പേടിക്കാത്ത കവിത
തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളായിട്ടും പാർലമെൻ്റ് അഗം ആയിരുന്നിട്ടും ദേശീയ രാഷ്ട്രീയത്തിൽ അത്രയൊന്നും ഉയർന്നു കേൾക്കാത്ത പേരായിരുന്നു കൽവകുന്ദ്‌ല കവിതയുടേത്. കനിമൊഴി കരുണാനിധിയെപ്പോലെ സാഹിത്യമെഴുത്തില്ല. ശരത് പവാറിന്റെ മകൾ സുപ്രിയ സുലെയെപ്പോലെ ചർച്ചകളിൽ നിറഞ്ഞു നിൽക്കില്ല. എന്നാൽ, 2006ലെ തെലുങ്കാന സംസ്ഥാനത്തിനായുണ്ടായ പ്രക്ഷോഭം മുതൽ തെലുങ്കാന രാഷ്ട്രീയത്തിൽ സുപ്രധാനമാണ് കവിതയുടെ സ്ഥാനം. ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ കവിത അറിയപ്പെട്ടു തുടങ്ങിയിരിക്കുന്നത് ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഇ.ഡി ചോദ്യം ചെയ്തതോടെയാണ്. അഴിമതിയും രാഷ്ട്രീയ ലോകവും തമ്മിലുള്ള ബന്ധം ആഴമേറിയതും സങ്കീർണവുമാണ്. ഏതെല്ലാം കവലകളിലാണ് അത് പരസ്പരം സന്ധിക്കുന്നതെന്ന് സാധാരണക്കാരുടെ കണ്ണുകൾ കൊണ്ട് കാണാനാകില്ല.
അഴിമതിക്കെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ച് അധികാരത്തിലേറിയ മോദി സർക്കാർ തൊട്ടു പിന്നാലെ അദാനിയുമായി ബന്ധപ്പെട്ട് അവർക്കു മുന്നിലുയർന്ന ഏറ്റവും വലിയ അഴിമതികളിലൊന്നിനോട് കണ്ണടയ്ക്കുക മാത്രമല്ല, അതുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊരുങ്ങിയ ഉദ്യോഗസ്ഥരെ വേട്ടയാടുക കൂടിയാണ് ചെയ്തത്. ഹിൻഡൻബർഗ് റിപ്പോർട്ടിൽ ഈ ബാന്ധവം വീണ്ടും കണ്ടു. അതുകൊണ്ട് തന്നെ മദ്യനയവുമായി ബന്ധപ്പെട്ട കവിതയ്‌ക്കെതിരായ ഇ.ഡി ആരോപണത്തെ തൽക്കാലം മുഖവിലയ്‌ക്കെടുക്കാതെ മാറ്റിവയ്ക്കാം. തെലുങ്കാന പിടിക്കാനുള്ള ബി.ജെ.പി നീക്കത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ വേട്ടയാടലിന്റെ ഇരയാണ് താനെന്ന വാദത്തെയും കണക്കിൽ ചേർക്കാതിരിക്കാം.
എന്തായിരുന്നാലും പാർലമെന്റിൽ സ്ത്രീ സംവരണം വേണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം മുതൽ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള കേന്ദ്ര സർക്കാരിന്റെ വേട്ടയാടലിനെതിരായ ചെറുത്തു നിൽപ്പുമെല്ലാമായി ദേശീയ രാഷ്ട്രീയ ചർച്ചകളിൽ കവിതയുടെ പേരുണ്ട്. പിതാവ് ചന്ദ്രശേഖർ റാവുവാണെന്നത് മാറ്റി നിർത്തിയാൽ അത്ര രാഷ്ട്രീയ പാരമ്പര്യമുള്ള ജീവിതമൊന്നുമായിരുന്നില്ല കവിതയുടേത്. ഹൈദരാബാദിലെ വി.എൻ.ആർ വിജ്ഞാന ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയിൽ നിന്ന് ബി.ടെക്കും സൗതേൺ മിസിസിപ്പി സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ശേഷം അമേരിക്കയിൽ കംപ്യൂട്ടർ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു കവിത.
