ഉത്തരസൂചികയിലെ അപാകത: സമരം തുടർന്ന് അധ്യാപകർ
തിരുവനന്തപുരം
മൂല്യനിർണയത്തിൽനിന്നു വിട്ടുനിൽക്കുന്ന അധ്യാപകർക്കെതിരേ നടപടിയുണ്ടാകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ് വകവയ്ക്കാതെ സംസ്ഥാനത്തുടനീളം അധ്യാപകർ പ്ലസ് ടു കെമിസ്ട്രി പരീക്ഷാ മൂല്യനിർണയ ക്യാംപ് ഇന്നലെയും ബഹിഷ്‌കരിച്ചു.
അധ്യാപകർ മൂല്യനിർണയത്തിന് സഹകരിക്കുമെന്ന് തൈക്കാട് എൽ.പി സ്‌കൂളിൽവച്ച് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു. അതിനു തൊട്ടുപിന്നാലെ തൈക്കാട് ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകർ ക്യാംപ് ബഹിഷ്‌കരിച്ച് പുറത്തിറങ്ങി. തിരുവനന്തപുരം ആറ്റിങ്ങലിലും അധ്യാപകർ ക്യാംപ് ബഹിഷ്‌കരിച്ചു. വയനാട്ടിലെ ഏക ക്യാംപിലും ഇതേ അവസ്ഥയായിരുന്നു.
കോഴിക്കോട്, എറണാകുളം, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിലും മൂല്യനിർണയ ക്യാംപുകൾ തടസപ്പെട്ടു.വിദഗ്ധരും അധ്യാപകരും ചേർന്ന് തയാറാക്കുന്ന ഫൈനലൈസേഷൻ സ്‌കീമിനെ ആശ്രയിച്ചാണ് ഹയർസെക്കൻഡറി മൂല്യനിർണയം സാധാരണ നടത്താറുള്ളത്. എന്നാൽ അത് അവഗണിച്ച് ചോദ്യകർത്താവു തന്നെ തയാറാക്കിയ ഉത്തര സൂചികയെ ആശ്രയിക്കാൻ വകുപ്പ് നിർദേശം നൽകിയതാണ് പ്രതിഷേധത്തിന് കാരണം. മാർക്ക് വാരിക്കോരി നൽകുന്ന തരത്തിൽ ഫൈനലൈസേഷൻ സ്‌കീം തയാറാക്കിയെന്ന് ചൂണ്ടിക്കാട്ടി പന്ത്രണ്ട് അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടിസും നൽകിയതോടെയാണ് പ്രതിഷേധം ശക്തമായത്.ഉത്തരസൂചികയിലെ പിഴവുകൾ വിദ്യാർഥികൾക്ക് മാർക്ക് നഷ്ടപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപകരുടെ പ്രതിഷേധം. ഇത്തവണ കെമിസ്ട്രി പരീക്ഷ ബുദ്ധിമുട്ടേറിയതാണെന്ന് പരാതികളുയർന്നിരുന്നു. അതിനാൽ വിദ്യാർഥികൾക്ക് അർഹതപ്പെട്ട മാർക്ക് കിട്ടുന്ന തരത്തിലുള്ള ഫൈനലൈസേഷൻ സ്‌കീം ഉപയോഗിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."