HOME
DETAILS

ഒരു ഇന്ത്യൻ ഭാഷയുടെ വർത്തമാനം

  
backup
April 29 2022 | 19:04 PM

846523-4952-2022

ദാമോദർ പ്രസാദ്


ഫാബ് ഇന്ത്യയുടെ ദീപാവലി വസ്ത്രശേഖരത്തിന് 'ജഷ്നേ റിവാസ്' എന്ന ഉർദു നാമകരണം നല്‍കിയതാണ് വലതുപക്ഷ വര്‍ഗീയവാദികള്‍ക്ക് ഹാലിളകാന്‍ കാരണമായത്. അവരെ പറഞ്ഞിട്ടു കാര്യമില്ല. കാരണം, ഉർദുവിന്റെ സാംസ്‌കാരിക മൂല്യം തിരിച്ചറിയണമെങ്കില്‍ അവരുടെ മുന്‍തലമുറകള്‍ ബ്രിട്ടീഷ് വിരുദ്ധ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കണം. തലമുറകള്‍ ഏറ്റുവിളിച്ച സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്നുകേട്ട ഉർദുവിലുള്ള മുദ്രാവാക്യമാണ് 'ഇന്‍ക്വിലാബ് സിന്ദാബാദ്'. ഈ മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ഹസ്രത് മൊഹാനിയാണെങ്കിലും ഇതിനെ ജനകീയമാക്കിയത് ശഹീദ് ഭഗത് സിങ്ങാണ്. ഉർദു ഇന്ത്യയുടെ സ്വന്തം ഭാഷയാണ്. ഭാഷാ ചരിത്രകാരന്മാര്‍ പറയുന്നത് പത്താം നൂറ്റാണ്ടിലാണ് ഉർദു ഭാഷ വികസിതമായത് എന്നാണ്. മധ്യകാലത്തു ഇന്ത്യയിലേക്ക് കടന്നുവന്ന മുസ്‌ലിം സൈനിക ശക്തികളും കച്ചവടക്കാരും ഇതരവിഭാഗക്കാരും തദ്ദേശീയരുമായി സമ്പര്‍ക്കപ്പെടുന്ന നാട്ടുഭാഷയാണ് ഉർദുവായി രൂപാന്തരപ്പെട്ടത്. സംസ്‌കൃതമാണ് ഈ നാട്ടുഭാഷയുടെ ഉറവിടം. മുസ്‌ലിം സമ്പര്‍ക്കത്തോടെ ധാരാളമായ പേര്‍ഷ്യന്‍ വാക്കുകള്‍ ഈ ഭാഷ കടംകൊണ്ടു. ഭാഷ നിരന്തര സമ്പര്‍ക്കത്തിലൂടെ തിടംവച്ച് ഒരു സ്വാച്ഛന്ദ പ്രകൃതം ആര്‍ജിച്ചു. ഒരു വലിയ ജനവിഭാഗം ഈ ഭാഷ സംസാരിക്കാന്‍ തുടങ്ങിയെങ്കിലും ഭാഷയ്ക്ക് അംഗീകാരം ലഭിക്കുന്നതും അത് അധികാരികളുടെ ഭാഷയാകുന്നതും പിന്നീടാണ്. മുഗളര്‍ പേര്‍ഷ്യനും ഭരണപരമായ ആവശ്യങ്ങള്‍ക്ക് സംസ്‌കൃതവുമാണ് ഉപയോഗിച്ചിരുന്നത്. ഉർദു മുഗളരുടെ ഭാഷയാണ് എന്നുള്ള തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. ഉർദു സാമാന്യ ജനതയും വരേണ്യരും ഉപയോഗിച്ചിരുന്ന ഭാഷയാണ്. പതിനാലാം നൂറ്റാണ്ടില്‍ വിശ്രുത കവി ആമിര്‍ ഖുസ്‌റോ ഉർദു ഉപയോഗിക്കുന്നുണ്ട്.


