കൗമിന്റെ കാവലാള്‍
ഫീച്ചര്‍ ഡെസ്ക് സുപ്രഭാതം
ചെന്നൈ നഗരത്തിന്റെ മധ്യഭാഗത്തായാണ് ട്രിപ്ലിക്കേന്‍ വാലാജാ ബിഗ് മോസ്ക്. ചെന്നൈ സെന്‍ട്രലില്‍നിന്നു മാറി നഗരഭരണത്തിന്റെ ചുക്കാന്‍പിടിക്കുന്ന ഗ്രേറ്റ് ചെന്നൈ കോര്‍പറേഷന്റെ ആസ്ഥാനംപോലും നഗരത്തിന്റെ നടുഭാഗത്തല്ലെന്നത് വസ്തുതയാണ്. എന്നാല്‍ ചെന്നൈ നഗരത്തെ മുഴുവനായും ഒരാള്‍ ഇപ്പോഴും വീക്ഷിക്കുന്നുണ്ട്. അത് ആ നഗരത്തിന്റെ നടുഭാഗത്തെ ചെറിയ തെരുവായ ട്രിപ്ലിക്കേനിലെ വാലാജാ ബിഗ് മോസ്കിന്റെ മുന്‍ഭാഗത്തെ ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയ മനുഷ്യനാണ്. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്!
സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഗവണ്മെന്റ് എസ്റ്റേറ്റ് മെട്രോയില്‍ കയറി അരമണിക്കൂര്‍ സഞ്ചരിച്ചാല്‍ ചരിത്രപ്രസിദ്ധമായ രാജാജി ഹാളിനു മുന്നിലെത്താം. അവിടെനിന്ന് ഡി വണ്‍ പൊലിസ് സ്റ്റേഷന് എതിര്‍ഭാഗത്തായി ചെന്നൈ കോര്‍പറേഷന്റെ നീല ബോര്‍ഡുണ്ട്. അതില്‍ തമിഴിലും ഇംഗ്ലിഷിലുമായി ‘ഖാഇദെ മില്ലത്ത് റോഡ് ’ എന്ന് കൊത്തിവച്ചിട്ടുണ്ട്. ട്രിപ്ലിക്കേനിലെ ആദം മാര്‍ക്കറ്റും ഹമീദിയ ബില്‍ഡിങ്ങും തത്സമയം മത്സ്യം വച്ചുവിളമ്പുന്ന തൊപ്പിവച്ച തെരുവിലെ തട്ടുകടക്കാരെയും പെട്രോമാസിന്റെ വെളിച്ചത്തില്‍ ചെന്നൈയിലെ ചെറിയ സമൂസ വില്‍ക്കുന്ന കടകളും കടന്ന് മുന്നോട്ടുപോയാല്‍ മുസ്ഹഫുകളും തസ്ബീഹ് മാലകളും പര്‍ദയും നിസ്കാരത്തൊപ്പിയും വില്‍ക്കുന്ന കടകളുടെ നീണ്ടനിര കാണാം. അവിടെനിന്ന് രണ്ടടി മുന്നോട്ട് വലിയൊരു ഗേറ്റ്. അതിന്റെ ചുവരില്‍ വാലാജാ ബിഗ് മോസ്ക് എന്ന് ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. അപ്പുറത്തെ കവാടവും കടന്നാല്‍ തുറസ്സായ സ്ഥലം. അവിടെ സന്ധ്യാനടത്തത്തിനിറങ്ങിയ പ്രായംചെന്ന മനുഷ്യനോട് ഖാഇദെ മില്ലത്തിന്റെ ഖബര്‍ എവിടെയാണെന്ന് ചോദിച്ചു. കൈ ചൂണ്ടി അതാ അവിടെയെന്ന് ഉത്തരം. ഉടനെയൊരു മറുചോദ്യവും. കേരളത്തില്‍ നിന്നാണോയെന്ന്. മഗ്രിബ് ബാങ്ക് വിളിക്കുന്ന സമയത്താണ് ഖബറിടത്തിലേക്കെത്തിയത്.
