വഡോദര മുതല്‍ പട്ടേല്‍ പ്രതിമ വരെ
യാത്ര
ഷാഫി കോട്ടയില്‍
സായാജി പാര്‍ക്കിലേക്കാണ് പോകേണ്ടത്. വഡോദര റെയില്‍വേ സ്റ്റേഷന് മുന്നിലെ റോഡ് മുറിച്ചുകടന്ന് യൂനിവേഴ്സിറ്റി കാംപസിന് മുന്നിലെത്തിയപ്പോള്‍ ബറോഡ യൂനിിവേഴ്സിറ്റി ഒന്നു ചുറ്റിക്കണ്ടാലോ എന്നൊരു ചിന്ത. 1881ല്‍ സ്ഥാപിതമായ ബറോഡ കോളേജ് പടിപടിയായി വളര്‍ന്ന് 1949ല്‍ യൂനിവേഴ്സിറ്റിയായി മാറിയതാണ്. ആ ചരിത്ര സ്മാരകം അകത്തുകയറി ചുറ്റിക്കാണുകയായിരുന്നു ലക്ഷ്യം. പക്ഷേ പാറാവുകാര്‍ ഗേറ്റില്‍ തടഞ്ഞു. കൊവിഡ് മഹാമാരിയുടെ ഭീഷണി തീര്‍ത്തും വിട്ടൊഴിയാത്തതായിരുന്നു കാരണം.
പുത്തരിയിലെ കല്ലുകടി കാര്യമാക്കാതെ ഞങ്ങള്‍ സയാജിപാര്ക്കിലേക്ക് നടന്നു. രാവിലെയും വൈകുന്നേരവും 5 മണി മുതല്‍ 10 മണിവരെ സായാജിബാഗ്(കാമാതി ബാഗ്) പൊതുജനങ്ങള്‍ക്കായി തുറന്നിടും. പ്രഭാതത്തിലും പ്രദോഷത്തിലുമുള്ള നടത്തത്തിനും വ്യായാമമുറകള്‍ നടത്തുന്നതിനും വേണ്ടിയാണത്. പാര്‍ക്കിനകത്തെ നടപ്പാതയിലൂടെ കുറെ ദൂരം നടന്നു. വ്യായാമത്തിനായി സ്ഥാപിച്ച ഉപകരണങ്ങളില്‍ കയറി കുറച്ചു അഭ്യാസമുറകളും നടത്തി. കുറെ കിതപ്പും വിയര്‍പ്പും പുറന്തള്ളിയതുതന്നെ മെച്ചം. അപ്പോഴാണ് തദ്ദേശിയരായ മുഹമ്മദ് സലീമും ഹാഷിം ഹക്കീമും ചിരിച്ചുകൊണ്ടു ഞങ്ങളെ സമീപിച്ചത്. കേരളത്തില്‍ നിന്നെത്തിയ അധ്യാപകരാണ് എന്നറിഞ്ഞപ്പോള്‍ അവര്‍ക്കു വലിയകാര്യം. പാര്‍ക്കിലെ ടോയ് ട്രെയിനില്‍ കയറി സായാജി ബാഗ് ഒന്നു ചുറ്റിക്കറങ്ങണമെന്നും 50 കി.മീ അകലെയുള്ള ചമ്പനീര്‍ ആര്‍ക്കിയോള ജിക്കല് പാര്‍ക്ക് കാണണമെന്നും അവരാണ് പറഞ്ഞത്.
ഞങ്ങള്‍ ടോയ് ട്രെയിനില്‍ കയറി ഒന്നു കറങ്ങി. നൂറ് ഏക്കറിലധികം വിസ്തൃതിയുള്ള സായാജി ബാഗ് 1879ല്‍ ബറോഡയിലെ മഹാരാജ സായാജിറാവു ഗെയ്ക് വാദ് ആണ് നിര്‍മിച്ചത്. മനോഹരമായ ആ ഉദ്യാനത്തില്‍ നൂറോളം ഇനങ്ങളിലുള്ള വൃക്ഷങ്ങളും നിരവധി ചെറുസസ്യങ്ങളും പുഷ്പങ്ങളുമുണ്ട്. പുല്‍ത്തകിടിയില്‍ സ്ഥാപിച്ചിരിക്കുന്ന പുഷ്പഘടികാരം ആരുടെയും ശ്രദ്ധ ആകര്‍ഷിക്കും. അതിന്റെ ഡയലും സൂചികളും പുല്‍ത്തകിടിക്കു മുകളിലും യന്ത്രഭാഗം പുല്‍ത്തകിടിക്കു താഴെയുമാണ് ഘടിപ്പിച്ചിരിക്കുന്നത്. ബറോഡ മ്യൂസിയവും മൃഗശാലയും പ്ലാനിറ്റോറിയവും ഒക്കെ സ്ഥിതിചെയ്യുന്നതും സായാജിബാഗിലാണ്.