എന്നാല്‍ ഭാഷാ ചരിത്രകാരന്മാര്‍ പറയുന്നത് പതിനെട്ടാം നൂറ്റാണ്ടിലാണ് ഉർദു എന്ന നാമകരണം ഭാഷയ്ക്ക് ലഭിക്കുന്നത് എന്നാണ്. 'ഹിന്ദുസ്ഥാനിക്' എന്നും ബ്രിട്ടീഷ് കാലത്തു ഉർദു വിളിക്കപ്പെട്ടിരുന്നു. ഹിന്ദുസ്ഥാനി ഒരു പ്രത്യേക ഭാഷയായി തന്നെ സജീവമായി നിലനിന്നിരുന്നു. ഹിന്ദി പത്തൊന്‍പതാം നൂറ്റാണ്ടോടെ മാത്രമാണ് ഒരു പുതിയൊരു സംവേദന ഭാഷയെന്ന നിലയില്‍ രംഗപ്രവേശം ചെയ്യുന്നത്. അതിനൊരു ചരിത്ര പശ്ചാത്തലമുണ്ട്. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം ബ്രിട്ടീഷ് അധികാരികള്‍ ഉർദു ഭാഷയെ അതീവ സംശയത്തോടെയാണ് കണ്ടിരുന്നത്. ബ്രിട്ടീഷ് മേല്‍ക്കോയ്മക്കെതിരേ മുസ്‌ലിം ജനസാമാന്യവും ഹിന്ദുക്കളും ഒരുമിച്ചുചേർന്നു കലാപത്തിനിറങ്ങിയത് ബ്രിട്ടീഷ് അധികാരത്തെ തെല്ലൊന്നുമല്ല ഭയപ്പെടുത്തിയത്. ഇന്ത്യയിലെ രണ്ടു പ്രബല മതവിഭാഗങ്ങളെ വിഭജിച്ചുകൊണ്ടു മാത്രമേ ഭരണം നിലനിര്‍ത്താന്‍ ആവുകയുള്ളൂ എന്ന് ഇംഗ്ലീഷുകാര്‍ തിരിച്ചറിഞ്ഞിരുന്നു. സാമാന്യ വ്യവഹാരങ്ങള്‍ മുതല്‍ പുത്തന്‍ ജ്ഞാന ശാഖകള്‍ വരെ ഈ വിഭജന തന്ത്രം നടപ്പാക്കാന്‍ ഉപയോഗിക്കപ്പെട്ടു. ഭാഷയും ഭാഷാശാസ്ത്രവും ഇതില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടില്ല. ഉർദുവിനെതിരേ ഹിന്ദി എന്നത് പത്തൊന്‍മ്പതാം നൂറ്റാണ്ടില്‍ ഇംഗ്ലീഷുകാര്‍ തന്നെ പ്രോത്സാഹിപ്പിച്ചിരുന്ന വിഭാഗീയതായിരുന്നു.