പള്ളിയിലേക്ക് കയറുന്ന ചവിട്ടുപടിക്ക് വലതു ഭാഗത്തായി സ്റ്റീല്‍ കമ്പികള്‍ കൊണ്ട് വേലിതിരിച്ച് പച്ചപ്പട്ട് പുതപ്പിച്ച ഖബറിനു മുകളില്‍ വെയിലേറ്റു വാടിപ്പോയ റോസാപുഷ്പങ്ങളുണ്ടായിരുന്നു. ജീവിതകാലത്ത് എപ്പോഴും ഇന്ന സ്വലാത്തീ വ നുസുകീ എന്ന് തുടങ്ങുന്ന സമര്‍പ്പണത്തിന്റെ സൂക്തം അദ്ദേഹം ഉരുവിട്ടുകൊണ്ടേയിരിക്കുമായിരുന്നുവത്രെ. ഖബറിടത്തില്‍ സ്ഥാപിച്ച കറുത്ത മാര്‍ബിള്‍ മീസാന്‍കല്ലില്‍ ബിസ്മിക്കു ശേഷം അറബിയില്‍ ഇങ്ങനെ കൊത്തിവച്ചിട്ടുണ്ട്: ‘എന്റെ ആരാധനകളും ജീവിതവും മരണവും ലോക രക്ഷിതാവായ അല്ലാഹുവിന് സമര്‍പ്പിച്ചിരിക്കുന്നു’. ദിശാബോധമുള്ള രാഷ്ട്രീയ നേതാവ്, നാടിനും സമുദായത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച സേവകന്, വിശുദ്ധ ജീവിതം നയിച്ച മാതൃകാ പുരുഷന്, ചരിത്രത്താളുകളില്‍ ഇടംപിടിച്ച ആ വലിയ നേതാവിന്റെ ഖബറിടത്തില്‍ ഈ വരികളെല്ലാതെ മറ്റെന്താണ് കൊത്തിവയ്ക്കുക.
* * * *
ലഖ്നൗവില്‍നിന്ന് തമിഴ്നാട്ടില്‍ മതപ്രബോധനത്തിനെത്തിയ ഹസ്റത്ത് ബഹീറുല് ഉലൂം അബ്ദുല്‍ അലി മുഹമ്മദ് ഖാദിരിയുടെ മഖ്ബറയില്‍നിന്ന് മഗ്രിബ് നിസ്കാര ശേഷം പള്ളിയിലെ ഖാദിം ബഷീര്‍ അഹ്മദ് ചന്ദനത്തിരി കത്തിച്ചുതുടങ്ങിയിരുന്നു. അതിന്റെ സുഗന്ധം അവിടമാകെ പരന്നു. നിരവധി മഹാന്മാരുടെ മഖ്ബറകളിലും മീസാന്‍കല്ലിന്റെ ഭാഗത്തെ ചിരട്ടയില്‍ ചന്ദനത്തിരി കത്തിച്ചെത്തിയ ഖാദിം, ഖാഇദെ മില്ലത്തിന്റെ ഖബറിനരികിലെ മണ്ണുനിറച്ച ചിരട്ടയിലും മൂന്ന് ചന്ദനത്തിരികള്‍ വച്ചു. തിരിച്ചു നടക്കാനൊരുങ്ങുന്നതിനിടെ ചോദിച്ചു; ഖാഇദെ മില്ലത്തിനെ കാണാന്‍ വന്നതാണോ എന്ന്. ഇവിടെ കുറെ മഖ്ബറകളുണ്ട്. പക്ഷേ, ഈ മഹാനെ കാണാന്‍ എവിടെ നിന്നൊക്കെയോ ആളുകള്‍ വരുന്നു.
