ന്യായവിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഭൂമിയിടപാട് നടത്തി; രണ്ടരലക്ഷം പേര്‍ക്ക് നോട്ടീസ്, പിഴ അടച്ചില്ലെങ്കില്‍ ജപ്തി
തിരുവനന്തപുരം: ന്യായവിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഭൂമിയിടപാട് നടത്തിയ രണ്ടരലക്ഷം പേര്‍ക്ക് നോട്ടീസ്. ജില്ലാ രജിസ്ട്രാര്‍മാര്‍ നിശ്ചയിച്ച പിഴത്തുക മാര്‍ച്ച് 31ന് മുന്‍പ് അടച്ചില്ലെങ്കില്‍ ജപ്തി ഉള്‍പ്പെടെയുള്ള കടുത്തനടപടികളാണ് ഇവര്‍ നേരിടേണ്ടിവരും. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ വരുമാനം കണ്ടെത്താന്‍ കൂടിയാണ് ഈ നീക്കം.സംസ്ഥാനത്തെ 315 സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ പരിധിയില്‍ 1986 മുതലുള്ള ഇടപാടുകളാണ് പരിശോധിച്ചത്. നികുതിവകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം രജിസ്‌ട്രേഷന്‍ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ ന്യായവില കുറച്ചുകാണിച്ചതായി കണ്ടെത്തിയത്.
ഓരോ ജില്ലയിലും നിശ്ചിത എണ്ണം ക്രമക്കേട് കണ്ടെത്തണമെന്ന ലക്ഷ്യവും ജില്ലാ രജിസ്ട്രാര്‍മാര്‍ക്ക് നല്‍കിയിരുന്നു. ഇടപാടു നടന്ന വസ്തുവിന്റെ തൊട്ടടുത്ത ഭൂമിയുടെ വിലകൂടി പരിഗണിച്ചാണ് ന്യായവില കൃത്യമായി ഒടുക്കിയിട്ടുണ്ടോയെന്ന് അന്തിമമാക്കിയത്. ന്യായവിലയുടെ എട്ട് ശതമാനം മുദ്രപ്പത്രവിലയും രണ്ട് ശതമാനം ഫീസും ഉള്‍പ്പെടെ 10 ശതമാനമാണ് ഭൂമി വില്‍പ്പന നടത്തുമ്പോള്‍ സര്‍ക്കാരിന് നല്‍കേണ്ടത്.
ജില്ലാ രജിസ്ട്രാര്‍ പരിശോധനയ്ക്കുശേഷം നിശ്ചയിച്ച തുക 31ന് മുമ്പ് അടയ്ക്കുന്നവര്‍ക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അധികം നല്‍കേണ്ട മുദ്രപ്പത്രവിലയുടെ 30 ശതമാനം മാത്രം ഒടുക്കിയാല്‍ മതി. രണ്ടുശതമാനം ഫീസ് പൂര്‍ണമായും ഒഴിവാക്കും. 31 കഴിഞ്ഞാല്‍ ഈ ഇളവുകള്‍ ഉണ്ടാകില്ല. മുഴുവന്‍ തുകയും ഒടുക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."