ഇന്തോസാര്സെനിക് വാസ്തു ശില്പമാതൃകയിലുള്ള മ്യൂസിയകെട്ടിടം തന്നെ ഒരു കാഴ്ചയാണ്. കല, ശില്പം, നരവംശശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ വലിയ ശേഖരം തന്നെ അതിനകത്തുണ്ട്. ചിത്രകാരന്മാരായ ജെ.എം. ഡബ്ള്യൂ ടര്‍ണര്‍, ജോണ്‍ കോണ്‍സ്റ്റബിള്‍, രാജാ രവിവര്‍മ തുടങ്ങിയവരുടെ പെയ്ന്റിങ്ങുകളും അഞ്ചാംനൂറ്റാണ്ടിലെ പ്രശസ്ത അകോട്ട വെങ്കലങ്ങളും മുഗള്‍ മിനിയേച്ചറുകളുമുണ്ട്. ടിബറ്റന്‍ കലയുടെ പൂര്‍ണ്ണമായ ഒരു ഗാലറി വേറെയും. ഈജിപ്തില്‍നിന്നു കൊണ്ടുവന്ന മമ്മിയും നീലത്തിമിംഗലക്കുഞ്ഞിന്റെ അസ്ഥികൂടവും ആരിലും വിസ്മയം ജനിപ്പിക്കും. സ്റ്റഫ്ചെയ്ത പക്ഷിമൃഗാദികളുടെ അതിസമ്പന്നമായ ശേഖരമാണ് എടുത്തുപറയേണ്ട മറ്റൊരു കാഴ്ച.
മ്യൂസിയത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ സമയം നട്ടുച്ച കഴിഞ്ഞു. വിശപ്പും കത്തിത്തുടങ്ങി. ഇനിയുള്ള കാഴ്ചകള്‍ ഓരോ ഗുജറാത്തി താലി കഴിച്ചിട്ടു പോരേ? സിദ്ദീഖ്മാഷിന്റെ ചോദ്യത്തിന് അതുമതി എന്ന് എല്ലാവരും പറഞ്ഞത് ഓര്‍മയുണ്ട്. പിന്നെ ചെന്നുകയറിയത് വഡോദരയിലെ സെന്‍ട്രല്‍ ബസ് സ്റ്റാന്റിനടുത്തുള്ള ഒരു റസ്റ്റോറന്ഡിലാണ്. മേശപ്പുറത്ത് ആദ്യം എത്തിയത് പച്ചക്കറികളുടെ വിവിധ രുചിക്കൂട്ടുകള്‍. ഒപ്പം ജീരകം ചേര്‍ത്ത ഒരു ഗ്ലാസ് മോരും! അതുകഴിഞ്ഞു റൊട്ടികളുടെ വരവായി. അവ ആവശ്യത്തിനു തിന്നുകഴിഞ്ഞപ്പോള്‍ പിന്നാലെ ബസുമതിച്ചോറ്! മത്സ്യ മാംസാദികള്‍ ലവലേശമില്ലെങ്കിലും ചെറു തളികകളില്‍ നിരത്തിയ വിഭവങ്ങള്‍ ഒന്നിനൊന്നു കിടു. അക്കൂട്ടത്തില്‍ ഒരു അടിപൊളി മധുര പലഹാരവും ഉണ്ടായിരുന്നു. ഗുജറാത്തി താലിയുടെ ഈ രുചിപ്പെരുമ അറിയാന്‍ 150 രൂപയാണ് ചെലവ്. താലിയിലെ വിഭവങ്ങള്‍ ഒന്നുപോലും പാഴാക്കാതെ ഉണ്ണുന്നവര്‍ക്ക് 10 രൂപ ഡിസ്കൗണ്ടുമുണ്ട്. അക്കാര്യം ഡൈനിംങ് ടേബിളില്‍ വലുതായി എഴുതി പ്രദര്ശിപ്പിപ്പിച്ചിട്ടുമുണ്ട്.