ഇശാ ബാങ്ക് വിളിക്കാന്‍ ഇനിയും സമയം ബാക്കിയുണ്ട്. അതിനിടെയാണ് ബഷീര്‍ അഹ്മദ് മറ്റൊരു കാര്യം പറഞ്ഞത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായ ശേഷം കരുണാനിധിയും മകനും ഖാഇദെ മില്ലത്തിന്റെ ഖബര്‍ സന്ദര്‍ശിക്കാനെത്തിയിരുന്നു. അന്നെനിക്ക് തലൈവര്‍ കൈമടക്ക് തന്നു.
ദ്രാവിഡ പാര്‍ട്ടികള്‍ അവരുടെ ആചാര്യന്മാര്ക്കൊപ്പമാണ് അദ്ദേഹത്തെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഏതു ദ്രാവിഡ പാര്‍ട്ടി ഭരിച്ചാലും ട്രിപ്ലിക്കേന്‍ ബിഗ് മോസ്കിലെ ഖാഇദെ മില്ലത്തിന്റെ ഖബറിടത്തില്‍ മുഖ്യമന്ത്രി നേരിട്ടെത്തി ഓര്മപ്പൂക്കളര്പ്പിക്കും. തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ഒരു കാര്യം. ഖാഇദെ മില്ലത്തിന്റെ ഭൗതികദേഹം പൊതുദര്ശനത്തിനുവച്ചിരുന്നത് ചെന്നൈയിലെ ന്യൂമാന്‍ കോളജിലായിരുന്നു. അന്നു പ്രിയ സുഹൃത്തിന് ആദരാഞ്ജലിയര്‍പ്പിച്ച്, അലകടല്‍ പോലെ വന്ന ജനക്കൂട്ടത്തിനിടയിലൂടെ മടങ്ങുമ്പോള്‍ ദ്രാവിഡ രാഷ്ട്രീയാചാര്യന് പെരിയാര്‍ ഇ.വി രാമസാമി ഇങ്ങനെ പറഞ്ഞു: ‘ഖാഇദെ മില്ലത്തിന്റെ അനുയായികള്‍ സുകൃതം ചെയ്തവരാണ്. അദ്ദേഹം എല്ലാ അര്‍ഥത്തിലും മഹാനായ മനുഷ്യനായിരുന്നു’.
അണ്ണാദുരൈ, കരുണാനിധി എന്നിവരെല്ലാം അദ്ദേഹവുമായി ആത്മബന്ധമുള്ളവരായിരുന്നു. മരണം വരെ തമിഴ്രാഷ്ട്രീയത്തിന്റെ ഗതി നിര്ണയിച്ചിരുന്നവരില് പ്രമുഖനായിരുന്നു ഖാഇദെ മില്ലത്ത്. ഖാഇദെ മില്ലത്തും പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കറും തമ്മില്‍ നല്ല വ്യക്തിബന്ധം കാത്തുപോന്നിരുന്നതായി ചരിത്രരേഖകളില്‍ കാണാം. ആദ്യകാലത്ത് ഒരുമിച്ചായിരുന്ന ഇരുവരും. പിന്നീട് വ്യത്യസ്ത പ്രവര്‍ത്തന മേഖലയിലായിരുന്നിട്ടും കാണുകയും മണിക്കൂറുകള്‍ ദൈവവിശ്വാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സൗഹൃദപരമായി സംവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്യുമായിരുന്നുവെന്ന് ഖാഇദെ മില്ലത്തിന്റെ ജീവചരിത്ര ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. 1960കളുടെ അവസാനം ഡി.എം.കെയുടെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ ഭരണംപിടിച്ച രാഷ്ട്രീയസഖ്യത്തിന്റെ സൂത്രധാരകരിലൊരാള്‍ ഖാഇദെ മില്ലത്തായിരുന്നു.
