സമരോജ്ജ്വലമായ ഇന്നലെകളുടെ പെണ്‍യൗവനം
കേരള രാഷ്ട്രീയത്തിനൊപ്പം തുടക്കം മുതല്‍ സഞ്ചരിച്ച സമരതീക്ഷ്ണമായൊരു ധന്യജീവിതത്തിനാണ് ഇന്നലെ തിരശ്ശീല വീണത്. ഒരു നൂറ്റാണ്ടുകാലത്തെ വിപ്ലവകേരളചരിത്രത്തിന്റെ പാഠപുസ്തകം കൂടിയായിരുന്നു കെ.ആര്‍ ഗൗരിയമ്മയുടെ തുല്യതകളില്ലാത്ത രാഷ്ട്രീയ ജീവിതം. കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിന് വലിയൊരു ശൂന്യത തന്നെയാണ് അവരുടെ വേര്‍പാട് സൃഷ്ടിക്കുന്നത്.
കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രി, ഏറ്റവുമധികം കാലം എം.എല്‍.എയും മന്ത്രിയുമായ വനിത, തിരുവിതാംകൂറിലെ ആദ്യ അഭിഭാഷക തുടങ്ങി ഏറെ വിശേഷണങ്ങള്‍ക്ക് അര്‍ഹയാണ് ഗൗരിയമ്മയെങ്കിലും നിസ്വവര്‍ഗത്തിനു വേണ്ടിയുള്ള നിരന്തര പോരാട്ടം തന്നെയാണ് കേരള ചരിത്രത്തില്‍ അവരെ ഏറെ തിളക്കത്തോടെ അടയാളപ്പെടുത്തുന്നത്. അല്ലലറിയാതെ ജീവിക്കാവുന്ന കുടുംബ ചുറ്റുപാടുകളും മികച്ചൊരു തൊഴിലുമൊക്കെയുള്ളൊരു അവസ്ഥയില്‍നിന്നാണ് അവര്‍ കമ്യൂണിസ്റ്റുകാര്‍ക്ക് ജയിലും മര്‍ദനങ്ങളുമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ലാതിരുന്നൊരു കാലത്ത് ആ രാഷ്ട്രീയധാരയുടെ ഭാഗമായി വര്‍ഗസമരത്തിന്റെ ഉഷ്ണമേഖലയിലേക്ക് എടുത്തുചാടിയത്. പിന്നീടിങ്ങോട്ട് ഇന്നലെ വരെയുള്ള അവരുടെ ജീവിതം കേരള ചരിത്രത്തിലെ തിളക്കമാര്‍ന്ന ഏടുകളാണ്.
കഠിനമായ രാഷ്ട്രീയ വഴികള്‍ താണ്ടിയതുകൊണ്ടാവാം, കാര്‍ക്കശ്യമേറിയൊരു അമ്മമനസായിരുന്ന ഗൗരിയമ്മയുടേത്. കേരളത്തിന്റെ അധഃസ്ഥിത മക്കള്‍ക്കൊപ്പമാണ് രാഷ്ട്രീയജീവിതത്തിലുടനീളം ആ മനസ് സഞ്ചരിച്ചത്. കേരളത്തിന്റെ ചരിത്രഗതി മാറ്റിമറിച്ച ഭൂപരിഷ്‌കരണത്തില്‍ അക്കാലത്തെ ചില കമ്യൂണിസ്റ്റ് നേതാക്കള്‍ക്കൊപ്പം ഏറെ സുപ്രധാനമായൊരു പങ്കാണ് മന്ത്രി എന്ന നിലയിലും രാഷ്ട്രീയപ്രവര്‍ത്തക എന്ന നിയിലും അവര്‍ വഹിച്ചത്. 1957 മുതല്‍ 1970കള്‍ വരെ നീണ്ടുനിന്ന ഭൂപരിഷ്‌കരണ നടപടികള്‍ പൂര്‍ണലക്ഷ്യം കാണാതെ, മണ്ണില്‍ പണിയെടുക്കുന്ന മണ്ണിന്റെ യഥാര്‍ഥ അവകാശികള്‍ക്ക് കൃഷിഭൂമി കിട്ടാതെ വരമ്പത്തു നിന്നവര്‍ക്ക് അതു കിട്ടുന്ന അവസ്ഥ സൃഷ്ടിച്ചെങ്കിലും കേരളത്തില്‍ ഔപചാരിക ജന്മിത്വത്തിന് അന്ത്യം കുറിച്ച ആ നടപടികള്‍ ഗൗരിയമ്മയുടെ പേരിനോടു ചേര്‍ത്തായിരിക്കും കേരള ചരിത്രത്തില്‍ വായിക്കപ്പെടുക.
