നാടുവിട്ട കവിയുടെ ഓര്മ പ്രദേശങ്ങളിലെ അലച്ചില്‍
പുസ്തകപ്പാത - 15
വി. മുസഫര്‍ അഹമ്മദ്
ജോര്‍ദാനി കവിയും നോവലിസ്റ്റുമായ അംജദ് നാസര്‍ 2019 ഒക്ടോബര്‍ 31ന് അന്തരിച്ചപ്പോള്‍ അറബ് സാംസ്കാരിക ലോകം ഇങ്ങനെ അഭിപ്രായപ്പെട്ടു: ഇടയന്റെ ഏകാന്തത എന്തെന്നറിഞ്ഞ അറബ് എഴുത്തുകാരന് വിസ്മൃതിയിലായി: അംജദ് നാസറിനെ സംബന്ധിച്ച് ഏകാന്തത കേവല സാഹിത്യ വിഷയമായിരുന്നില്ല. അത് ജീവിതാവസ്ഥ തന്നെയായിരുന്നു. നാടുവിട്ട ഒരാള്‍ നിരവധി ഓര്മപ്രദേശങ്ങളിലൂടെ അലയുമ്പോള്‍ അനിവാര്യ വിധിയായി കടന്നുവരുന്ന ഏകാന്തതയുടെ പെരുംകടലാണ് ആ കവിതകള്‍ നമുക്കു കാണിച്ചു തരുന്നത്. അദ്ദേഹത്തിന്റെ അവസാന നോവല്‍ ‘ലാന്റ് ഓഫ് നോ റെയിന്് ’ ഏകാന്തതയെ മഴത്തുള്ളികളില്‍ സ്വാംശീകരിച്ച രചനയാണ്. പ്രവാസത്തിലെ ഏകാന്തത അംജദ് നാസര്‍ അനുഭവിച്ചതാണ് അദ്ദേഹത്തിന്റെ സാഹിത്യത്തിന്റെ ഉള്ളടക്കം. അദ്ദേഹത്തിന്റെ ‘Shepherd of osliutde ’ (പ്രസാധനം: ബനിപല്‍, ലണ്ടന്‍) എന്ന കവിതാ സമാഹാരം ഇക്കാര്യം വായനക്കാരെ അനുഭവിപ്പിക്കുന്നു.
ജലം കൊണ്ട് നിര്‍മിച്ച എല്ലുകളെക്കുറിച്ചുള്ള സങ്കല്പം അംജദ് നാസര്‍ അദ്ദേഹത്തിന്റെ ഒരു കവിതയില്‍ വായനക്കാരുമായി പങ്കുവെക്കുന്നുണ്ട്. സുതാര്യമായ മനുഷ്യാവസ്ഥകളെക്കുറിച്ച് വിവരിക്കാനാണ് ആ രൂപകത്തെ കവി ഉപയോഗിക്കുന്നത്. എന്നാല്‍ വിവരിക്കാനാകാത്ത മനുഷ്യാവസ്ഥകളുടെ ഉള്ള് തുരന്ന് നോക്കാനായി അദ്ദേഹം ഇടയന്റെ ഏകാന്തത എന്ന സങ്കല്പം മറു ഭാഗത്ത് ഉപയോഗിക്കുന്നു. സുതാര്യവും അതാര്യവുമായ മനുഷ്യാവസ്ഥകളുടേയും പ്രകൃതിയുടേയും വിഭിന്ന മുഖങ്ങള്‍ തിരിച്ചറിയാനാണ് ഏതു വലിയ കവിയെപ്പോലും അംജദ് നാസറും ശ്രമിക്കുന്നത്. ഇടയന്റെ ഏകാന്തത നാടു വിട്ട് മറുനാട്ടില്‍ അലയേണ്ടിവരുന്ന മനുഷ്യരുടെ ജന്മത്തെ വിശദമാക്കാനായി ഈ കവി പ്രയോജനപ്പെടുത്തുന്നു.
