ഒമാനൊഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച
ഒമാനൊഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച. ശനിയാഴ്ച ഗള്‍ഫില്‍ എവിടെയും ശവ്വാല്‍ മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, യു.എ.ഇ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കുമെന്ന് സ്ഥിരീകരിച്ചത്.
ഞായറാഴ്ച റമദാന് 30 പൂര്‍ത്തിയാക്കിയാണ് ഇത്തവണ പെരുന്നാള്‍ വന്നുചേരുന്നത്. അതേസമയം ഒമാനില്‍ ഒരു ദിവസം വൈകിയാണ് നോമ്പു തുടങ്ങിയത്. അതുകൊണ്ടുതന്നെ ഒമാനില്‍ റമദാന് 29 ഞായറാഴ്ചയായതിനാല്‍ പെരുന്നാള്‍ സംബന്ധിച്ച തീരുമാനം വന്നിട്ടില്ല. ഞായറാഴ്ച മാസപ്പിറവി കണ്ടാല്‍ തിങ്കളാഴ്ചയും ഇല്ലെങ്കില്‍ ചൊവ്വാഴ്ചയുമാകും ഒമാനില്‍ പെരുന്നാള്‍.
സൗദിയില്‍ എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ സൗദിയില്‍ റമദാന് മുപ്പത് പൂര്‍ത്തിയാക്കിയായിരിക്കും ചെറിയ പെരുന്നാള്‍. മാസം കാണാന്‍ വിവിധ കേന്ദ്രങ്ങളില്‍ മാസപ്പിറവി നിരീക്ഷകരെ തയ്യാറാക്കിയിരുന്നുവെങ്കിലും എവിടേയും മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്നാണ് റമദാന് മുപ്പ്ത് പൂര്‍ത്തിയായി ശവാല്‍ ഒന്ന് തിങ്കളാഴ്ച്ചയാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചത്. മാസപ്പിറവിയുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ യോഗത്തിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. മേഘാവൃതമാണെങ്കില്‍ നിങ്ങള്‍ നോമ്പ് മുപ്പത് പൂര്‍ത്തിയാക്കുക എന്ന പ്രവാചക വചനവും സുപ്രിം കോടതിയുടെ ഔദ്യോഗിക പ്രഖ്യാപന കുറിപ്പില്‍ ഉദ്ദരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."