കേരളം മുസ്‌ലിംവിദ്വേഷങ്ങളുടെ വിളനിലമാകുമ്പോള്‍
ഉത്തരേന്ത്യയില്‍ നിന്ന് കേള്‍ക്കാറുള്ള വര്‍ഗീയ വിദ്വേഷ പ്രസംഗങ്ങള്‍ കേരളത്തിലും സര്‍വ സാധാരണയായി മാറിയിക്കുന്നു. ലവ് ജിഹാദ്, ഹലാല്‍ ഭക്ഷണം തുടങ്ങിയ വ്യാജാരോപണങ്ങളൊക്കെ വര്‍ഗീയ കക്ഷികള്‍ മലയാള മണ്ണില്‍ നിന്ന് പടച്ചു വിടുകയും രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചവയുമാണ്. രാജ്യത്തെ മുസ്ലിം വിദ്വേഷത്തിന്റെ ഫീഡിങ് ഗ്രൗണ്ടായി കേരളം മാറിയ സ്ഥിതിയാണുള്ളത്.
മുസ്ലിംകള്‍ നടത്തുന്ന ഹോട്ടലുകളില്‍ ലഭിക്കുന്ന ഭക്ഷണങ്ങളില്‍ ഇതര മതസ്ഥര്‍ക്ക് വന്ധ്യംകരണം സംഭവിക്കാനുള്ള മരുന്ന് ചേര്‍ക്കുന്നുണ്ടെന്ന പി.സി ജോര്‍ജിന്റെ പ്രസംഗമാണ് ഈ ഗണത്തില്‍പെടുത്താവുന്ന പുതിയ ആരോപണം. ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ ജൂതര്‍ക്കെതിരേ നിരന്തരം പടച്ചുവിട്ട ആരോപണങ്ങള്‍ക്ക് സമാന രീതിയിലാണ് നമ്മുടെ നാട്ടിലും മുസ്ലിംകള്‍ക്കെതിരേ നുണകള്‍ പ്രചരിക്കുന്നത്. ജൂതര്‍ രോഗം പരത്തുന്നു, പെണ്മക്കളെ പ്രണയം നടിച്ച് മതം മാറ്റുന്നു, ആഭിചാരം നടത്തിയ ഭക്ഷണം രഹസ്യമായി നല്‍കുന്നു തുടങ്ങി വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയതിന്റെ മൂര്‍ധന്യാവസ്ഥയിലാണ് ജര്‍മ്മനിയില്‍ ജൂത കൂട്ടക്കൊല നടന്നത്. ജൂത വിരോധം തലയ്ക്കു പിടിച്ച സാധാരണ ജനങ്ങളില്‍ കൂട്ടക്കൊലയ്‌ക്കെതിരേ ഒരു പ്രതിഷേധവും ഉയര്‍ന്നില്ല. സമാനമായ അവസ്ഥയിലേക്കാണ് നമ്മുടെ നാട്ടിലെ മുസ്ലിം വിദ്വേഷവും നീങ്ങുന്നതെന്ന് ഭയപ്പാടോടു കൂടി തന്നെ കാണണം.
കേരളത്തിന്റെ ജനസംഖ്യ ആനുപാതം വച്ച് നോക്കിയാല്‍ പ്രബലമായ മൂന്ന് സമുദായങ്ങളില്‍ നിന്ന് രണ്ടുകൂട്ടരെയെങ്കിലും കൂടെ നിറുത്താതെ ബി.ജെ.പിക്ക് ഭരണം പിടിക്കാന്‍ സാധ്യമല്ല. എത്ര തന്നെ കിണഞ്ഞു പരിശ്രമിച്ചാലും മുസ്ലിം സമുദായത്തില്‍ വേരോട്ടമുണ്ടാക്കിയെടുക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന കാര്യം നല്ല രീതിയില്‍ അറിയാവുന്ന സംഘ്പരിവാര്‍ ക്രിസ്ത്യന്‍ സമുദായത്തെ ചാക്കിലിടാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
അതില്‍ ഒരു പരിധിവരെ വിജയിച്ചു വേണം കരുതാന്‍. മുന്‍പെങ്ങുമില്ലാത്ത വിധമാണ് ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട ചിലര്‍ക്ക് മുസ്ലിം വിരോധം ഉയര്‍ന്നുവരുന്നത്. ക്രിസ്ത്യന്‍ സഭകളുടെ അറിവോടെയും അല്ലാതെയും നിരവധി പേരാണ് പരസ്യമായി മുസ്ലിം സമുദായത്തിനെതിരേ വിഷം ചീറ്റുന്നത്.