ഹിന്ദിയും ഉർദുവും പങ്കിടുന്നത് പൊതുവായ പാരമ്പര്യമാണ്. എങ്കിലും ഉർദു മുസ്‌ലിം ഭാഷയും ഹിന്ദി ഹിന്ദു ഭാഷയുമായി വ്യാജമായ വിധം വേര്‍തിരിക്കപ്പട്ടു. ഇന്നിപ്പോള്‍ ഹിന്ദി ദേശീയഭാഷയായി അവതരിപ്പിക്കപ്പെടുമ്പോഴും ഉർദു മുസ്‌ലിം ഭാഷയായാണ് ചിത്രീകരിക്കപ്പെടുന്നത്.പാകിസ്താന്റെ ഔദ്യോഗിക ഭാഷയാണ് ഉർദു എന്നുള്ളതാണ് മറ്റൊരു കാരണമായി പറയുന്നത്. ഉത്തർപ്രദേശില്‍ രണ്ടാം ഔദ്യോഗിക ഭാഷയായി പരിഗണിക്കുന്ന ഉർദു ജനസാമാന്യം സംസാരിച്ചിരുന്ന ഭാഷയാണ്. മതപരമായ സ്വത്വം ഭാഷയുടെ മേൽ ആരോപിക്കപ്പെട്ടതാണ്. പത്തൊന്‍മ്പതാം നൂറ്റാണ്ടിലെ ഹിന്ദുസംഘടനകള്‍ ശക്തമായി മുന്നോട്ട് കൊണ്ടുവന്നതാണ് പരിഷ്‌കരിച്ച ഹിന്ദി ഭാഷ. ഉർദുവുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന ഹിന്ദുസ്ഥാനിയായിരുന്നു ബഹുഭൂരിപക്ഷം ജനങ്ങളും ഉപയോഗിച്ചിരുന്ന ഭാഷ. ഉർദു പേര്‍ഷ്യന്‍ ലിപികളിലാണ് എഴുതിയിരുന്നെങ്കില്‍ ഹിന്ദുസ്ഥാനി ദേവനാഗരിയാണ് ഉപയോഗിച്ചിരുന്നത്. ഉർദു ദേവനാഗരി ഭാഷയിലും എഴുതാം. രണ്ടു ലിപികളിലും സംവേദനം നടത്തിയിരുന്നുവെങ്കിലും അറബി ലിപിയാണ് കൂടുതല്‍ അഭികാമ്യമായതെന്നു ആ ഭാഷ ഉപയോഗിക്കുന്ന നവാബുമാര്‍ ഉള്‍പ്പെടെ വരേണ്യവിഭാഗക്കാര്‍ കരുതിയിരുന്നത്. കവിതകളും ഗസലുകളും അറബി ലിപിയിലുള്ള ഉർദുവിലാണ് എഴുതപ്പെട്ടിരുന്നത്. ഏതു ലിപി ഉപയോഗിക്കണമെന്ന തര്‍ക്കം ഇന്നും നിലനിൽക്കുന്നു.


പത്തൊന്‍മ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിലും ലോകസാഹിത്യത്തോടെ കിടപിടിക്കാവുന്ന സാഹത്യ രചനകള്‍ ഉർദു ഭാഷയില്‍ രചിക്കപ്പെട്ടു. ദേശീയതയുമായി ബന്ധപ്പെട്ടുള്ള കൊളോണിയല്‍ വിരുദ്ധ ദേശ ഭാവനകളെ ആവിഷ്‌കരിക്കുന്ന രചനകള്‍ ഉർദു ഭാഷയില്‍ പ്രസദ്ധീകൃതമായി. ഇതിലെടുത്തു പറയേണ്ട ഒരു എഴുത്തുകാരന്‍ പ്രേംചന്ദാണ്. പ്രേംചന്ദ് ഉർദുവിലും ഹിന്ദിയിലും എഴുതുകയുണ്ടായി. രണ്ടു വ്യത്യസ്ത ഭാഷകളില്‍ എഴുതുക എന്നതിനേക്കാള്‍ സാമൂഹിക വിഷയങ്ങളെ വ്യാപകമായി സംവേദനം ചെയ്യാനും അച്ചടിയിലൂടെ കൂടുതല്‍ വായനക്കാരിലേക്ക് പ്രചരിക്കാനുമാണ് പ്രേംചന്ദിനെ പോലെ എഴുത്തുകാരന്‍ ഹിന്ദിക്കൊപ്പം ഉർദു എഴുത്തുമാധ്യമമായി തിരഞ്ഞെടുക്കാനുള്ള കാരണം.


