കൊള്ളലാഭം: സ്വകാര്യ ആശുപത്രികള്‍ക്കെതിരേ മൂക്കു കയറിട്ട് ഹൈക്കോടതി; നിരക്ക് നിശ്ചയിച്ച് ഉത്തരവിറക്കി സര്‍ക്കാര്‍; നിരക്ക് കൂട്ടിയാല്‍ ശക്തമായ നടപടി
കൊച്ചി: പി.പി.ഇക്കിറ്റിന്റെ പേരില്‍ അമിതപണം ഈടാക്കരുതെന്നു ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചും കൊള്ളലാഭം ഈടാക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരേ മൂക്കുകയറിടാന്‍ ഹൈക്കോടതി. ഇതുസംബന്ധിച്ച ഹരജി പരിഗണിക്കവേയാണ് നടപടി കര്‍ക്കശമാക്കുന്നതിന്റെ മുന്നോടിയായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കോടതി ആരാഞ്ഞത്.
സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഡ് രോഗികളില്‍ നിന്ന് ഈടാക്കാവുന്ന പരമാവധി നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതിന്റെ ലിസ്റ്റും കോടതിയില്‍ സമര്‍പ്പിച്ചു. സര്‍ക്കാര്‍ നടപടികളെ അഭിനന്ദിച്ച ശേഷമാണ് കോടതി തുടര്‍ നടപടികളിലേക്കു കടന്നത്.
അതേ സമയം സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കുപ്രകാരം മുന്തിയ സ്വകാര്യ ആശുപത്രിയില്‍പോലും ദിവസത്തില്‍ 2645 രൂപയാണ്. ഐ.സി.യുവിലെ ചികിത്സക്കും നിരക്കു നിശ്ചയിച്ചിട്ടുണ്ട്. പി.പി.ഇക്കിറ്റിന് വിപണിയിലുള്ളതിനേക്കാള്‍ നിരക്ക് ഈടാക്കുന്ന ആശുപത്രിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ആലുവയിലെ സ്വകാര്യ ആശുപത്രി പി.പി.ഇ കിറ്റിനടക്കം വന്‍വില ഈടാക്കിയതിനെതിരേ ഇന്ന് പൊലിസ് കേസെടുത്തിരുന്നു. തൃശ്ശൂര്‍ സ്വദേശികളായ രണ്ടു രോഗികളുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.
പത്ത് ദിവസം ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ 1,67, 381 രൂപയാണ് ഇയാളില്‍ നിന്ന് ആശുപത്രി ഈടാക്കിയത്. അഞ്ച് ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മറ്റൊരു രോഗിയില്‍ നിന്ന് ഈടാക്കിയത് 67, 880 രൂപയായിരുന്നു. ഇതില്‍ 37,572 രൂപയും പി.പി.ഇ കിറ്റിന് മാത്രമായിരുന്നു.
കൊല്ലത്തും കൊവിഡ് ചികിത്സയുടെ പേരില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിക്കെതിരേയും പരാതി ഉയര്‍ന്നിട്ടുണ്ട്. അഞ്ചു ലക്ഷത്തിലേറെ രൂപയാണ് വടക്കേവിളയിലെ ജാസ്മി എന്ന അന്‍പതുകാരിക്ക് ആശുപത്രി ബില്‍ നല്‍കിയത്. പതിനെട്ട് ദിവസത്തോളം ഇവര്‍ ഈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. അതേ സമയം പണമടക്കാന്‍ കഴിയാത്തതിനാല്‍ രോഗി ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.
സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും, നഴ്‌സിംഗ് ഹോമുകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്.
1. ജനറല്‍ വാര്‍ഡ്
എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് 2645 രൂപ, അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 2910 രൂപ.
2. എച്ച്.ഡി.യു (ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റ്)
എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് 3795 രൂപ, അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 4175 രൂപ.
3. ഐസിയു
എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് 7800 രൂപ, അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 8580 രൂപ.
4. വെന്റിലേറ്ററോട് കൂടി ഐ.സി.യു
എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് 13800 രൂപ, അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 15180 രൂപ.
റജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍, ബെഡ് നിരക്ക്, നഴ്‌സിംഗ് ബോര്‍ഡിംഗ് നിരക്ക്, സര്‍ജന്‍/അനസ്ത്രീസിസ്റ്റ്, മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ്, കണ്‍സള്‍ട്ടന്റ് നിരക്കുകള്‍, അനസ്‌തേഷ്യ, ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍, ഓക്‌സിജന്‍, മരുന്നുകള്‍, പാഥോളജി റേഡിയോളജി ടെസ്റ്റുകള്‍, എക്‌സ്‌റേ, യു.എസ്.ജി, ഹെമാറ്റോളജി, പാഥോളജി എന്നിവയ്ക്ക് 15 ദിവസം വരെയുള്ള നിരക്കുകള്‍ എല്ലാം ചേര്‍ത്താണ് ഈ തുകയെന്നും ഉത്തരവില്‍ സര്‍ക്കാര്‍ പറയുന്നു.
എന്നാല്‍ സി.ടി ചെസ്റ്റ്, എച്ച്.ആര്‍.സി.ടി ചെസ്റ്റ് ഇന്‍വെസ്റ്റിഗേഷനുകള്‍ക്കും, പി.പി.ഇ കിറ്റുകള്‍ക്കും, റെംഡെസിവിര്‍, ഉള്‍പ്പടെയുള്ള മരുന്നുകളും ഇതിലുള്‍പ്പെടില്ല. പക്ഷേ, പി.പി.ഇ കിറ്റുകള്‍ക്കടക്കം, വിപണി വില മാത്രമേ ഈടാക്കാവൂ.
ജനറല്‍ വാര്‍ഡുകളില്‍ കഴിയുന്ന രോഗികളില്‍ നിന്ന് ദിവസം രണ്ട് പി.പി.ഇ കിറ്റിന്റെയും, ഐ.സി.യു രോഗികളില്‍ നിന്ന് അഞ്ച് പി.പി.ഇ കിറ്റിന്റെയും തുകയേ ഇടാക്കാവൂ. ഇത് തന്നെ എം.ആര്‍.പി.യില്‍ നിന്ന്, വിപണി വിലയില്‍ നിന്ന് ഒരു രൂപ കൂടരുത് എന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ആശുപത്രികള്‍ക്ക് മുന്നില്‍ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട വിവിധ ചികിത്സകളുടെയും മരുന്നുകളുടെയും വസ്തുക്കളുടെയും ഡോക്ടര്‍മാരുടെയും നഴ്‌സ്മാരുടെയും സേവനങ്ങളുടെയും നിരക്കുകള്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നും, ഇതില്‍ നിന്ന് ഒരു രൂപ പോലും കൂടരുതെന്നും, സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. വെബ്‌സൈറ്റുകളിലും ഈ നിരക്കുകള്‍ കൃത്യമായി പ്രദര്‍ശിപ്പിക്കണം. രോഗികള്‍ക്കും കൂടെ നില്‍ക്കുന്നവര്‍ക്കും ഈ നിരക്കുകള്‍ ഏത് സമയവയും പരിശോധിക്കാനാകണം. കേരളാ ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടുമായി ബന്ധപ്പെട്ട വെബ്‌സൈറ്റിലേക്ക് ഇതിന്റെ ലിങ്കുകള്‍ നല്‍കണം.
നീതികരിക്കാന്‍ കഴിയാത്ത തരത്തില്‍ സ്വകാര്യ ആശുപത്രികള്‍ ബില്ല് ഈടാക്കിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതി ഇടപെട്ടേ തീരൂ എന്ന സാഹചര്യമുണ്ടായതെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ഇന്നലെ മാത്രം ലഭിച്ച ബില്ലുകള്‍ ഉയര്‍ത്തിക്കാണിച്ച കോടതി, കഞ്ഞി നല്‍കാനായി 1353 രൂപ ഈടാക്കിയെന്ന് പറഞ്ഞു. ഒരു ഡോളോ ഗുളികയ്ക്ക് 25 രൂപയാണ് വാങ്ങിയത്. അന്‍വര്‍ ആശുപത്രിയില്‍ അമിത ഫീസ് ഈടാക്കിയ സംഭവത്തില്‍, ഡി.എം.ഒയുടെ റിപ്പോര്‍ട്ട് ലഭിച്ചതായും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."