ലിതാരയുടെ മരണത്തിനുത്തരവാദി പരിശീലകനെന്ന് ബന്ധുക്കൾ
കക്കട്ടിൽ (കോഴിക്കോട്)
റെയില്‍വേയിലെ മലയാളി ബാസ്‌കറ്റ്ബോള്‍ താരം കെ.സി ലിതാര (23) ബിഹാറിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കോച്ച് രവി സിങ്ങിനെതിരേ കടുത്ത ആരോപണവുമായി ബന്ധുക്കള്‍. കോച്ചിനെതിരേ പട്‌ന രാജീവ്നഗർ പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെങ്കിലും അധികൃതർ വേണ്ടത്ര ഗൗരവത്തിലെടുത്തിട്ടില്ലെന്നും റെയിൽവേയുടെ ഭാഗത്തു നിന്നും കാര്യമായ സഹായങ്ങളൊന്നും ലഭിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
ലിതാരയുടെ ആത്മഹത്യയിലേക്കു നയിച്ചത് പരിശീലകനിൽ നിന്നുള്ള നിരന്തര മാനസിക പീഡനമാണെന്നു ബന്ധുക്കള്‍ പറഞ്ഞു. മാര്‍ച്ചില്‍ കൊല്‍ക്കത്തയില്‍ നടന്ന ക്യാംപിനിടെ കോച്ച് കൈയില്‍ കയറി പിടിച്ചതിനെ തുടര്‍ന്ന് ലിതാര പ്രതികരിക്കുകയും പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ രവി സിങ് ഉന്നത ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കി. തിങ്കളാഴ്ച ഇക്കാര്യം അറിഞ്ഞതിനു ശേഷം ലിതാര കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. ഇത് ബംഗളൂരുവിലെ സുഹൃത്തിനെ അറിയിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. പാതിരിപ്പറ്റയിലെ കത്തിയണപ്പന്‍ചാലില്‍ കരുണന്റെയും ലളിതയുടെയും മകളായ ലിതാരയെ പട്‌ന ഗാന്ധി നഗറിലെ ഫ്ളാറ്റിലാണു കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
കോച്ച് രവി സിങ് തന്നെ നിരന്തരം ശല്യപ്പെടുത്തുന്നതായി ലിതാര വീട്ടുകാരോടും സഹപ്രവര്‍ത്തകരോടും പറഞ്ഞിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനും കെ.മുരളീധരന്‍ എം.പിക്കും പരാതി നല്‍കിയിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പാണ് ലിതാരയ്ക്ക് ബിഹാറില്‍ റെയില്‍വേയില്‍ ജോലി ലഭിച്ചത്. കഴിഞ്ഞ ആറ് മാസമായി പട്‌ന ദാനാപുരിലെ ഡി.ആര്‍.എം ഓഫിസില്‍ ജോലി ചെയ്യുകയായിരുന്നു. മൃതദേഹം ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു കൈമാറി. ബന്ധുക്കൾ എത്തിയ ശേഷമേ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പാടുള്ളൂവെന്ന് അറിയിച്ചിരുന്നെങ്കിലും ലിതാരയുടെ അമ്മാവന്‍ രാജീവന്‍ എത്തിയപ്പോഴേക്കും പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞിരുന്നു.
പട്നയിൽ നിന്നും ഡൽഹി വഴി ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മൃതദേഹം കോഴിക്കോട്ടെത്തിച്ചത്. രാത്രി വൈകിയാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."