കാല് നൂറ്റാണ്ട് കാലത്തിനിടെ (1979-2004) അംജദ് നാസര്‍ എഴുതിയ കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. 25 വര്‍ഷത്തിനിടെ അറബിയില്‍ എഴുതിയ ഏഴ് സമാഹാരങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത കവിതകളാണിവ. അറബിയില്‍നിന്ന് കവിതകള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നതില്‍ ലോക ശ്രദ്ധ പിടിച്ചു പറ്റിയ ലിബിയന്‍ കവി ഖാലിദ് മതാവയുടേതാണ് (വിഖ്യാത അറബ് കവി അഡോണിസിന്റെ കവിതകളുടെ ഇംഗ്ലീഷ് പരിഭാഷയും ഖാലിദ് മത്താവയുടേതാണ്) മൊഴിമാറ്റം. കവിതയുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ വായനക്കാരനെ സഹായിക്കുന്ന വിശദമായ ഒരാമുഖവും (പല തലങ്ങളുള്ള ഏകാന്തതകള്‍ എന്ന തലക്കെട്ടില്‍) വിവര്ത്തകന് പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.
ജോര്‍ദാനിലെ മഫ്റഖില്‍ 1955ല്‍ ജനിച്ച അംജദ് നാസര്‍ കൗമാരത്തില്‍ തന്റെ ഗ്രാമം വിട്ട് രാജ്യതലസ്ഥാനമായ അമ്മാനില്‍ എത്തുന്നു. പിന്നീട് ബെയ്റൂത്തിലേക്ക്. ആഭ്യന്തര യുദ്ധം ആ പ്രദേശത്തെ പിടിച്ചു കുലുക്കിക്കൊണ്ടിരുന്ന നാളുകളായിരുന്നു അത്. 1979-81 കാലത്ത്. ഈ സമയത്ത് കവിയുടെ രണ്ട് സമാഹാരങ്ങള്‍ അറബിയില്‍ പുറത്തു വരുന്നുണ്ട്.
1982ല്‍ ഇസ്റാഈലിന്റെ ബെയ്റൂത്ത് അധിനിവേശ കാലത്ത് അംജദ് നാസര്‍ അവിടം വിടുന്നു. പിന്നീട് ചില വര്‍ഷങ്ങള്‍ അദ്ദേഹം സൈപ്രസിലായിരുന്നു. 1987 മുതല്‍ ലണ്ടനില്‍ അല്‍ഖുദ്സ് അല്‍ അറബി പത്രത്തിലെ സാംസ്കാരിക വിഭാഗം എഡിറ്ററായി മരണം വരെ തുടര്‍ന്നു.
സ്വന്തം നാട്ടില്‍ നിന്നും പോയി മറ്റു പല നാടുകളില്‍ അലഞ്ഞതിന്റെ അടയാളങ്ങള്‍ അംജദ് നാസറിന്റെ എല്ലാ കവിതകളിലും കാണാം. ആവിഷ്കാരത്തില്‍ നിന്ന് അലച്ചിലിന്റെ രൂപകങ്ങള്‍, ഏകാന്തതയുടെ ആര്‍ക്കിടെക്ച്ചര്‍ തനിക്ക് ഒഴിവാക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ബദു താളവും യൂറോപ്യന്‍ ആധുനികതയും ഒന്നിക്കുന്ന സംഗമ കേന്ദ്രമാണ് അംജദ് നാസറിന്റെ കവിതകളെന്ന് നിരൂപകന് ആല്‍ഫ്രെഡ് കോണിന്റെ വിലയിരുത്തല്‍ ഈ കവിതകള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്.
യൂറോപ്യന്‍ നാഗരികതയോടും അതിന്റെ ശക്തിയോടും ഭൂതകാലം നല്കിയ ഊര്‍ജവുമായി പോരാടുന്ന കവി എന്നും അംജദ് നാസര്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്.
