച്ചെന്നും രണ്ടിടത്ത് പുക ഉയരുന്നുണ്ടെന്നും കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചു.ബ്രഹ്മപുരത്തെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഹൈക്കോടതി നിരീക്ഷണസമിതിയെ നിയോഗിക്കുകയും ചെയ്തു. കലക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്. ബ്രഹ്മപുരത്ത് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."