ആര്‍.എസ്.എസിന്റെ രണ്ടാമത്തെ സര്‍ സംഘ്ചാലകായിരുന്ന ഗോള്‍വല്‍ക്കറുടെ വിചാര ധാരയില്‍ മുസ്ലിം, ക്രിസ്ത്യന്‍, കമ്യൂണിസ്റ്റ് വിഭാഗങ്ങളെ രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായി കൃത്യമായി എണ്ണിയിട്ടുണ്ട്. രാജ്യത്ത് ക്രിസ്ത്യന്‍ സമുദായത്തെ വേട്ടയാടാനുള്ള ശ്രമങ്ങളും ശക്തമാണ്. ഇന്ത്യയില്‍ 2016നും 2019നുമിടയില്‍ മാത്രം ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമ സംഭവങ്ങളില്‍ 60 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഇതിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത് ഈ അടുത്താണ്.
ഒരു വശത്ത് രാജ്യത്തിന്റെ ശത്രുക്കളായി മുദ്ര കുത്തപ്പെട്ട് പീഡിപ്പിക്കപ്പെടുമ്പോഴാണ് കേരളത്തിന്റെ സുരക്ഷിതമായ പൊതു മണ്ഡലത്തിലിരുന്ന് ക്രിസ്ത്യന്‍ സമുദായത്തിലെ ചിലര്‍ സംഘ്പരിവാറിന്റെ കൂടെ നിന്ന് മുസ്ലിം വിരോധം വമിക്കുന്നത്. ഉത്തരേന്ത്യ പോലെ ക്രിസ്ത്യന്‍ സമുദായം കേരളത്തില്‍ സംഘ്പരിവാറിനാല്‍ അക്രമിക്കപ്പെടുന്നില്ലെന്നായിരിക്കാം. അതിന്റെ കാരണം സംഘ്പരിവാര്‍ ക്രിസ്ത്യാനികളെ ശത്രുക്കളുടെ ലിസ്റ്റില്‍ നിന്ന് വെട്ടിയതല്ല, കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ തല്‍ക്കാലം അതിനവര്‍ക്ക് കഴിയാത്തത് കൊണ്ടു മാത്രമാണ്. സംഘ്പരിവാരിന്റെ ഗൂഢ ലക്ഷ്യത്തെ വിവേക പൂര്‍വം കൈകാര്യം ചെയ്യാനുള്ള പ്രാപ്തി ബന്ധപ്പെട്ട സമുദായത്തിനുണ്ടാവേണ്ടത് അനിവാര്യമാണ്.
വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ ഒരു നടപടിയും സ്വീകരിക്കാത്തതാണ് ഇത്തരം കുപ്രചാരണങ്ങള്‍ അനുദിനം വര്‍ധിക്കുന്നത്. രാജ്യത്ത് മത വിദ്വേഷം തടയാനുതകുന്ന നിയമങ്ങളുണ്ടായിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഖേദകരമാണ്. മുസ്ലിം സമുദായത്തിനെതിരേ വെറുപ്പ് പ്രചരിപ്പിച്ചാല്‍ ഒരുനിയമവും തങ്ങള്‍ക്ക് ബാധിക്കില്ലെന്ന ഉറച്ച വിശ്വാസമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ മറ്റൊരു കാരണം. നൂറു കണക്കിന് പരാതികളാണ് വിദ്വോഷത്തിന്റെ പേരില്‍ പൊലിസില്‍ നല്‍കുന്നുവെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും തയാറാകുന്നില്ല.
ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വം മലയാള മണ്ണിന്റെ സമാധാനം തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ആര്‍ക്കും കേറി കൊട്ടാവുന്ന ചെണ്ടയായി മുസ്ലിം സമുദായത്തെ മാറ്റരുത്. ജീവനും സ്വത്തും പോലെ പവിത്രമാണ് അഭിമാനവും. ഒരുസമുദായത്തിന്റെ അന്തസിനെ നിരന്തരം തെരുവില്‍ പിച്ചിച്ചീന്തുന്നത് ദുഃഖകരമാണ്.
വിദ്വേഷ പ്രചാരണം അവസാനിപ്പിക്കാന്‍ ഒരുമിച്ച് നിന്ന് ഭരണകൂടത്തോട് ആവശ്യപ്പെടുകയും ഇത്തരം വിഷയങ്ങളില്‍ കേസ് നല്‍കുകയും കേസുകളില്‍ ഫോളോ അപ്പും നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുകയും ചെയ്യുന്ന ഒരു ലീഗല്‍ സംവിധാനം ഉണ്ടാക്കണം.
സംസാരിക്കുന്ന കാര്യങ്ങള്‍ക്ക് ആ വ്യക്തി ഉത്തരവാദിയാണെന്ന സ്ഥിതി വിശേഷം ഉണ്ടാക്കാന്‍ സാധിക്കണം. പി.സി ജോര്‍ജ് ഉയര്‍ത്തിയ ആരോപണം കോടതിയില്‍ തെളിയിക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ടാവണം. ഇല്ലെങ്കില്‍ വര്‍ഗീയ പ്രസംഗം നടത്തിയതിന് നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കണം. സമാധാനപരമായി, നിയമത്തിന്റെ മാര്‍ഗത്തിലൂടെ ഈ വിപത്തിനെ തളച്ചില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം വര്‍ഗീയ കലാപങ്ങളിലെത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."