70തുകളില്‍ എഴുത്ത് തുടങ്ങിയ ഈ കവി തുടക്കത്തില്‍ ബിംബ പ്രാധാന്യമുള്ള രചനകള്‍ക്കാണ് പ്രാധാന്യം നല്‍കിയിരുന്നത്. പിന്നീട് ആവിഷ്കാരത്തിനായി പല മാതൃകങ്ങളും രൂപങ്ങളും ഉപയോഗിച്ചു. താളത്തിലും ഗദ്യത്തിലും എഴുതി. ഛന്ദസ്സിലും അതില്‍ നിന്ന് മുക്തമായ രൂപത്തിലും എഴുതി. ചിലപ്പോള്‍ ഞാന്‍ ഗദ്യകവി, പലപ്പോഴും പദ്യകവി എന്ന് തന്നെത്തന്നെ നിര്‍വ്വചിച്ചു. ഒരു കവിയും ഒരിടത്തിന്റേത് മാത്രമല്ലെന്നും പലയിടങ്ങളുടേതുമാണെന്ന് വാദിച്ചു. എങ്ങനെ എഴുതുമ്പോഴും ജന്മനാടിന്റെ പിന്‍വിളികള്‍ അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. ആ വികാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടിയേറ്റക്കാരോ, അഭയാര്‍ഥികളോ പ്രവാസികളോ ആയി കഴിയാന്‍ വിധിക്കപ്പെട്ടവരുടെ ജീവിതത്തെ കവിതയിലേക്ക് പകര്‍ത്താന്‍ അദ്ദേഹത്തെ പ്രചോദിപ്പിച്ചു. അതിനാല്‍ നാടു വിട്ടവരുടെ കവിയാണ് അദ്ദേഹം.
മരുഭൂമിയില്‍ നിന്നും
കടലില്‍ നിന്നും വരുന്ന
പറവകള്ക്കിരിക്കാന്
നെഞ്ചില്‍ നിര്‍മിച്ച കൂട് കാണൂ.
പറവകള്‍ അവിടെ തൂവലുകള്‍
കൊഴിക്കും
വീണ്ടും പറക്കും
അത് കഴിഞ്ഞ് ഞാന്‍ നിശ്വസിക്കും
അപ്പോള്‍ ജീവിതം മണക്കുന്ന
പുക പുറത്തു വരും.
പിന്നീട് ഞാന്‍ പൂര്‍ണമായും
നിശ്ശബ്ദനാകും.
അംജദ് നാസറിന്റെ കവിതയിലെ ആശയ ലോകം ‘മണം’ എന്ന ഈ കവിതയില്‍നിന്ന് വായനക്കാരന് പകര്‍ന്ന് കിട്ടും. പ്രവാസം എന്ന സങ്കല്പം തന്നെ ഒരാളുടെ ദേശമായി എങ്ങനെ പരിണമിക്കുന്നു എന്നും അംജദ് നാസറിന്റെ വിശാലമായ കാവ്യ ലോകം പരിശോധിക്കുകയും പഠിക്കുകയും ചെയ്യുന്നു. നാടു വിട്ട് കഴിയുന്നവരില്‍ ഓര്‍മകളും സാംസ്കാരിക സ്വത്വങ്ങളും എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം തന്റെ രചനകളിലൂടെ വിശദമാക്കുന്നുണ്ട്.
നാടുവിട്ടവനെ/നാടുവിട്ടവളെ സംബന്ധിച്ച് ഭൂതകാലം പ്രധാനമായ ഒന്നാണ്. എന്നാല്‍ അയഥാര്ഥ്യമാണെന്ന് തോന്നിക്കും മട്ടിലാണ് പ്രവാസിയുടെ വര്‍ത്തമാന കാല ജീവിതത്തില്‍ ഭൂതകാലം പ്രവര്‍ത്തിക്കുന്നത്.
ഇക്കാര്യം മുത്തച്ഛന് എന്ന കവിതയില്‍ അംജദ് നാസര്‍ അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്-
ഈ വയസ്സന് മരിക്കാന്‍
വിസമ്മതിക്കുന്നു,
വയസ്സന്റെ കൂട്ടുകാരെല്ലാം
തങ്ങളുടെ വിശാലമായ കുഴിമാടങ്ങളില്‍
സ്വസ്ഥമായി
ചുമച്ചുകൊണ്ടിരിക്കുകയാണെങ്കിലും.
അയാളുടെ പേരക്കുട്ടികള്‍
കാറ്റ്, യുദ്ധം, വെള്ളപ്പൊക്കം
എന്നിവയെ അതിജീവിച്ചിരിക്കുന്നു
എന്നിട്ടും വൃദ്ധന് മരിക്കാന്‍ മടിക്കുന്നു.
