'ഇസ്‌റാഈലിനെതിരെ യുദ്ധത്തിനിറങ്ങരുത്, പരാജയം ഉറപ്പ്' ഇറാനെ ഭീഷണിപ്പെടുത്തിയും ഇസ്‌റാഈലിനെ പിന്തുണച്ചും അമേരിക്ക
വാഷിങ്ടണ്‍: ഗസ്സയിലെ ആക്രമണങ്ങളെ നിര്‍ത്താതെ അപലപിക്കുമ്പോഴും ഇസ്‌റാഈല്‍ പ്രതിരോധ സേനക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചും ഫലസ്തീനൊപ്പം നില്‍ക്കുന്ന ഇറാനെ ഭീഷണിപ്പെടുത്തിയും അമേരിക്ക. ഇസ്‌റാഈലുമായി യുദ്ധത്തിനിറങ്ങുന്നത് വിനാശകരമാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇറാന് മുന്നറിയിപ്പ് നല്‍കുന്നു. യുദ്ധത്തിന് ഇറങ്ങണ്ട എന്ന് ബൈഡന്‍ താക്കീതിന്റെ സ്വരത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ഇസ്‌റാഈലിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും യുദ്ധത്തില്‍ ഇറാന്‍ വിജയിക്കില്ലെന്നും വൈറ്റ്ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ബൈഡന്‍ പറഞ്ഞു.
ഇസ്‌റാഈല്‍ സുരക്ഷക്കായി അമേരിക്ക രംഗത്തിറങ്ങുമെന്നും ബൈഡന്‍ വ്യക്തമാക്കി. കൂടുതല്‍ യുദ്ധകപ്പലുകളും പോര്‍വിമാനങ്ങളും പശ്ചിമേഷ്യയിലേക്ക് വിന്യസിക്കാനും അമേരിക്ക നടപടി തുടങ്ങി. ഇറാനെ പിന്തിരിപ്പിക്കാന്‍ നയതന്ത്ര നീക്കവും ഊര്‍ജിതമാണ്. ഉടന്‍ ആക്രമണ സാധ്യതയുണ്ടെന്ന യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി ഇസ്‌റാഈലില്‍ ഉടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്നലെ മന്ത്രിമാരുമായി സുരക്ഷാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇറാന്‍ ആക്രമണത്തിന്റെ സ്വഭാവം നോക്കിയാകും ഇസ്‌റാഈലിന്റെ തിരിച്ചടിയെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യു.എസ് സെന്‍ട്രല്‍ കമാന്റ് മേധാവി കഴിഞ്ഞദിവസം ഇസ്‌റാഈലില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. സഖ്യരാജ്യങ്ങള്‍ മുഖേന ഇറാനെ പിന്തിരിപ്പിക്കാനുള്ള നയതന്ത്ര നീക്കവും അമേരിക്ക ശക്തമാക്കിയിട്ടുണ്ട്. തുര്‍ക്കി, ചൈന, സഊദി അറേബ്യ, യു.എ.ഇ അടക്കം രാജ്യങ്ങളിലെ പ്രമുഖരുമായി ബന്ധപ്പെട്ട് ഇറാനെ ആക്രമണത്തില്‍നിന്ന് പിന്തിരിപ്പിക്കാനാണ് യു.എസ് നീക്കം.
അതേസമയം, ബൈഡന്‍ സമ്മര്‍ദ്ദത്തിലാണെന്നാണ് നിരീക്ഷര്‍ പറയുന്നത്. ഇറാന്‍ ആക്രമണത്തിന് തുടക്കമിട്ടാല്‍ അത് പ്രദേശിക യുദ്ധത്തിന് തുടക്കാമാവും. മാത്രമല്ല, മിഡില്‍ ഈസ്റ്റിലെ അമേരിക്കയുടെ പ്രതിരോധ ശ്രമങ്ങളുടെ പരിധി കാണിക്കുകയും ചെയ്യും.
യുദ്ധഭീതി കനത്തതോടെ ഇസ്രായേലിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യ, ബ്രിട്ടന്‍, ഫ്രാന്‍സടക്കമുള്ള രാജ്യങ്ങള്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇസ്‌റാഈലിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ തെല്‍ അവീവ്, ജറൂസലം, ബീര്‍ഷെബ നഗരങ്ങള്‍ക്ക് പുറത്തുപോകരുതെന്ന് യു.എസ് ഉത്തരവിറക്കി. ഇറാന്‍, ലബനാന്‍, ഫലസ്തീന്‍ എന്നിവിടങ്ങളിലേക്ക് പുറപ്പെടരുതെന്ന് ഫ്രാന്‍സും നിര്‍ദേശിച്ചു. ഇറാനിലേക്കും ഇസ്‌റാഈലിലേക്കും പോകരുതെന്നാണ് ഇന്ത്യ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റ് കെട്ടിടത്തിന് നേരെ ഏപ്രില്‍ ഒന്നിന് ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായാണ് ഇറാന്‍ ആക്രമണത്തിന് ഒരുങ്ങുന്നത്. അന്ന് ഇറാന്റെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധികള്‍ ഉള്‍പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം മാറ്റമില്ലാതെ തുടരുകയാണ്. നുസ്‌റേത്ത് ക്യാമ്പില്‍ നടന്ന ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."