HOME
DETAILS

അച്ഛാ ഈ വിമാനത്തില്‍ പോയാല്‍ സ്വര്‍ഗത്തില്‍ എത്തൂലേ, അമ്മേടെ അടുത്ത് ? ഈ ചോദ്യം അമ്മ മരിച്ചെന്ന് ഇന്നുമറിയാത്ത സിസ്റ്റര്‍ ലിനിയുടെ മകന്റേതാണ്

  
backup
May 12 2021 | 06:05 AM

memmory-in-sister-lini-family-1234

'അച്ഛാ ഈ വിമാനം ഏതിലൂടാ പോവുക'.. ഒരു അവധി ദിവസം രാവിലെ പത്രം വായിച്ചിരിക്കുന്നതിനിടെയാണ് മകന്റെ ചോദ്യം. മേഘങ്ങള്‍ക്കടുത്തൂടെ ഉയരത്തിലെന്ന് വായനക്കിടെ ഞാന്‍ മറുപടിയും കൊടുത്തു. 'വിമാനത്തില്‍ പോയാല്‍ സ്വര്‍ഗത്തിലെത്തുമോ'.. ചോദ്യം കേട്ടപ്പോള്‍ മനസ് ഒന്ന് പിടഞ്ഞു. ഞാന്‍ ആ മുഖത്തേക്കൊന്നുനോക്കി. ആ കണ്ണുകളില്‍ പ്രതീക്ഷയുടെ നേരിയ വെട്ടമുണ്ട്.
'അതെങ്ങനാ കുഞ്ഞൂ, അതൊന്നും പറ്റില്ലെടാ എന്ന് പറഞ്ഞ് ഒന്നവസാനിപ്പിയ്ക്കാന്‍ നോക്കി. വിട്ടുതരാതെ അവന്‍ എന്നെ ചോദിച്ച് തോല്‍പ്പിക്കുകയാണ്.

'എന്നാ റോക്കറ്റില്‍ പോയാല്‍ സ്വര്‍ഗത്തില്‍ എത്തൂലേ, അമ്മേടെ അടുത്ത്'. ഒന്നും മിണ്ടാനാവാതെയായി ഞാന്‍. വിചാരിച്ചിടത്ത് തന്നെ അവന്റെ ചോദ്യമെത്തിയിരിക്കുന്നു. ആ മുഖത്തേയ്ക്ക് നോക്കാനുള്ള ശക്തിയില്ലാതായി. അമ്മ സ്വര്‍ഗത്തിലാണ് മോനേ എന്ന് എപ്പോഴും കേള്‍ക്കുന്ന അവന്‍ അവിടെ എത്താനുള്ള വഴി തേടുകയാണ്. ശ്രദ്ധ തിരിയ്ക്കാനായി മടിയിലിരുത്തി മറ്റെന്തൊക്കെയോ കഥകള്‍ പറഞ്ഞുകൊടുത്തു.

ഞാനും കരുതിയിരുന്നില്ല, റോക്കറ്റിനു പോലും കുതിച്ചു ചെന്നെത്താനാവാത്ത ലോകത്തേക്ക് അവള്‍, ഞങ്ങളുടെ ലിനി പോകുമെന്ന്. 2018 മെയ് 14ന് പതിവ് പോലെ രാത്രി ഫോണില്‍ വിളിച്ചപ്പോള്‍ തലവേദനയും നേരിയ ചൂടുമുണ്ടെന്നാണ് പറഞ്ഞിരുന്നത്. വേണമെങ്കില്‍ നാളെ ഡോക്ടറെ ഒന്ന് കാണിച്ചോ എന്ന് നിസാരമായി പറഞ്ഞ സമയത്തൊക്കെ മരണവൈറസ് അവളില്‍ കെണിയൊരുക്കിയിരുന്നു. ആറ് ദിവസങ്ങള്‍ കൊണ്ട് എല്ലാം കഴിഞ്ഞു. പക്ഷെ ആ പോക്കില്‍ ഈ കുടുംബത്തില്‍ മാത്രമല്ല, സമൂഹത്തിനാകെ ഓര്‍മകള്‍ അവശേഷിപ്പിച്ചു അവള്‍.