ഈ കവിതയില്‍ പരാമര്‍ശിക്കുന്ന വൃദ്ധന് നാടുവിട്ട് പോന്നവന്റെ ഭൂതകാലം തന്നെയെന്ന കാര്യത്തില്‍ സംശയമില്ല. നാടുവിടാന്‍ ഇടയാക്കിയ ഭൂതകാലത്തെ ഇല്ലാതാക്കാന്‍ ഓരോരുത്തരും ആഗ്രഹിക്കുന്നുവെങ്കിലും അത് കൂടുതല്‍ ശക്തി പ്രാപിച്ച് ഉയിര്‍ത്തെഴുന്നേറ്റു വരികയാണ്. പ്രവാസിയുടെ ഏറ്റവും വലിയ പ്രശ്നമാണ് ഈ കവിതയില്‍ അംജദ് നാസര്‍ ആവിഷ്കരിക്കുന്നത്. ഭൂതകാലം ഗൃഹാതുരതകളല്ല മറക്കാനാഗ്രഹിക്കുന്ന കടുത്ത വിഷാദത്തേയാണ് ഉല്പ്പാദിക്കുന്നതെന്ന് കവി പറയുന്നു. അല്ലെങ്കില്‍ ഗൃഹാതുരത പോലും വേദനയുടേയും മറവിയുടേയും പര്യായമാണെന്ന് അംജദ് നാസര്‍ തന്റെ രചനകളിലൂടെ സ്ഥാപിക്കുന്നു.
‘ഒരിക്കല്‍ ഒരു ദ്വീപില്‍’ എന്ന കവിതയില്‍
എന്റെ സുവര്‍ണ സമയമൊക്കെയും
രക്തകമ്മിയാല് വിളര്‍ച്ച ബാധിച്ച
കിടക്കയില്‍ ഉറങ്ങി തീര്‍ന്നു
എന്നാണ് കവി പറയുന്നത്. ജന്മനാടിന്റെ നഷ്ടം തികട്ടി വരുന്ന വരികളാണിവ.
ഇടയനും ഏകാന്തയും ഈ കവിതകളില്‍ ഇടക്കിടെ ആവര്‍ത്തിക്കുന്ന പ്രമേയങ്ങളാണ്. മരുഭൂമിയുടെ അതി ദീര്‍ഘമായ ക്ലേശ ദൂരങ്ങള്‍ ആടുകളുമായും ഒട്ടകങ്ങളുമായും നടന്നു തീര്‍ക്കുന്ന, ഇടയന് നടന്നു നീങ്ങുന്ന ഏകാന്തതയുടെ പെരുമ്പാതയെ കവി പ്രവാസികളുടെ ദേശമായി അടയാളപ്പെടുത്തിയിരിക്കുന്നു. സഹിക്കാന്‍ കഴിയാത്ത ഏകാന്തതയാണ് നാടുവിടുന്നവനുള്ള കൂട്ടെന്ന് വിവിധ കവിതകളിലായി അംജദ് നാസര്‍ പറയുന്നുണ്ട്. അത് ശക്തമായി അവതരിപ്പിക്കാന്‍ അദ്ദേഹം ഇടയന്റെ ഏകാതന്തത എന്ന സങ്കല്പത്തെ ഉപയോഗിക്കുന്നു. ഏകാന്തതയുടെ ഇടയന് എന്ന കവിതയില്‍ നാടുവിട്ടവന് ഏകാന്തതയെ മേച്ചു നടക്കുന്നവനാണെന്നാണ് പറയുന്നത്. ആടുകളും മാടുകളും ഒട്ടകങ്ങളുമല്ല ഇടയന് കിട്ടുന്നത്. ഏകാന്തതയെയാണ്. വിവിധ ഭാവത്തിലുള്ള ഏകാന്തതകള്‍ മാത്രം കൂട്ടാവുന്ന ജീവിതമാണ് കവി ഇവിടെ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത്.