കെവിദിയേലേക്ക്
ചമ്പാനേര്‍ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക് കണ്ടു മടങ്ങുമ്പോഴാണ് വഡോദരയിലെ ബസ്സ് സ്റ്റേഷനില്‍ ഇറങ്ങി കെവേദിയയിലേക്കുള്ള ബസ്സ്ടിക്കറ്റ് ബുക്ക് ചെയ്തത്. വഡോദരയില്‍ നിന്നു കെവേദിയയിലെ പട്ടേല്പ്രതിമയിലേക്ക് 86 കി.മീ ദൂരമുണ്ട്. രാവിലെ എട്ടിന് പുറപ്പെട്ട ബസ്സ് കെവേദിയയിലെ സ്റ്റാച്യൂ കവാടത്തിന് മുന്നില്‍ എത്തുമ്പോള്‍ സമയം രാവിലെ 10 മണി. ടിക്കറ്റ് കൗണ്ടറില്‍ നീണ്ട ക്യൂ. ടിക്കറ്റ് എടുത്തവര്ക്കുമുണ്ട് മറ്റൊരു ക്യൂ. ഞങ്ങള്‍ പട്ടേല്‍പ്രതിമ കാണാനുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനായി നേരത്തെ എടുത്തുവെച്ചിരുന്നതിനാല്‍ ആദ്യ ക്യൂ ഒഴിവായി കിട്ടി. രണ്ടാമത്തെ ക്യൂവില്‍ അണിചേര്‍ന്നു മുന്നോട്ട് നീങ്ങി. ചെന്നെത്തിയത് ഒരു ബസ്സ്റ്റേഷനിലേക്ക്. അവിടെനിന്ന് പട്ടേല്‍ പ്രതിമ കാണാനുള്ള ബസ്സില്‍ കയറി നര്‍മദ നദിയിലെ സാധു ബേഠ് ദ്വീപിലെത്തി. ബസ്സില്‍ നിന്നിറങ്ങി ആദ്യം നോക്കിയതു തന്നെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയിലേക്കാണ്. പിച്ചളകൊണ്ടു പൊതിഞ്ഞ പ്രതിമക്ക് ഗുജറാത്ത് നിയമ സഭാ സീറ്റുകളുടെ എണ്ണത്തിനനുസരിച്ച് 182 മീറ്ററാണ് ഉയരം. നിര്‍മാണച്ചെലവ് 3000 കോടിയോളം രൂപയും! വിഖ്യാത ശില്പി റാം വി.സുതറാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. ഐക്യഭാരതത്തിന്റെ നിര്‍മാണത്തിന് മുഖ്യപങ്കു വഹിച്ച പട്ടേലിന്റെ ഉരുക്ക് പ്രതിമക്ക് യൂണിറ്റി ഓഫ് സ്റ്റാച്യു എന്നു പേരു നല്‍കിയത് ഉചിതമായി. 2013 ഒക്ടോബര്‍ 31ന് പണി തുടങ്ങുകയും 2018 ഒക്ടോബോര്‍ 31 ന് രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തതോടെ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയും അതായി മാറി.
ഏകതാ പ്രതിമയില്‍ നിന്നു കഷ്ടിച്ചു മൂന്നര കി.മീ.അകലെയാണ് നര്‍മദയിലെ സര്‍ദാര്‍ സരോവര്‍ ഡാം. മറ്റൊരു ബസില്‍ കയറി ഞങ്ങള്‍ അവിടെയും എത്തി. നട്ടുച്ചയ്ക്കുപോലും കോടമഞ്ഞിന്റെ നേര്‍ത്ത വിരിക്കുള്ളിലായിരുന്നു ഡാമും പരിസരവും. ഉദ്യാനങ്ങള്‍, കഫ്ത്തീരിയകള്, പട്ടേലിന്റെ ജീവിതകഥ പറയുന്ന മ്യൂസിയം അങ്ങനെ കാഴ്ചകള്‍ ഒരുപാടുണ്ട്. പ്രതിദിനം ആയിരക്കണക്കിന് സന്ദര്‍ശകര്‍ പട്ടേല്‍ പ്രതിമ കാണാന്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. പക്ഷേ ഒരിക്കല്‍ വന്നവര്‍ വീണ്ടും പ്രതിമ കാണാന്‍ എത്തുമോ എന്ന ചോദ്യം പ്രസക്തമാണ്. പ്രതിമ സ്ഥിതിചെയ്യുന്നത് ഒരു ഗ്രാമപ്രദേശത്താണെന്നതും സമീപ നഗരങ്ങളായ അഹമദാബാദിലേക്കും വഡോദരയിലേക്കും നൂറിലേറെയും കി.മീ ദൂരമുണ്ടെന്നതാണ് മുഖ്യപ്രശ്നം.
