ശബരിമല വിമാനത്താവളം: സാമൂഹികാഘാത പഠനം തുടങ്ങി
പത്തനംതിട്ട: നിർദിഷ്ട ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട് വീടുകളുടെയും നിർമിതികളുടെയും വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായാണ് നടപടി. സർവേ നമ്പർ പ്രസിദ്ധീകരിച്ച സ്വകാര്യ ഭൂമികളിലാണ് പഠനം ആരംഭിച്ചത്.
തിരുവനന്തപുരം ആസ്ഥാനമായ സെന്റർ ഫോർ മാനേജ്മെന്റ് എന്ന സ്ഥാപനമാണ് പഠനം നടത്തുന്നത്. ഇതിനായി അഞ്ച് ജീവനക്കാർ എരുമേലിയിൽ ക്യാമ്പ് ചെയ്താണ് വിവരങ്ങൾ ശേഖരിക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് നടപടികൾ പുരോഗമിക്കുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 1039.876 ഹെക്ടർ ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റിൽ ഏറ്റെടുക്കാൻ നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുള്ളത്.
റവന്യൂ വകുപ്പ് കൈമാറിയ രേഖകളുടെ അടിസ്ഥാനത്തിലാണ് വീടുകളും സ്ഥലങ്ങളും കണ്ടെത്തുന്നത്. എസ്റ്റേറ്റിന് പുറത്ത് 370 ഏക്കർ സ്വകാര്യ ഭൂമി വിമാനത്താവള നിർമാണത്തിനായി ഏറ്റെടുക്കുന്നുണ്ട്. ഏറ്റെടുക്കുന്ന സ്വകാര്യ വസ്തുക്കളുടെ സർവേ നമ്പറുകളും സർക്കാർ പുറത്തുവിട്ടിരുന്നു. ഈ സ്വകാര്യ ഭൂമിയിലാണ് ഇപ്പോൾ സാമൂഹിതാഘാത പഠനം ആരംഭിച്ചിട്ടുള്ളത്.
ജൂൺ വരെയാണ് സാമൂഹികാഘാത പഠനം നടത്തുന്നതിന് സർക്കാർ സമയം അനുവദിച്ചിരിക്കുന്നത്. വീട്, സ്ഥലം, തൊഴിൽ, കൃഷി തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുക, സ്ഥലം സംബന്ധിച്ച റവന്യൂ രേഖകൾ വിശദമായ പരിശോധന നടത്തുക തുടങ്ങിയവയാണ് സാമൂഹികാഘാത പഠനത്തിനുവേണ്ടി ഇവർ നടത്തുന്നത്. സ്ഥലം വിട്ടുനൽകുന്നത് സംബന്ധിച്ച് കുടുംബാംഗങ്ങളുടെ ആശങ്ക, അഭിപ്രായം എന്നിവയും ആവശ്യപ്പെടുന്ന നഷ്ടപരിഹാരം എന്നിവയും ഇവർ രേഖപ്പെടുത്തും സ്ഥലം വിട്ടുനൽകിയാൽ കുടുംബത്തിനുണ്ടാകുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും രേഖപ്പെടുത്തും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."