ഇരുട്ടിലൂടെ പായുന്ന കുതിരകളും അംജദ് നാസറിന്റെ കവിതകളില്‍ ആവര്‍ത്തിക്കപ്പെടുന്ന ബിംബമാണ്. ആ കുതിരകള്‍ വെളിച്ചം തേടിയാണ് പായുന്നതെന്ന തോന്നല്‍ പെട്ടെന്ന് വായനക്കാരനില്‍ ഉടലെടുക്കാം. എന്നാല്‍ ഈ കുതിരകള്‍ ഒരിക്കലും വെളിച്ചത്തിലേക്കടുക്കുന്നില്ല. ഇരുട്ടില്‍നിന്ന് ഇരുട്ടിലേക്ക്, രാത്രിയില്‍ നിന്ന് രാത്രിയിലേക്ക് മാത്രം യാത്ര പോകുന്ന വെളുത്ത കുതിരകളേയാണ് അംജദ് നാസറിന്റെ കവിതകളില്‍ നമുക്ക് കാണാന്‍ കഴിയുക.
ഇരുട്ടും ഏകാന്തയും ഒരു പോലെ മല്‍സരിക്കുന്ന വീഥിയിലൂടെ നടന്നു പോകാന്‍ വിധിക്കപ്പെട്ട സ്വരാജ്യ ഭ്രഷ്ടരാണ് ഈ കവിയുടെ രചനകളിലെങ്ങും ജീവിക്കുന്നത്. ഇരുട്ടിലും ഏകാന്തതയിലുമാണ് അവര്‍ക്ക് കഴിയേണ്ടി വരുന്നത്. വെളിച്ചത്തിന്റെ സൗന്ദര്യം നിറഞ്ഞ ലോകം അവരെ ഒരിക്കലും അനുഗ്രഹിക്കുന്നില്ല.
പക്ഷേ ഹതാശമായ ലോകത്ത് ചെവികളുള്ള വിത്തുകളെ കവി കാണുന്നു. മാതള നാരങ്ങയുടെ വിത്തുകള്‍ക്ക് ചെവികളുണ്ടെന്നും സ്വരാജ്യ ഭ്രഷ്ടര്ക്ക് സാംസാരിക്കാന്‍ പറ്റിയ ഏറ്റവും നല്ല കൂട്ടുകാര്‍ ചെവികളുള്ള വിത്തുകളാണെന്നും അംജദ് നാസര്‍ സ്ഥാപിക്കുന്നു.
വീട്ടില്‍ കൊണ്ടു പോയി കാണിക്കൂ
ഇപ്പോള്‍ മാത്രം ഉറക്കത്തില്‍
നിന്നും ഉണര്‍ന്നത്
കിരീടത്തില്‍ മഞ്ഞുപുരണ്ട
മാതള നാരങ്ങയുടെ വിത്ത്
അതിന്റെ ചെവിയെ തഴുകൂ
ഒളിമാടത്തിന് പുറത്ത് കൊണ്ടു വന്ന്
അതിനെ കാണൂ
പ്രഭാത മഞ്ഞ് പുരട്ടി
അതിനെ പൊതിഞ്ഞെടുക്കൂ
ചെവികളില്‍ രഹസ്യമായി
നിങ്ങളുടെ പരസ്യങ്ങള്‍ പറയൂ
എന്ന് ഒരു കവിതയില്‍ അദ്ദേഹം തന്റെ സമീപനം വിശദമാക്കുന്നു. ചെവികളുള്ള വിത്തുകള്‍ എന്നത് പ്രതീക്ഷയുടെ രൂപകമായി കാണാം. അതോടൊപ്പം ആ ചെവികള്‍ ബധിര കര്ണങ്ങളാണെന്നും വരാം. കവിയെ സംബന്ധിച്ച് വിത്തുകള്‍ വഹിച്ചു പോകുന്ന മനുഷ്യ ശബ്ദങ്ങളിലാണ് ഭാവിയുടെ പ്രതീക്ഷ മുഴുവനുമായും അടക്കം ചെയ്യപ്പെട്ടിരിക്കുന്നത്.