നിയമസഭാ സാമാജികയെന്ന നിലയില്‍ ദരിദ്ര ജനവിഭാഗങ്ങള്‍ക്കു വേണ്ടി ഗൗരിയമ്മ നടത്തിയ പോരാട്ടങ്ങള്‍ക്ക് ഐക്യകേരളത്തെക്കാളും പഴക്കമുണ്ട്. പ്രസവമെടുക്കുന്ന, പേറ്റിച്ചികള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മിഡ് വൈഫുമാര്‍ക്ക് ജീവിക്കാനാവശ്യമായ പരിഗണന ലഭിക്കാന്‍ വേണ്ടി തിരു- കൊച്ചി നിയമസഭയില്‍ അവര്‍ നടത്തിയ ഇടപെടല്‍ ചരിത്രത്തിന്റെ ഭാഗമാണ്. നാട്ടില്‍ കോളറയും വസൂരിയുമൊക്കെ പടര്‍ന്നുപിടിച്ചിരുന്ന അക്കാലത്ത് അതേ സഭയില്‍ തന്നെ അവര്‍ വച്ച നിര്‍ദേശങ്ങള്‍ ഈ കൊവിഡ് സാഹചര്യത്തില്‍ വായിക്കുന്നവര്‍ അത്ഭുതപ്പെടും. രോഗവ്യാപനം തടയാന്‍ ആളുകളെ വീട്ടില്‍ തന്നെയിരുത്തി അവര്‍ക്ക് ഭക്ഷണത്തിനാവശ്യമായ വക എത്തിച്ചുകൊടുക്കുക എന്നതായിരുന്നു ആ നിര്‍ദേശം. ഒരുതരത്തില്‍ ഇന്ന് നടപ്പാക്കുന്ന ലോക്ക്ഡൗണ്‍ തന്നെ. വൈദ്യശാസ്ത്രം ഇത്രയൊന്നും വികസിക്കാത്ത അക്കാലത്ത് വൈദ്യശാസ്ത്രം ഔപചാരികമായി പഠിച്ചിട്ടില്ലാത്തൊരു രാഷ്ട്രീയപ്രവര്‍ത്തകയില്‍ നിന്നാണ് അതു വന്നത്. ജനങ്ങള്‍ക്കിടയില്‍ ജീവിച്ചൊരു ക്രാന്തദര്‍ശിയായ മനുഷ്യസ്‌നേഹിയുടെ പ്രായോഗിക അറിവായിയുന്നു അത്.
സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട് ഗൗരിയമ്മ ജെ.എസ്.എസ് രൂപീകരിച്ച ശേഷം ആദ്യമായി നിയമസഭയിലേക്കു മത്സരിച്ചു ജയിച്ച 1996ല്‍ അധികാരത്തില്‍ വന്നത് ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരാണ്. ആ സര്‍ക്കാര്‍ കൊണ്ടുവന്ന ആദിവാസി ഭൂനിയമ ഭേദഗതി ആദിവാസി വിരുദ്ധമാണെന്ന ആരോപണം പരക്കെ ഉയര്‍ന്നിരുന്നു. ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത സമ്പന്ന കുടിയേറ്റ ഭൂവുടമകളുടെ താല്‍പര്യം സംരക്ഷിക്കുന്ന ആ ബില്ലിനെ സഭയില്‍ ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷമായിരുന്ന യു.ഡി.എഫും പിന്തുണച്ചപ്പോള്‍ അതിനെതിരായി സഭയിലുയര്‍ന്ന ഒരേയൊരു സ്വരം ഗൗരിയമ്മയുടേതായിരുന്നു.