2003ൽ യു.എസിലെ വ്യവസായി ദേവനപ്പള്ളി അനിൽകുമാറിനെ വിവാഹം കഴിക്കുകയും യു.എസിൽ തന്നെ കഴിയാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ, 2006ൽ തിരിച്ചുവന്നു. ആന്ധ്രവിഭജനമെന്ന ആവശ്യത്തിൽ ചന്ദ്രശേഖർ റാവു രാഷ്ട്രീയ ഭാവി കാണുകയും കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ച് ഡൽഹിയിലും ഹൈദരാബാദിലും പ്രക്ഷോഭം ആരംഭിക്കുകയും ചെയ്ത കാലമായിരുന്നു അത്. പ്രക്ഷോഭത്തിൽ ചന്ദ്രശേഖർ റാവുവിനൊപ്പം നിന്നു കവിത. ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്ത് ജനങ്ങളോട് സംസാരിച്ച കവിത തെലുങ്കാന സംസ്ഥാനമെന്ന ആശയത്തിന് ജനപിന്തുണ നേടിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. മറുവശത്ത് ഗ്രാമങ്ങളിലെ ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും അടിസ്ഥാന സൗകര്യമില്ലായ്മയുമെല്ലാം കവിതയുടെ സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറ്റി. കവിത പിന്നീട് യു.എസിലേക്ക് പോയില്ല.
2014ൽ തെലുങ്കാന സംസ്ഥാനം നിലവിൽ വന്നു. പിന്നാലെ വന്ന തെരഞ്ഞെടുപ്പിൽ ചന്ദ്രശേഖർ റാവുവിന്റെ തെലുങ്കാന രാഷ്ട്രീയ സമിതി സംസ്ഥാന ഭരണം പിടിച്ചതിന് പിന്നാലെ അതേ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിസാമാബാദ് മണ്ഡലത്തിൽ നിന്ന് 1,64,184 വോട്ടിന്റെ ഭൂരിപക്ഷത്തിന് കവിത ആദ്യമായി ലോക്‌സഭയിലെത്തി. എന്നാൽ, 2019ലെ തെരഞ്ഞെടുപ്പിൽ ഇതെ മണ്ഡലത്തിൽ നിന്ന് കവിത 70,875 വോട്ടിന് അരവിന്ദ് ധർമപുരിയോട് തോറ്റു. 2020ൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്ന ആർ. ഭൂപതി റെഡ്ഡിയെ അയോഗ്യനാക്കിയതിനെ തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് കൗൺസിലംഗമായി. 2021 ഡിസംബറിൽ വീണ്ടും കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
നിലവിൽ തെലുങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നിട്ടും ഡൽഹിയിലാണ് കവിതയുള്ളത്. നരേന്ദ്ര മോദി അധികാരത്തിലെത്തിയാൽ മോദി ഇന്ത്യയെ ഭീതിയിലാഴ്ത്തുമെന്നും നാട്ടുകാർ ഭീരുക്കളാകുമെന്നും 2013ൽ പറഞ്ഞത് കന്നഡ എഴുത്തുകാരൻ യു.ആർ അനന്തമൂർത്തിയാണ്. മൂർത്തി അന്ന് നൽകിയ മുന്നറിയിപ്പ് യാഥാർഥ്യമായെന്ന് സമകാലിക ഇന്ത്യ പറയുന്നുണ്ട്. പേടിക്കാതിരിക്കുകയെന്നതാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ചെറുത്തു നിൽപ്പിന്റെ ആദ്യപടി. നരേന്ദ്ര മോദിയും അമിത്ഷായും നയിക്കുന്ന ബി.ജെ.പിക്ക് ഹൃദയമില്ല, തലച്ചോറാണുള്ളത്. അത്തരമൊരു പ്രസ്ഥാനവുമായി മുഖാമുഖം നിൽക്കുമ്പോൾ കാലിടറാതിരിക്കൽ പ്രധാനമാണ്.
ഇ.ഡിയെ വിട്ടുള്ള ബി.ജെ.പിയുടെ വിലകുറഞ്ഞ രാഷ്ട്രീയത്തെ തനിക്ക് പേടിയില്ലെന്നാണ് കവിത ആവർത്തിച്ചു പറയുന്നത്. ആരിലും പ്രതീക്ഷ വയ്ക്കുന്നത്ര നിരാശയിലാണ് രാജ്യത്തെ ജനാധിപത്യ സമൂഹമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."