ആക്രമണം നെതന്യാഹുവിന് അധികാരത്തില്‍ തുടരാന്‍
ടെല്‍അവീവ്: പ്രധാനമന്ത്രി നെതന്യാഹു അധികാരത്തില്‍ തുടരുന്നതിനു വേണ്ടിയാണ് ജറൂസലമില്‍ ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ഇസ്‌റാഈല്‍ പാര്‍ലമെന്റിലെ ബലദ് പാര്‍ട്ടി അംഗം സമി അബൂ ഷഹാദ. അധികാരത്തില്‍ തുടരാനായി അദ്ദേഹം എന്തും ചെയ്യും. ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണ്. ഗസ്സയില്‍ നടക്കുന്ന കൂട്ടക്കൊലയും ഇതിന്റെ ഭാഗമാണ്-അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനിടെ ജറൂസലമില്‍ ഇസ്‌റാഈല്‍ നടത്തുന്ന നിയമവിരുദ്ധ പ്രകോപന നീക്കങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും ജോര്‍ദാന്‍ വിദേശകാര്യമന്ത്രി അയ്മന്‍ സഫാദി ആവശ്യപ്പെട്ടു. ഫലസ്തീനികളുടെ അവകാശങ്ങളെ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തെ അപലപിച്ച് അറബ് ലീഗ് രംഗത്തെത്തി. ഗസ്സയില്‍ ഇസ്‌റാഈലി സേന നടത്തുന്ന വ്യോമാക്രമണം വിവേചനരഹിതവും അപലപനീയവുമാണെന്ന് അറബ് ലീഗ് അധ്യക്ഷന്‍ അഹ്മദ് അബുല്‍ ഗൈസ്. ആക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്‌റാഈല്‍ സേന മാരകായുധങ്ങളുമായി നടത്തുന്ന ആക്രമണം നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍ പറഞ്ഞു. ശൈഖ് ജറാഹില്‍ പ്രകോപനമില്ലാതെയാണ് അവര്‍ ആക്രമണം നടത്തിയതെന്ന് സംഘടന ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."