കല്‍ക്കരി പ്രതിസന്ധി; സ്റ്റോക്കുള്ള കല്‍ക്കരി താപനിലയങ്ങളില്‍ എത്തിക്കും, പരിഹാരം ഉടനാകുമോ ?
ന്യുഡല്‍ഹി: കല്‍ക്കരി ക്ഷാമം മൂലം ഉണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. സ്റ്റോക്ക് ഉള്ള കല്‍ക്കരി ഉടന്‍ താപനിലയങ്ങളില്‍ എത്തിക്കുമെന്ന് കല്‍ക്കരി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഏപ്രിലിനെ അപേക്ഷിച്ച് 27.2 ശതമാനം അധികം കല്‍ക്കരി ഇത്തവണ കോള്‍ ഇന്ത്യ ലിമിറ്റഡ് ഉല്‍പ്പാദിപ്പിച്ചു. നിലവില്‍ പ്രതിസന്ധി ഇല്ലെന്നും കല്‍ക്കരി മന്ത്രാലയം വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് ഇന്ന് വ്യാപകമായ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. കല്‍ക്കരി ക്ഷാമം മൂലം രാജ്യത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ കെ.എസ്.ഇ.ബി നടപടി തുടങ്ങിയ സാഹചര്യത്തിലാണിത്.
യുദ്ധകാലാടിസ്ഥാനത്തില്‍ കല്‍ക്കരി എത്തിക്കാനായി മെയില്‍, എക്‌സ്പ്രസ്സ്, പാസഞ്ചര്‍ ട്രെയിനുകളടക്കം 657 ട്രെയിനുകള്‍ കേന്ദ്രം റദ്ദാക്കിയിരുന്നു. കൂടൂതല്‍ റാക്കുകള്‍ സജ്ജജമാക്കി കല്‍ക്കരി ട്രെയിനുകള്‍ ഓടിക്കാനാണ് ഈ നടപടി.
കഴിഞ്ഞ ദിവസങ്ങളിലാണ് രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായതിന്റെ പ്രതിസന്ധി പ്രകടമായി തുടങ്ങിയത്. മുപ്പത് ദിവസത്തേക്കുമാത്രമുള്ള കല്‍ക്കരിയെ സ്റ്റോക്കുള്ളൂ എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചിരുന്നത്. നിലവില്‍ ഒമ്പത് സംസ്ഥാനങ്ങളില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. രാജസ്ഥാന്‍, യു.പി, മഹാരാഷ്ട്ര, പഞ്ചാബ്, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, ഹരിയാന, മധ്യപ്രദേശ് അടക്കം ഒന്‍പത് സംസ്ഥാനങ്ങളിലാണ് സ്ഥിതി രൂക്ഷമായിരിക്കുന്നത്.
താപവൈദ്യുത നിലയങ്ങളില്‍ മതിയായതോതില്‍ കല്‍ക്കരി സംഭരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. താപവൈദ്യുത നിലയങ്ങള്‍ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയതോടെ കാശ്മീര്‍ മുതല്‍ ആന്ധ്രപ്രദേശ് വരെയുള്ള സംസ്ഥാനങ്ങള്‍ രണ്ടുമുതല്‍ എട്ടുമണിക്കൂര്‍വരെ പവര്‍കട്ട് ഏര്‍പ്പെടുത്തിവരികയാണ്. ഫാക്ടറികള്‍ പ്രവര്‍ത്തനം നിര്‍ത്തി. രാജ്യത്ത് 62.3 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണുള്ളത്. എല്ലാ താപനിലയവും കല്‍ക്കരിക്ഷാമം നേരിടുന്നുവെന്ന് ഓള്‍ ഇന്ത്യ പവര്‍ എന്‍ജിനിയേഴ്‌സ് ഫെഡറേഷന്‍വെളിപ്പെടുത്തിയിരുന്നു. 147 നിലയത്തില്‍ അവശേഷിക്കുന്നത് 1.41 കോടി ടണ്‍ കല്‍ക്കരിമാത്രമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."