ഉച്ചയ്ക്കു മുമ്പ് കാഴ്ചകള്‍ പൂര്‍ത്തിയാക്കി കെവേദ ബസ്സ്റ്റാന്റിലേക്ക് നടന്നു. വഴി ചോദിച്ചപ്പോഴൊക്കെ ഇതാ, ഇവിടെ അടുത്തുതന്നെ എന്നു പറഞ്ഞു തദ്ദേശീയര്‍ ഞങ്ങളെ കുറേ നടത്തിച്ചു. ബസ്സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാകട്ടെ വഡോദരയിലേക്കുള്ള ബസ്സുമില്ല. കുറെനേരം കാത്തുനിന്നശേഷമാണ് ഒരു ബസ്സ് വന്നത്. വൈകുന്നേരം നാലു മണിക്കു മുമ്പ് വഡോദരയില്‍ എത്തിയതിനാല്‍ ഇന്നലെ ബാക്കിവെച്ച ലക്ഷ്മീവിലാസ് പാലസ് കാണാനും കഴിഞ്ഞു.
ലക്ഷ്മി വിലാസ് പാലസ്
ലണ്ടനിലെ ബക്കിങ് ഹാം കൊട്ടാരത്തിന്റെ നാലിരട്ടി വലിപ്പമുള്ള ഒരു സ്വകാര്യ വസതിയാണ് ലക്ഷ്മി വിലാസ്പാലസ് .170 മുറികളുള്ള ലക്ഷ്മി വിലാസ് പാലസ് 1890 ല്‍ സായാജി റാവു ഗെയ്ക് വാദാണ് നിര്‍മിച്ചു. ഇന്ത്യ വിക്ടോറിയ ശൈലിയില്‍ പണിതആ വസതിക്ക് അന്നു രണ്ടു ലക്ഷത്തോളം പൗണ്ട് ചെലവായി. മേജര്‍ ചാള്‍സ് മാ ന്റും, റോബര്‍ട് കിസ്കോളും ആണ് മുഖ്യ ശില്പികള്.എലിവേറ്റര്‍, വൈദ്യുതി, ടെലി ഫോണ്‍ എന്നിവയെല്ലാം അന്നേ ആ പാലസിലുണ്ട്. രാജാരവിവര്‍മ ചിത്രകല അഭ്യസി ക്കാന്‍ ബറോഡയില്‍ ചെന്നപ്പോള്‍ താമസിച്ചിരുന്നതും ആ കൊട്ടാരത്തിലാണ്. കഷ്ടിച്ച് ഒരു മണിക്കൂര്‍ നേരമേ ഞങ്ങള്‍ ലക്ഷ്മീ പാലസില്‍ നിന്നുള്ളൂ.അഞ്ചു മണിയായപ്പോള്‍ ഖണ്ഡാറാവു മാര്‍ക്കറ്റിലേക്ക് പുറപ്പെട്ടു. വഡോദരയില്‍ എത്തുന്നവര്‍ ഖണ്ഡാറാവു മാര്‍ക്കറ്റില്‍ പോകാതെ മടങ്ങരുതെന്നാണ് പറയാറ്. സുര്‍സാഗര്‍ തടാകത്തിന് സമീപമാണ് ഖണ്ഡാറാവു മാര്‍ക്കറ്റ്. യൂറോപ്യന്‍, ഇസ്ലാമിക,് മറാത്ത, ജൈന വാസ്തുവിദ്യകളുടെ സമന്വയമാണ് ആ മാര്‍ക്കറ്റ് കെട്ടിടം. കെട്ടിടത്തിന്റെ മധ്യഭാഗത്ത് ഒരു ക്ലോക്ക് ടവറും രണ്ടു താഴികക്കുടങ്ങളും തലയുയര്‍ത്തി നില്ക്കു ന്നത് ഗംഭീര കാഴ്ചയാണ്.അസ്തമയ സൂര്യന് ചെങ്കതിരുകള്‍ വലിച്ചുമാറ്റി മറവിലേ ക്കു നീങ്ങിത്തുടങ്ങിയപ്പോള്‍ വഡോദരയിലെ സമ്മോഹന കാഴ്ചകള്‍ക്ക് തിരശ്ശില വീഴ്ത്തിഞങ്ങളും ഹോട്ടലിലേക്ക് മടങ്ങി.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."