ജീവത്തായ ഭാഷ എന്ന നിലയിൽ പുതിയ ജീവിതാനുഭവങ്ങളെ ആവിഷ്ക്കരിക്കാനുള്ള ഈ ഭാഷയുടെ അസാധ്യമായ സർഗാത്മക ശേഷിയും അതിനായുള്ള അതിജീവനപരമായ അന്തഃപ്രേരണങ്ങളുമാണ് സാഹത്യ രചനകളിലൂടെ പ്രകാശിതമാകുന്നത് . ഭാഷ വികസ്വരമാകുന്നത് ഇതരഭാഷകളിൽ നിന്നും പ്രവർത്തനോന്മുഖമായ ജീവിത വ്യവസ്ഥകളിലും നിന്നും പുതിയ വാക്കുകൾ സ്വീകരിച്ചുകൊണ്ട് ഭാഷയുടെ പദവൈവിധ്യം സമ്പന്നമാക്കുമ്പോഴാണ്. ഒരു ഭാഷയുടെ ജീനിയസ് എന്ന പറയുന്നത് അതിന്റെ ഉൾക്കൊള്ളൽ ശേഷിയാണ്. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ, ഭാഷ ദുരഭിമാനികൾ ഭാഷയെ ശുദ്ധീകരിക്കുന്ന പ്രക്രിയയ്ക്കാണ് ഊന്നൽ നൽകുന്നത്. ഈ ഭാഷ ശുദ്ധീകരണവാദികളുടെ ആജ്ഞകളെ നിത്യജീവിതത്തിലെ ഉപയോഗത്തിലൂടെ സാമാന്യ ജനത നിരാകരിക്കുന്നതാണ് ഭാഷയുടെ സജീവതയ്ക്ക് നിദാനമാകുന്നത്. ഉർദുവും ഹിന്ദിയും ഭാഷാ ശുദ്ധീകരണവാദികളുടെ കൈകളില്‍ ജീവശ്വാസം വെടിയുന്ന അവസ്ഥയിലേക്ക് എത്തിയതായി എഴുത്തുകാരൻ അലോക് റായ് പറയുന്നുണ്ട്. ഹിന്ദിയുടെ അപ്രമാദിത്വത്തിനു വഴിവച്ച സാമൂഹിക- ചരിത്ര- രാഷ്ട്രീയ-സാംസ്‌കാരിക- സാഹിത്യ സംബന്ധമായ ഘടകങ്ങളെ വിശകലനം ചെയ്യുന്ന അലോക് റായിയുടെ 'ഹിന്ദി നാഷണലിസം' എന്ന പുസ്തകത്തിലാണ് ഇത് പറയുന്നത്.
ഉർദു നേരിടുന്ന സമകാലികമായ ഭീഷണി, പക്ഷേ ഈ ഭാഷ മുസ്‌ലിം സ്വത്വവുമായി ചേര്‍ന്നതിനാലാണെന്നും അലോക് റായ് സൂചിപ്പിക്കുന്നു. ഉത്തർപ്രദേശില്‍ രണ്ടാം ഔദ്യോഗിക ഭാഷയായി 1974ല്‍ പ്രഖ്യാപിക്കപ്പെട്ടതിനുശേഷം സമീപകാലമായി ഭാഷയുടെ ഔദ്യോഗികതലത്തിലെ ഉപയോഗത്തെ തടസ്സപ്പെടുത്തുന്ന വിധത്തിലുള്ള നീക്കങ്ങളാണ് കണ്ടുവരുന്നത്. ഹിന്ദിഭാഷയിലുള്ള പാഠപുസ്തകങ്ങളും സ്‌കൂള്‍ അധ്യാപനവും അതിനു ലഭിക്കുന്ന വമ്പിച്ച പ്രോത്സാഹനവും ഹിന്ദി ഭാഷ പഠിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. അതേസമയം, മദ്റസ പഠനത്തിലെ ഭാഷയായി ഉർദു പരിണമിക്കുകയും ചെയ്തിരിക്കുന്നു. മദ്റസ പഠനങ്ങള്‍ക്കുള്ള സാമ്പത്തിക പിന്തുണ നഷ്ടമാകുന്നതോടെ ഉർദുഭാഷ പഠനത്തിലൂടെയുള്ള തൊഴില്‍ സാധ്യതകളും തീരെ പരിമിതപ്പെട്ടുവരുന്നു. തന്മൂലമുള്ള സാമ്പത്തിക അഭിവൃദ്ധിക്ക് ഹിന്ദി ഭാഷയിലേക്ക് മാറുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്.
ഉർദു ഭാഷ മുസ്‌ലിം സമുദായത്തിന്റെ മാത്രം ഭാഷയായിരുന്നില്ല എന്നത് വ്യക്തമാണ്. സമ്മിശ്രമാണ് ആ ഭാഷയുടെ ഉറവിടവും അതിന്റെ തുടര്‍പ്രവാഹങ്ങളും. ഹിന്ദി അടിച്ചേൽപിക്കപ്പെടുന്ന ദേശീയ സാഹചര്യം തന്നെയാണ് ഇതര ഇന്ത്യന്‍ ഭാഷകളെ പോലെ തന്നെ ഉർദുവും നേരിടേണ്ടിവരുന്ന പ്രതിബന്ധം. പക്ഷേ ഉർദുവിന്റെ കാര്യത്തില്‍ ഇത് കൂടുതല്‍ രൂക്ഷമായത് പത്തൊന്‍മ്പതാം നൂറ്റാണ്ടില്‍ തുടങ്ങിയ ഹിന്ദിയുമായി ബന്ധപ്പെട്ടുള്ള ഭാഷയുടെ വര്‍ഗീയവല്‍ക്കരണ രാഷ്ട്രീയമാണ്. ഇന്ത്യ വിഭജനത്തോടെ അത് സങ്കീര്‍ണ സന്ധിയിലെത്തി. ഈയൊരു യാഥാര്‍ഥ്യം നിലനില്‍ക്കെ തന്നെ, ഉർദു പത്രപ്രവര്‍ത്തനം ഇന്നും ഏറെ സജീവതയോടെ നിലനില്‍ക്കുന്നുണ്ട്. ഉർദു ഭാഷാ പത്രങ്ങള്‍ പ്രസിദ്ധീകരണം തുടരുന്നു. കണക്കുകള്‍ സൂചിപ്പിക്കുന്നത് വായനക്കാരുടെ എണ്ണം വര്‍ധിക്കുന്നതായുമാണ്.