* * * *
മിയാഖാന്‍ ബി.എ പാസായി നില്ക്കുന്ന സമയം. പിതാവ് ഇസ്മാഈല്‍ സാഹിബ് മദ്രാസ് നിയമസഭാ പ്രതിപക്ഷ നേതാവാണ്. തുടര്‍പഠനത്തിന് അപേക്ഷ അയച്ചതുപ്രകാരം എന്‍ജിനീയറിങ് കോളജില്‍ സീറ്റ് കിട്ടി. പഠനം തുടങ്ങി ആറുമാസം കഴിഞ്ഞു. ഇതിനിടയില്‍ നിയമസഭയില്‍നിന്ന് ഒരു മന്ത്രി വന്ന് മകന്റെ പഠനകാര്യം തിരക്കി. അക്കാര്യം മന്ത്രി എങ്ങനെ അറിഞ്ഞുവെന്നായി അദ്ദേഹം. ‘നിങ്ങളുടെ പുത്രനായതിനാല്‍ അഡ്മിഷനു പ്രത്യേകം പരിഗണിച്ചു’വെന്നു മന്ത്രിയും. മിയാഖാന്‍ സീറ്റ് കിട്ടിയത് തന്റെ മകന് എന്ന പരിഗണനയില്‍ ഒരു മന്ത്രിയുടെ ശുപാര്‍ശ വഴിയാണെന്നറിഞ്ഞ പിതാവ് ഉടന്‍ മകനോട് പറഞ്ഞു. ‘നാളെ മുതല്‍ നീ കോളജില്‍ പോകേണ്ട’. പിതാവിന്റെ അനുസരണയുള്ള പുത്രന് ആ ദിവസംതന്നെ എന്‍ജിനീയറിങ് പഠനം അവസാനിപ്പിച്ചു.
1962ലെ ചൈനക്കെതിരായ യുദ്ധത്തിലേക്ക് തന്റെ പുത്രന് മിയാഖാനെ പട്ടാളത്തിലേക്ക് ദാനം ചെയ്ത് അദ്ദേഹം പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റുവിന് എഴുതിയ കത്ത് പ്രസിദ്ധമാണ്. 1965ലെ ഇന്ത്യപാക് യുദ്ധവേളയില്‍ തന്റെ വരുമാനത്തില്‍നിന്ന് നല്ലൊരു തുക മാസം തോറും രാജ്യത്തിനു സംഭാവന ചെയ്തു, ഇസ്മാഈല്‍ സാഹിബ്.
ബാല്യംമുതല്‍തന്നെ കര്‍മനിരതമായിരുന്നു ആ ജീവിതം. ഹൈസ്കൂള്‍ പഠനകാലത്ത് തന്റെ നാട്ടില്‍ മുഹമ്മദ് ഇസ്മാഈലും സമപ്രായക്കാരും ചേര്‍ന്ന് മുസ്ലിം ബാല സംഘം എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചിരുന്നു. അന്നത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ആ ബാല്യങ്ങള്‍ ഇരുന്ന് ചര്‍ച്ച ചെയ്തതായി ചരിത്രരേഖകളില്‍ കാണാം. സ്ത്രീധന സമ്പ്രദായത്തെ ഇല്ലായ്മ ചെയ്യാന്‍ പ്രചാരണം നടത്തുക, വിധവാ പുനര്‍വിവാഹത്തെ പ്രോത്സാഹിപ്പിക്കുക, സ്വാതന്ത്ര്യസമര പോരാട്ടങ്ങളെക്കുറിച്ച് ഗ്രാമീണര്‍ക്ക് അവബോധം നല്‍കുക എന്നിവയൊക്കെയായിരുന്നു അവരുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ഒരിക്കല്‍ ഗ്രാമത്തില്‍ മധുരപലഹാരത്തിന്റെ അളവ് കുറഞ്ഞു എന്ന കാരണത്താല്‍ ഒരു വിവാഹം മുടങ്ങി. മുഹമ്മദ് ഇസ്മാഈലും ബാലസംഘത്തിലെ സഹപ്രവര്‍ത്തകരും വരനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. വിവാഹം നടത്താതെ പോവാന്‍ അനുവദിക്കില്ലെന്ന അവരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ വാശി ഉപേക്ഷിച്ചു വിവാഹം നടന്നു. കോളജ് വിദ്യാഭ്യാസത്തിന് മദ്രാസിലേക്കായിരുന്നു മുഹമ്മദ് ഇസ്മാഈല്‍ എത്തിയത്. എന്നാല്‍ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ഭാഗമായതിനാല്‍ ബിരുദപഠനം പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