അധഃസ്ഥിത ജനവിഭാഗത്തിനുള്ള നീതിയോടും രാഷ്ട്രീയത്തിലെ കര്‍മവിശുദ്ധിയോടും വിട്ടുവീഴ്ചയില്ലാത്തതും തീര്‍ത്തും കര്‍ക്കശവുമായ നിലപാടായിരുന്നു ഭരണാധികാരിയായിരുന്ന ഘട്ടത്തിലടക്കം അവര്‍ എന്നും സ്വീകരിച്ചിരുന്നത്. ഒത്തുതീര്‍പ്പുകള്‍ നിറഞ്ഞ അധികാരരാഷ്ട്രീയത്തിന്റെ കണ്ണില്‍ നല്ലൊരു ഗുണമായിരുന്നില്ല അത്. ജീവനുതുല്യം സ്‌നേഹിച്ച് കുടുംബജീവിതം പോലും ഉപേക്ഷിച്ച് ചേര്‍ന്നുനിന്ന പാര്‍ട്ടിക്ക് അവര്‍ പിന്നീട് അനഭിമതയായതിനു പ്രധാന കാരണവും അതായിരുന്നു.
1987ലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ തന്നെ മുദ്രാവാക്യങ്ങളിലൂടെ ഗൗരിയമ്മ നയിക്കുമെന്ന് പാര്‍ട്ടി ജനങ്ങള്‍ക്കു സൂചന നല്‍കുകയും അധികാരം കിട്ടിയപ്പോല്‍ അവഗണിക്കുകയും ചെയ്തതും അവര്‍ക്കു പാര്‍ട്ടിയോടുള്ള അകല്‍ച്ചയ്ക്കു കാരണമായി. തുടര്‍ന്നുണ്ടായ അഭിപ്രായഭിന്നതകളില്‍ അവരെ ഒതുക്കാനാണ് പാര്‍ട്ടി നേതൃത്വം ശ്രമിച്ചത്. എന്നാല്‍ ഏകശിലാഘടനയുള്ളൊരു പാര്‍ട്ടിക്ക് അടിയറവു പറയുന്നതായിരുന്നില്ല ഗൗരിയമ്മയുടെ വ്യക്തിത്വം. അതുകൊണ്ടുതന്നെ അവര്‍ നേതൃത്വത്തോടു കലഹിച്ചു. അതിനൊടുവിലാണ് അവര്‍ പാര്‍ട്ടിക്കു പുറത്തായത്.
എന്നാല്‍ ആ വീഴ്ചയില്‍ നിന്ന് അസാധാരണ ചങ്കൂറ്റത്തോടെയാണ് അവര്‍ ചാടിയെഴുന്നേറ്റ് മുന്നോട്ടു കുതിച്ച് സ്വന്തമായി ഒരു പാര്‍ട്ടിയെ നയിക്കുകയും മന്ത്രിയാകുകയുമൊക്കെ ചെയ്തത്. പിന്നീട് തെരഞ്ഞെടുപ്പില്‍ തിരിച്ചടികള്‍ നേരിട്ടെങ്കിലും അവര്‍ വിശ്രമിച്ചില്ല. ആരോഗ്യം അനുവദിച്ചിടത്തോളം കാലം ഗൗരിയമ്മയെന്ന പോരാളി പോരാട്ടം തുടര്‍ന്നു. അഴിമതിയുടെ ഒരു നിഴല്‍ പോലുമേല്‍ക്കാതെ അടിമുടി വിശുദ്ധമായിരുന്നു ആ രാഷ്ട്രീയജീവിതം.
കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തില്‍ നിന്ന് നന്മയുടെ ഏറെ വലിയൊരു ശിഖരമാണ് ഗൗരിയമ്മയുടെ വിയോഗത്തോടെ അടര്‍ന്നുവീണത്. പകരംവയ്ക്കാനില്ലാത്തൊരു പൊതുജീവിതം. കേരള രാഷ്ട്രീയത്തില്‍ ജീര്‍ണത നിറയുമ്പോള്‍ അതിനു പകരമായി ചൂണ്ടിക്കാണിക്കാന്‍ നമുക്കൊരു ഗൗരിയമ്മയുണ്ടായിരുന്നു. ഇനി അവരില്ലെന്ന യാഥാര്‍ഥ്യം കേരളത്തിന്റെ സാമൂഹ്യബോധത്തെ ചെറുതായൊന്നുമല്ല ഭയപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."