മുസ്ലിം സൗഹൃദവേദിയിലെ ധാരണ ലംഘിച്ച് മുജാഹിദ് സംഘടനകളുടെ പെരുന്നാള്‍ പ്രഖ്യാപനം വീണ്ടും
കോഴിക്കോട്: മുസ്ലിം സംഘടനകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദത്തിനു തിരിച്ചടിയായി കേരളാ നദ്വത്തുല്‍ മുജാഹിദീന്‍ സംഘടനകളുടെ പെരുന്നാള്‍ പ്രഖ്യാപനം.
പാണക്കാട് ഹൈദരലി തങ്ങള്‍ അധ്യക്ഷനായുള്ള മുസ്‌ലിം സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ മുസ്‌ലിം സംഘടനകളെല്ലാം ഒരുമിച്ച് നോമ്പും പെരുന്നാളും ഉറപ്പിക്കാറായിരുന്നു പതിവ്. ഈ സൗഹൃദ വേദിയിലെ ധാരണ വീണ്ടും ലംഘിച്ചാണ് മുജാഹിദ് സംഘടകള്‍ പെരുന്നാള്‍ പ്രഖ്യാപിച്ചത്.
കെ.എന്‍.എം മര്‍കസുദ്ദഅ്വ വിഭാഗം പെരുന്നാള്‍ വ്യാഴാഴ്ചയാരിക്കുമെന്ന് ഞായറാഴ്ച തന്നെ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ കെ.എന്‍.എം സി.ടി ടവര്‍ വിഭാഗത്തിന്റെ കീഴിലുള്ള കേരള ഹിലാല്‍ കമ്മിറ്റി ഇന്നലെയാണ് പ്രഖ്യാപനം നടത്തിയത്. അതേ സമയം ഈദുല്‍ ഫിത്വ്ര്‍ ബുധനാഴ്ചയായിരിക്കുമെന്ന് ഹിജ്‌റ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ധാരണ ലംഘിച്ച് പ്രഖ്യാപനം നടത്തി വിഭാഗീയതയ്ക്ക് ആക്കം കൂട്ടാന്‍ മുജാഹിദ് സംഘടനകള്‍ ശ്രമിച്ചിരുന്നു.
മാസമുറപ്പിക്കാന്‍ സംഘടനകള്‍ക്കിടയില്‍ വിവിധ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുമ്പോഴും സൗഹൃദ വേദിയുടെ ധാരണ എല്ലാവരും പാലിക്കാറുണ്ടായിരുന്നു.
പാണക്കാട് തങ്ങളുമായും സുന്നി മഹല്ലുകളിലെ കാര്‍മികത്വം വഹിക്കുന്ന ഖാസിമാരുമായും കൂടിയാലോചന നടത്തിയ ശേഷം ഒരുമിച്ചായിരുന്നു ഇതുവരേയുണ്ടായിരുന്ന പ്രഖ്യാപനങ്ങളെല്ലാം. ഈ ധാരണയാണ് രണ്ടു മുജാഹിദ് സംഘടനകള്‍ ലംഘിച്ചിരിക്കുന്നത്.
ഭിന്നാഭിപ്രായങ്ങളുള്ള കേരളത്തിലെ മുസ്ലിം സംഘടനകളെ ഒരുമിച്ചുനിര്‍ത്തുന്ന ഏക പ്ലാറ്റ്ഫോമായിരുന്നു മുസ്ലിം സൗഹൃദ വേദി. ഈ വേദിയെയാണ് മുജാഹിദ് സംഘടനകള്‍ ചേര്‍ന്ന് ദുര്‍ബലപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."