നമ്മുടെ ഭാഷാനയത്തിന്റെ അടിസ്ഥാനം ഇന്ത്യന്‍ ഫെഡറലിസത്തിന്റെ ഘടനയെ അടിസ്ഥാനമാക്കിയാണെന്നത് അവിതര്‍ക്കിതമായ കാര്യമാണ്. പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷ കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യന്‍ പൗരന്മാര്‍ ഹിന്ദി ഭാഷ പരസ്പര സംവേദനത്തിനു ഉപയോഗിക്കണമെന്ന് നിര്‍ദേശം ഈയിടെ നടത്തുകയുണ്ടായി. ഈ നിര്‍ദേശം തദ്ദേശീയ ഭാഷകളെ സംബന്ധിച്ചിടത്തോളം ആപല്‍ക്കരമാണ് എന്നത് പ്രത്യേകം പറയേണ്ടതായില്ലല്ലോ. ഇന്ത്യയിലെ തദ്ദേശീയ ഭാഷാസമൂഹങ്ങള്‍ സ്വന്തം ഭാഷയുടെ സ്വത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഈ അടിച്ചേല്‍പ്പിക്കലിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ്. അതിനു പ്രധാന കാരണം അതാതു ഭാഷകളെ പിന്തുണയ്ക്കാനും പ്രതിരോധിക്കാനും സാമ്പത്തികവും സാംസ്‌കാരികവുമായ അധികാരശേഷി അതാതു ഭാഷാസമൂഹങ്ങള്‍ക്ക് ഉണ്ടെന്നുള്ളതാണ്. ഒരുപക്ഷേ ഈ അധികാരശേഷി ഇന്ത്യയില്‍ ഉർദുവിന് താരതമ്യേന കുറവാണെന്നുള്ളതാണ് ദൗർഭാഗ്യകരമായ സാഹചര്യം. വിശ്വോത്തര കവിയും വിപ്ലവകാരിയുമായ ഫൈസ് അഹമ്മദ് ഫൈസിന്റെ ഉർദു കവിതയില്‍ നിന്നുള്ള ഏതാനും വരികള്‍ എന്‍.സി.ആര്‍. ടി പത്താം ക്ലാസ് രാഷ്ട്രമീമാംസ പാഠപുസ്തകത്തിലെ 'മതം, വര്‍ഗീയത, രാഷ്ട്രീയം' എന്ന പാഠഭാഗത്തില്‍ നിന്നെടുത്തുമാറ്റപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ ഇതര ഭാഷകളിലെ കവികളുടെ വരികൾ ഇപ്രകാരമെടുത്തു മാറ്റപ്പെടുമായിരുന്നോ എന്നു സംശയമാണ്. ഇതിനു മുമ്പ് ഉർദുവിലുള്ള സ്ഥലങ്ങളുടെയും റെയില്‍വേ സ്റ്റേഷനകളുടെയും പേരുകള്‍ പുനര്‍നാമകരണത്തിലൂടെ ഹിന്ദിയുടെ അധീശ്വത്വം വ്യവസ്ഥാപിതമാക്കിയിട്ടുള്ളതാണ്. അലഹബാദ് പ്രയാഗ് രാജെന്നും, മുഗള്‍ സരായ് റെയില്‍വേ സ്റ്റേഷന്‍ എന്നുള്ളത് ദീന്‍ ദയാല്‍ ഉപാധ്യായ എന്നാക്കിയതും ഇതിനുള്ള ഉദാഹരണങ്ങളാണ്.


