വിജയ് ബാബുവിനായി ലുക്കൗട്ട് നോട്ടിസ് അറസ്റ്റ് അനിവാര്യമെന്ന് പൊലിസ് തെളിവുകൾ ലഭിച്ചതായും കമ്മിഷണർ
കൊച്ചി
പുതുമുഖ നടിയെ ഒരുമാസത്തോളം ഫ്ളാറ്റുകളിലും ഹോട്ടലുകളിലും പാർപ്പിച്ച് പീഡിപ്പിച്ച കേസിൽ നിർമാതാവും നടനുമായ വിജയ് ബാബുവിനെതിരേ ശക്തമായ തെളിവുകൾ ലഭിച്ചതായി കൊച്ചി സിറ്റി പൊലിസ് കമ്മിഷണർ സി.എച്ച് നാഗരാജു. വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ
പരാതിയെ സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചതായും കമ്മിഷണർ വ്യക്തമാക്കി.
ഇരയെ ചൂഷണം ചെയ്തതിന് വ്യക്തവും ശാസ്ത്രീയവുമായ തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്താനുണ്ട്.അന്വേഷണത്തിൽ ഇരയെ ഭീഷണിപ്പെടുത്താൻ ശ്രമം നടന്നതായും കണ്ടെത്തിയിട്ടുണ്ട്.
കേസിൽ വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യമാണെന്നും സിറ്റി പൊലിസ് കമ്മിഷണർ വ്യക്തമാക്കി.യുവനടി നൽകിയ പരാതിയിൽ പറഞ്ഞ ഇടങ്ങളിലും സമയത്തും വിജയ് ബാബുവിന്റെ സാന്നിധ്യം അന്വേഷണ സംഘം കണ്ടെത്തി. സി.സി. ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ചിട്ടുണ്ട്. വിജയ് ബാബുവിനെതിരേ മറ്റ് പരാതികൾ ലഭിച്ചിട്ടില്ലെന്നും കമ്മിഷണർ പറഞ്ഞു. കേസിൽ സിനിമ മേഖലയിൽനിന്നുള്ളവരുടെ ഉൾപ്പെടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, വിജയ് ബാബുവിനെതിരേ പൊലിസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകിയിട്ടുണ്ട്.
നടൻ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണിത്. പാസ്പോർട്ട് കണ്ടുകെട്ടാൻ പൊലിസ് അപേക്ഷ നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."