ജസിൻ ആളിക്കത്തിച്ചത് പിതാവ് കൊളുത്തിവച്ച കളിക്കമ്പത്തിൻ്റെ സ്പാർക്ക്
എൻ.സി ഷെരീഫ്
മഞ്ചേരി
കുഞ്ഞുനാളിൽ വല്യുമ്മയുടെ കൈവിരലിൽ തൂങ്ങി ഫുട്ബോൾ മൈതാനത്തേക്ക് മുടങ്ങാതെ എത്തിയിരുന്ന പയ്യനാണ് സന്തോഷ് ട്രോഫിയിൽ കേരളത്തിൻ്റെ ഭാഗ്യതാരമായി മാറിയ ടി.കെ ജെസിൻ. സൂപ്പർ സബ്ബായി വന്ന് കേരളത്തിൻ്റെ വിജയനായകനായി മാറിയ നിലമ്പൂർ മിനർവപ്പടിയിലെ തോണിക്കര ജെസിൻ്റെ ഗോൾ നേട്ടത്തിന് പിന്നിൽ കുടുംബത്തിൻ്റെ കൈയൊപ്പ് ചേർന്നു കിടക്കുന്നു.
രണ്ടര പതിറ്റാണ്ട് മുൻപ് പിതാവ് കൊളുത്തിവെച്ച കളിക്കമ്പത്തിൻ്റെ ചെറിയ സ്പാർക്കാണ് സന്തോഷ് ട്രോഫിയിലൂടെ മകൻ ആളിക്കത്തിച്ചത്. ഓട്ടോ ഡ്രൈവറായ പിതാവ് മുഹമ്മദ് നിസാറിന് നന്നേ ചെറുപ്പത്തിൽ തന്നെ മൈതാനങ്ങളോടായിരുന്നു പ്രിയം. കളിക്കമ്പം മൂത്താണ് നിസാർ മമ്പാട് എം.ഇ.എസ് കോളജിൽ പ്രീഡിഗ്രിക്ക് ചേർന്നത്. പരീക്ഷ എഴുതാതെ പഠനകാലാവധി ദീർഘിപ്പിച്ചു. പ്രീഡിഗ്രി ക്ലാസുകളിൽ ഇരുന്നത് നാലു വർഷം. 1991 മുതൽ 94 വരെ. കോളജിൻ്റെ കളിക്കളത്തിൽ ഇറങ്ങുകയായിരുന്നു ഇതിന് പിന്നിലെ രഹസ്യം. അത്ലറ്റിക്സായിരുന്നു പ്രധാന ഇനം. 100 മീറ്ററിലും ലോങ് ജംപിലും പോൾവോൾട്ടിലും കരുത്തുകാട്ടി. ഇൻ്റർ കോളജിയേറ്റിൽ പോൾവോൾട്ടിൽ രണ്ടാം സ്ഥാനക്കാരനായി. റിലേയിൽ ഒന്നാമനായി. കബഡിയിലും ബാസ്ക്കറ്റ് ബോളിലും തൻ്റെതായ ഇടംകണ്ടെത്തി. മനസിലിരിപ്പ് പോലെയായി കാര്യങ്ങൾ. പഠനം കളിയിലലിഞ്ഞു. എത്തിയത് കായിക മോഹങ്ങളുമായാണെങ്കിലും കോളജിൽ നിന്ന് ഇറങ്ങിയത് ഓട്ടോറിക്ഷ ഡ്രൈവറായി. വിവാഹ ശേഷം കുറച്ച് കാലം വിദേശത്തായി.
മൂത്ത മകൻ ജെസിനും തിരഞ്ഞെടുത്തത് പിതാവിൻ്റെ വഴി തന്നെ. നാലാം തരത്തിൽ പഠിക്കുമ്പോൾ വല്യുമ്മ ആമിനയാണ് ജെസിനെ ഫുട്ബോൾ മൈതാനത്തേക്ക് എത്തിച്ചിരുന്നത്. നിലമ്പൂർ മയ്യത്താണിയിലെ മൈതാനത്ത് ഫുട്ബോൾ പരിശീലന ക്യാംപിൽ ആമിനുമ്മയും മുടങ്ങാതെ എത്തും. പരിശീലനം പൂർത്തിയാകുന്നത് വരെ കൈയടിച്ച് പിന്തുണ നൽകും. പിതാവിന് എത്തിപ്പിടിക്കാൻ കഴിയാതെ പോയ കായിക സ്വപ്നങ്ങളിലേക്കുള്ള ജെസിൻ്റെ ആദ്യ കിക്കായിരുന്നു അത്. നിലമ്പൂർ ഗവ.മാനദേവൻ സ്കൂളിൽ കഴിവ് തെളിയിച്ച അത്ലറ്റിക്സിൻ്റെ വേഗതയും മെയ് വഴക്കവുമാണ് ഫുട്ബോളിലേക്ക് കളംമാറാൻ ജെസിനെ പ്രേരിപ്പിച്ചത്. ആ വേഗതയാണ് ഇന്ന് കേരളത്തിൻ്റെ ജഴ്സി അണിയുമ്പോഴും മൈതാനങ്ങളിൽ കാണുന്നത്. സുനൈനയാണ് ജെസിൻ്റെ മാതാവ്. സഹോദരങ്ങൾ: ജാസിദ്, ആമിന നൗറിൻ. ഫൈനൽ മത്സരം കാണാൻ കുടുംബം പയ്യനാട് സ്റ്റേഡിയത്തിൽ ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."