* * * *
മുസ്ലിം സമുദായത്തിന്റെ സാമൂഹിക മുന്നേറ്റത്തിന്റെ ചാലകശക്തിയായിരുന്നു ഇസ്മാഈല്‍ സാഹിബ്. മദ്രാസിലെ ഗവണ്മെന്റ് മുഹമ്മദന്‍ കോളജിന്റെ പേര് ഗവണ്മെന്റ് കോളജ് എന്നാക്കിയപ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള ചില ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടു. ഇതേ തുടര്‍ന്ന് അത് പഴയതു പോലെ ആക്കാന്‍ അന്ന് മദ്രാസിലെ പ്രതിപക്ഷ നേതാവായിരുന്ന ഖാഇദെ മില്ലത്ത് പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേതുടര്‍ന്ന് അദ്ദേഹത്തിന്റെ പരിശ്രമഫലമായി മദ്രാസില്‍ ന്യൂ കോളജ്, തൃച്ചിയിലെ ജമാല്‍ മുഹമ്മദ് കോളജ്, കേരളത്തില്‍ ഫാറൂഖ് കോളജ് എന്നിവ ഉയര്‍ന്നു. ഇതുകഴിഞ്ഞും അദ്ദേഹത്തിന്റെ പരിശ്രമഫലമായി തമിഴ്നാട്ടില്‍ അഞ്ചോളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നു. ഈ സ്ഥാപനങ്ങള്‍ക്ക് വേണ്ടി പണം സ്വരൂപിക്കാന്‍ അദ്ദേഹം ബര്‍മ്മ അടക്കം വിവിധയിടങ്ങളിലേക്ക് യാത്ര ചെയ്തു. ഫറോക്കില്‍ ഒരു അറബിക് കോളജ് സ്ഥാപിക്കാന്‍ മാത്രമായിരുന്നു ആദ്യ ഉദ്ദേശ്യം. അപേക്ഷ കണ്ട ഇസ്മാഈല്‍ സാഹിബ് പറഞ്ഞു ‘അറബിക് കോളജല്ല, ഒരു ഫസ്റ്റ് ഗ്രേഡ് കോളജാണ് വേണ്ടത് ’. അതിനെവിടെയാണ് പണം എന്ന ചോദ്യം കേട്ടപ്പോള്‍ ഖാഇദെ മില്ലത്ത് കൊടുത്ത മറുപടി ചരിത്രമാണ്. ‘പണം ആദ്യം കണ്ടിട്ട് ഈ സമുദായം ഇതുവരെ ഒന്നിനും ഇറങ്ങിയിട്ടില്ല’ ആ നിശ്ചയദാര്‍ഢ്യമായിരുന്നു ഇസ്മാഈല്‍ സാഹിബ്.
മദിരാശിയിലെ ജമാല്‍ മുഹിയുദ്ദീന് കമ്പനിയില്‍ തോല്വ്യവസായികളായിരുന്നു ജമാല്‍ മുഹിയുദ്ദീനും മക്കളായ ജമാല്‍ മുഹമ്മദും മുഹമ്മദ് അബ്ദുല്ലയും. കമ്പനിയുടെ ലാഭത്തില്‍നിന്ന് ഒരു വിഹിതം ജമാല്‍ മുഹിയുദ്ദീന് സമുദായത്തിനു വേണ്ടി ചെലവഴിച്ചു. മദ്രാസ് മേഖലയില്‍ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ രൂപീകരണത്തിലും വളര്‍ച്ചയിലും ഈ കമ്പനിക്ക് നല്ലപങ്കുണ്ട്. കമ്പനിയുടെ വ്യാപാര കാര്യങ്ങള്‍ക്കു പുറമെ, ഇത്തരം സാംസ്കാരിക, മത, രാഷ്ട്രീയ ഇടപെടലുകളുടെയെല്ലാം പ്രധാന ചാലകശക്തി ഖാഇദെ മില്ലത്ത് ആയിരുന്നു.
ഇതിനിടയില്‍ ജമാല്‍ മുഹമ്മദ് സാഹിബിന്റെ സഹോദരന് മുഹമ്മദ് അബ്ദുല്ല സാഹിബിന്റെ മകള്‍, ജമാല്‍ ഹമീദ ബീവിയെ മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് 1923ല്‍ വിവാഹം ചെയ്തു.
മതപ്രഭാഷണങ്ങള്‍ക്കായി പ്രമുഖ പണ്ഡിതരെ അദ്ദേഹം മദ്രാസിലെത്തിച്ചു. രണ്ടാം ലോക മഹായുദ്ധത്തോടെ പ്രതിസന്ധിയിലായ കമ്പനി വ്യാപാരം അവസാനിപ്പിച്ചു, പിന്നീടാണ് ഇസ്മാഈല്‍ സാഹിബ് പൊതുരംഗത്ത് സജീവമാകുന്നത്. മദ്രാസ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റായ ഇസ്മാഈല്‍ സാഹിബ്, രാപകല്‍ ഭേദമന്യേ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായി. 1946ല്‍ മദ്രാസിലെ മുസ്ലിം സംവരണ സീറ്റില്‍ നിന്ന് എതിരില്ലാതെ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1947ല്‍ സ്വാതന്ത്ര്യലബ്ധിയോടൊപ്പം ദൗര്‍ഭാഗ്യകരമായ ഇന്ത്യാ വിഭജനവും നടന്നു. സര്‍വേന്ത്യാ മുസ്ലിം ലീഗ് അസ്തമിച്ചു. മുസ്ലിം ലീഗിന്റെ സമുന്നത നേതാക്കളെല്ലാം പാകിസ്താനിലേക്കു പോയി. അന്ന് മദ്രാസ് നിയമസഭയില്‍ ഖാഇദെ മില്ലത്ത് പ്രതിപക്ഷ നേതാവായിരുന്നു, ഒപ്പം ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണസഭയിലും അദ്ദേഹം അംഗമായിരുന്നു. മുസ്ലിം ലീഗിലെ പ്രമുഖരെല്ലാം പാകിസ്താനിലേക്ക് പോയി. മദിരാശിയിലും മലബാറിലും മാത്രം ലീഗ് ബാക്കിയായി. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ലീഗിന്റെ പ്രസക്തിയെക്കുറിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ നടന്നു. 1948 മാര്‍ച്ച് 10നു മദ്രാസ് രാജാജി ഹാളില്‍ ലീഗ് കൗണ്‍സില്‍ യോഗത്തില്‍ 51 പ്രതിനിധികള്‍ പങ്കെടുത്തു. ലീഗ് പ്രവര്‍ത്തനവുമായി മുന്നോട്ടുപോകണമെന്ന ഇസ്മാഈല്‍ സാഹിബിന്റെ വാദത്തെ 37 പേര് പിന്തുണച്ചു. അങ്ങനെ, ഇസ്മാഈല്‍ സാഹിബ് പ്രസിഡന്റായി ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് പിറന്നു.
തിരുനെല്‍വേലിയില്‍ സാധാരണ വസ്ത്ര വ്യാപാരി കുടുംബത്തില്‍ മിയാ കണ്ണ് റാവുത്തരുടെയും മുഹ്യുദ്ദീന്‍ ഫാത്തിമ ഉമ്മയുടെയും മകനായി 1896ല്‍ തിരുനെല്‍വേലി പേട്ടയിലാണ് മുഹമ്മദ് ഇസ്മാഈല്‍ ജനിച്ചത്. ധനികനായാണ് ജനനമെങ്കിലും മരണ സമയത്ത് തുര്‍ക്കിത്തൊപ്പിയും കണ്ണടയും ധരിച്ചിരുന്ന വസ്ത്രങ്ങളും ഒരു തസ്ബീഹ് മാലയും നിസ്കാരപ്പായയും മാത്രമേ അദ്ദേഹത്തിന്റേതായി ശേഷിച്ചിരുന്നുള്ളൂ.
* * * *
പാര്‍ലമെന്റ് അംഗമായിട്ടും അദ്ദേഹത്തിന്റെ വീട്ടില്‍ അതിഥികള്‍ക്ക് ഇരിക്കാന്‍ ഒരു കസേരപോലും ഉണ്ടായിരുന്നില്ല. ഒരിക്കല്‍ അസുഖബാധിതനായി വീട്ടില്‍ കഴിയുകയായിരുന്ന ഇസ്മാഈല്‍ സാഹിബിനെ കാണാനെത്തിയ കരുണാനിധിക്കും സംഘത്തിനും ഇരിക്കാന്‍ അടുത്ത വീടുകളില്‍നിന്ന് കസേര കൊണ്ടുവന്നിരുന്നതായി ചരിത്രരേഖകളില്‍ കാണാം. മൂന്ന് പതിറ്റാണ്ടിനടുത്ത് ഡല്‍ഹിയില്‍ ജീവിച്ചിട്ടും പത്നിയെ ഒരിക്കല്‍പോലും ഡല്‍ഹി കാണിക്കാന്‍ കൊണ്ടുപോയില്ല. ഹജ്ജ് യാത്രയില്‍ സര്‍ക്കാര്‍ പ്രതിനിധി എന്ന ആനുകൂല്യവും വേണ്ടെന്നുവച്ചു. പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ മുസ്ലിം ലീഗ് കാര്‍ അനുവദിച്ചപ്പോള്‍ അതും നിരസിച്ചു. തന്റെ മുറിയില്‍ വെല്‍വെറ്റ് വിരിച്ച കിടക്ക കണ്ടപ്പോള്‍ എന്റെ ഖബറില്‍ നിങ്ങള്‍ ഇത് കൊണ്ടുവയ്ക്കുമോ എന്നു പറഞ്ഞ് അദ്ദേഹം ദേഷ്യപ്പെട്ടത്രെ.
താന്‍ വീട്ടിലില്ലാത്ത സമയത്ത് തനിക്ക് അവകാശപ്പെട്ട റേഷന്‍ വാങ്ങരുത് എന്ന് അദ്ദേഹം വീട്ടുകാരെ വിലക്കിയിരുന്നു. ഒരിക്കല്‍ ടാക്സിയില്‍ യാത്ര ചെയ്തപ്പോള്‍ ഡ്രൈവര്‍ ഒരുരൂപ കുറച്ചു വാങ്ങി. ആ ഒരുരൂപ തന്റെ കൂടെയുള്ള അനുയായിയെ ഏല്‍പ്പിച്ച് അത് ദാനംചെയ്യാന് പറഞ്ഞു. അയാള്‍ ഒരു രൂപക്ക് ഈത്തപ്പഴം വാങ്ങി പള്ളിയില്‍ നോമ്പ് തുറക്കുന്നവര്‍ക്ക് വിതരണം ചെയ്തു!
പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ തന്റെ ആരാധനാ കര്‍മങ്ങള്‍ക്ക് ഭംഗംവരുന്നത് പറഞ്ഞുകൊണ്ട് ഇടക്കിടെ പൊട്ടിക്കരഞ്ഞിരുന്നു ആ മഹാമനീഷി. അദ്ദേഹത്തെ ഖാഇദെ മില്ലത്ത് (സമുദായത്തിന്റെ നേതാവ്) എന്നു വിശേഷിപ്പിച്ചത് വെല്ലൂര്‍ ബാഖിയാത്തിലെ വിഖ്യാത പണ്ഡിതനായിരുന്ന മൗലാന അമാനി ഹസ്രത്താണ്. 1972 ഏപ്രില്‍ നാലിനാണ് വലിയൊരു ജനതയെ അനാഥരാക്കി ആ മഹാന് വിടവാങ്ങിയത്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."