പ്രവാസിയുടെ ധ്യാനമാണ് ഈ പുസ്തകത്തിലെ കവിതകളെന്ന് വിവര്ത്തകന് ആമുഖക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ധ്യാനം അദ്ദേഹത്തിന് ശാന്തിയല്ല നല്‍കുന്നത്.
എനിക്ക് എന്റെ ശരീരത്തില്‍
നിന്നിറങ്ങി നടക്കണം
യുദ്ധത്തിന്റേയും സമാധാനത്തിന്റേയും
കുപ്പായങ്ങള്‍ ഊരി എറിയണം
എതിരിടുന്ന ബോധത്തിന്റെ
പൊടി പടലങ്ങള്‍ തുടച്ചുനീക്കണം
എനിക്ക് ഏകനായി നടക്കണം
എല്ലാ വാതിലുകളും എനിക്കു
പിറകിലായി അടച്ച് താഴിടണം
എന്ന വരികളിലൂടെ കടന്നു പോകുമ്പോള്‍ അശാന്തിയുടെ കടലാഴമാണ് വായനക്കാരനെ നേരിടുന്നത്. ശാന്തി തേടുമ്പോഴെല്ലാം ലഭിക്കുന്ന അശാന്തിയാണ് ലോകമെങ്ങുമുള്ള പ്രവാസിയുടെ പ്രശ്നം. തഴുതിട്ടടക്കുന്ന ഓരോ വാതിലുകളും നാടുവിട്ടവനെ പുതിയ പുതിയ പ്രശ്നങ്ങളിലേക്കെത്തിക്കുന്നു. അംജദ് നാസറിന്റെ കവിതകളില്‍ ഒരിക്കലും തീരാത്ത അത്തരം പ്രശ്നങ്ങളെക്കുറിച്ചുള്ള നിരന്തരമായ ഓര്‍മിപ്പിക്കലാണ് പൊള്ളലായി പടരുന്നത്. അസഹനീയമായ ഏകാന്തതയിലും ഇരുട്ടിലും ഇടയന് തന്റെ ആടിനെ തിന്നുന്ന നരിയോട് തന്നെക്കൂടി തിന്നാത്തതെന്ത് എന്ന് ചോദിക്കുന്ന ഒരു കവിതയുണ്ട്. ആ ചോദ്യമുണര്‍ത്തുന്ന വേദന അസഹനീയമാണ്.
അതോടൊപ്പം തനിക്ക് പിന്നില്‍ അടയുന്ന വാതിലുകള്‍ നിരന്തരമായി നാടുകള്‍ വിട്ട് സഞ്ചരിക്കുന്നതിന് അന്ത്യമുണ്ടാക്കുമെന്ന പ്രത്യാശയും കവിക്ക് നല്‍കുന്നുണ്ട്. പക്ഷെ ഈ പ്രത്യാശ തീര്‍ത്തും ദുര്‍ബലമാണെന്ന് അദ്ദേഹത്തിന് അറിയാമെങ്കിലും.
കടന്നു വന്ന ഓരോ നാടിനെക്കുറിച്ചുള്ള ഓര്‍മകളും ഈ കവിതകളില്‍ തുടിച്ചു നില്ക്കുന്നു. അതോടൊപ്പം ഇനിയും ജീവിക്കാന്‍ നിരവധി നാടുകളിലൂടെ അലയേണ്ടി വരുമോ എന്ന ഭീതിയും നില നില്ക്കുന്നു. ഇതിനിടയില്‍ ജന്മനാടിനെക്കുറിച്ചുള്ള വികാര സാന്ദ്രമായ ഓര്‍മകളും കവിയുടെ ബോധത്തിലും വികാരത്തിലും യുക്തിയിലും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
ഓര്മപ്രദേശങ്ങളില് അലയാന്‍ വിധിക്കപ്പെട്ടവനാണ് പ്രവാസിയെന്ന ആശയം ഈ കവിതകളില്‍ കാണാം. ഓര്മപ്രദേശം തന്നെയാണ് നാടുവിട്ടവന്റെ നാട് എന്നും ഈ കവിതകള്‍ അര്‍ഥ ശങ്കക്കിടമില്ലാത്ത വിധം സ്ഥാപിക്കുന്നു.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."