ഡല്‍ഹി മദ്യനയ കേസ്: ഒമ്പതു മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം കവിതക്ക് വീണ്ടും സമന്‍സ്; മാര്‍ച്ച് 16ന് ഹാജരാകണം
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയില്‍ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ.കവിതക്ക് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് നോട്ടിസ്. ശനിയാഴ്ച ഇ.ഡി ആസ്ഥാനത്ത് 9 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമാണ് ഇഡി വീണ്ടും നോട്ടിസ് അയച്ചിരിക്കുന്നത്. മാര്‍ച്ച് 16 വ്യാവാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. കേസില്‍ നേരത്തെ അറസ്റ്റിലായ അരുണ്‍ രാമചന്ദ്രപിള്ളയുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ ചോദ്യം ചെയ്യല്‍.
കേസില്‍ അറസ്റ്റിലായ അരുണ്‍ രാമചന്ദ്രപിള്ളയ്ക്കൊപ്പമിരുത്തി കവിതയെ ചോദ്യം ചെയ്തുവെന്നാണ് ലഭ്യമാകുന്ന വിവരം. കവിതയുടെ സാമ്പത്തികവും വ്യക്തിപരവുമായ വിവരങ്ങള്‍ ഇ.ഡി. ശേഖരിച്ചു. ചോദ്യം ചെയ്യലിനിടെ കവിതയുടെ മൊബൈല്‍ ഫോണ്‍ ഇഡി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥന് വീട്ടില്‍ നിന്നും ഫോണ്‍ എത്തിക്കുകയായിരുന്നു.
അഴിമതി നടന്നുവെന്ന് ആരോപിക്കുന്ന സമയത്ത് കവിത ഉപയോഗിച്ചിരുന്ന ഫോണ്‍ നശിപ്പിക്കപ്പെട്ടതിനെക്കുറിച്ചും ഇ.ഡി. ചോദിച്ചെന്നാണ് റിപ്പോര്‍ട്ട്.
ചോദ്യം ചെയ്യലിന് ശേഷം ഇഡി ഓഫിസ് വിട്ട് തെലങ്കാന മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയ കവിതയെ പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും ചേര്‍ന്ന് സ്വീകരിച്ചു. ബി.ജെ.പിക്ക് ചെയ്യാനുള്ളത് ചെയ്യട്ടെ. നമ്മള് പിന്മാറില്ല. പ്രവര്‍ത്തകരോട് അവര്‍ പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഈ കേസില്‍ സിബിഐയും കവിതയെ ചോദ്യം ചെയ്തിരുന്നു . മുതിര്‍ന്ന എഎപി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയും ഇതേ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."