ഉർദു ഇത്തരത്തിലുള്ള പ്രതിബന്ധളെയും പ്രതിസന്ധികളെയും നേരിട്ടുകൊണ്ടിരിക്കെ തന്നെ നവമാധ്യമ മേഖലകളിലൂടെ ഭാഷയുടെ ആഗോള വിനിമയത്തിനു പുത്തന്‍ ഉത്തേജനം ലഭിക്കുന്നുവെന്നുള്ളത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ഉർദു കവിതകളുടെ വെബ്‌സൈറ്റുകള്‍ മാത്രമല്ല ഇത്. ആഗോള ഡയസ്‌പോറ സമൂഹം പരസ്പരം സംവേദനം ചെയ്യുന്നത് ഉർദു ഭാഷയിലാണ്. ഇന്ത്യയുടെ ഹിന്ദുസ്ഥാനി സംഗീതം പാരമ്പര്യം ഉർദു സാംസ്‌കാരിക പാരമ്പര്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഹിന്ദുസ്ഥാനി എന്ന് വിളിക്കുന്ന ഇന്ത്യൻ സമ്മിശ്ര സാംസ്‌കാരിക പാരമ്പര്യമാണ് ദേശീയതയുടെ ഗതിവിഗതികളില്‍ നമുക്ക് കൈമോശം വന്ന ഒരു സാംസ്‌കാരിക ധാര. ഗാന്ധി ഒരു ഏക രാഷ്ട്രഭാഷയെക്കുറിച്ച് തന്റെ ആഗ്രഹ ചിന്തകള്‍ പങ്കുവച്ചിരുന്നു എന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ ഹിന്ദുസ്ഥാനിയാണ് ഗാന്ധി രാഷ്ട്രഭാഷയായി മുന്നോട്ടുവച്ചത്. അത് ഹിന്ദിയല്ല. ഹിന്ദിയും ഉർദുവും ഇഴചേരുന്നതും ജനകീയവുമായിരുന്ന ഭാഷയായിരുന്നു ഗാന്ധിയുടെ സങ്കൽപത്തിലെ ഹിന്ദുസ്ഥാനി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago