വേനല്‍ മഴ ശക്തമാകും; കൊവിഡ് കാലം ദുരിതമാകാതിരിക്കാന്‍ വേണ്ടത് കടുത്ത ജാഗ്രത
തിരുവനന്തപുരം: ഇന്നലെ സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ. കൊവിഡ് പശ്ചാത്തലത്തില്‍ നാട് ലോക്ഡൗണിലായതോടെ മഴ തുടര്‍ന്നാല്‍ വലിയ ദുരന്തമായേക്കും. അതേ സമയം സംസ്ഥാനത്ത് പുതിയ സര്‍ക്കാരിന്റെ സത്യ പ്രതിജ്ഞക്ക് ഇനിയും നാളുകള്‍ നീളുമെന്നതിനാല്‍ അതും പ്രതിസന്ധിയിലായേക്കും.
കാലവര്‍ഷത്തിനു മുന്നോടിയായുള്ള ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേനല്‍ മഴ ഇനിയും ശക്തമായി തുടരാനുള്ള സാധ്യതയാണ് ഇവര്‍ നല്‍കുന്നത്. തീര്‍ച്ചയായും കൊവിഡും മഴയും വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും. വലിയ ജാഗ്രതയാണ് വേണ്ടത്. സ്ഥിതിഗതികളെ നേരിടാന്‍ സംസ്ഥാനം ഒരുങ്ങുകയാണ്.
തെക്കന്‍ കേരളത്തിലേയും വടക്കന്‍ കേരളത്തിലേയും പലയിടങ്ങളിലും ഇന്നലെ വെള്ളം കയറി. സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. ശനിയാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളില്‍ വരും മണിക്കൂറില്‍ മഴ കനത്തേക്കും.
ഇന്ന് ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ശനിയാഴ്ച്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതിനാല്‍ നാളെമുതല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകരുതെന്ന നിര്‍ദ്ദേശം ഇന്നലെ തന്നെ നല്‍കിയിരുന്നു.
രാത്രി വൈകിയും തുടര്‍ന്ന മഴയില്‍ ഇന്നലെ തലസ്ഥാന നഗരം മുങ്ങി.
തിരുവനന്തപുരം റയില്‍വേ ട്രാക്കിലടക്കം വെളളം കയറി. തമ്പാനൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലും റയില്‍വേ സ്‌റ്റേഷനിലും എസ്.എസ് കോവില്‍ റോഡിലും രൂക്ഷമായ വെളളക്കെട്ടുണ്ടായി. തെക്കന്‍ കേരളത്തില്‍ തീരമേഖലയിലാകെ ശക്തമായ മഴയായിരുന്നു.
ന്യൂനമര്‍ദ്ദത്തിന് മുന്നോടിയായാണ് മഴ കനക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ ഏഴ് മണിമുതലുള്ള 4 മണിക്കൂറിനുള്ളില്‍ തന്നെ 128 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. നെയ്യാറ്റിന്‍കര മേഖലയിലാകട്ടെ 127 മില്ലിമീറ്ററാണ് ഈ സമയത്ത് രേഖപ്പെടുത്തിയത്. മഴ നഗരത്തിന്റെ പലയിടങ്ങളിലും വെളളക്കെട്ടുണ്ടായി. കോഴിക്കോട് കക്കയത്തും കാസര്‍ഗോഡ് വെളളരിക്കുണ്ടിലും മഴ രാത്രി വൈകിയും തുടര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."