അന്ന് ഞാന്‍ ബഹ്‌റൈനില്‍ ഒരു കമ്പനിയില്‍ എക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. ജോലി കഴിഞ്ഞെത്തിയാല്‍ വിളിയ്ക്കും. മെയ് 14ന് വിളിച്ചപ്പോള്‍ ഇത്രമാത്രം പറഞ്ഞു. ' സജീഷേട്ടാ, തല നന്നായി കുത്തി വേദനിയ്ക്കുന്നു. കുറച്ച് നേരമായി തുടങ്ങിയിട്ട്. ബാം തേച്ചിട്ടുണ്ട്. പനി വരുന്നുണ്ടോ എന്നും സംശയമുണ്ട്'. പിന്നെ മൂത്ത മകന്‍ റിതുല്‍(കുഞ്ഞു) കുറച്ച് സംസാരിച്ച ശേഷം ഫോണ്‍ വച്ചു.
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക നിയമനത്തില്‍ നഴ്‌സായി പ്രവര്‍ത്തിക്കുകയായിരുന്നു ലിനി. അസ്വസ്ഥതകളുമായി പിറ്റേന്നും അവള്‍ ജോലിയ്ക്ക് പോയി. ഒപിയില്‍ കാണിച്ച് മരുന്ന് കഴിക്കുന്നുണ്ടെന്ന് പറഞ്ഞു. വീട്ടിലെത്തിയാല്‍ മക്കള്‍ രണ്ട് പേരും അവളുടെ കൂടെ തന്നെയാണ്. ഇളയവന്‍ സിദ്ധാര്‍ഥിനന്ന് രണ്ട് വയസാണ്. അവന്‍ മുലപാല്‍ കുടിക്കുന്നുണ്ട്. അമ്മക്കരുതലിന്റെ ശക്തികൊണ്ടാണോ എന്നറിയില്ല, ആ രോഗാണുവിന് കുട്ടികളില്ലെത്താനായില്ലെന്നത് ഒരത്ഭുതമാണ്.


16ന് വൈകീട്ട് ജോലി കഴിഞ്ഞ് എത്തിയപ്പോഴേക്കും നല്ല പനിയാണ്. രാത്രി വീഡിയോ കോളില്‍ കണ്ടപ്പോള്‍ മുഖം നന്നായി ക്ഷീണിച്ചിട്ടുണ്ട്. പിറ്റേന്ന് വീട്ടില്‍ വിശ്രമിച്ചു. ഛര്‍ദിയും തുടങ്ങിയിരുന്നു. 'സജീഷേട്ടാ, എനിക്കൊരു പേടി. കുറേ ദിവസം മുന്‍പേ ഞാന്‍ പറഞ്ഞിരുന്നില്ലേ. ആശുപത്രിയില്‍ ഒരു യുവാവ് ഛര്‍ദിയും പനിയുമായി അഡ്മിറ്റായ കാര്യം. ഇത് പോലൈ തന്നെയായിരുന്നൂട്ടോ. അത് പകര്‍ന്നതാണോ എന്നൊരു സംശയം'. അയാള്‍ നിര്‍ത്താതെ ഛര്‍ദിച്ചതും ബേസിന്‍ വച്ചു കൊടുത്തതുമെല്ലാം ആ ദിവസങ്ങളില്‍ വിളിക്കുമ്പോള്‍ അവള്‍ പറഞ്ഞിരുന്നു. ലിനിയ്ക്ക് നല്ല വിഷമമുണ്ടായിരുന്നു ആ യുവാവ് മരിച്ച വാര്‍ത്ത കേട്ടപ്പോള്‍. ഉപ്പ മൂസയോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയ്‌ക്കോളാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ലിനി സംശയം പറഞ്ഞപ്പോള്‍ ചെറിയ പേടി തോന്നിയെങ്കിലും അതൊന്നും ആവില്ലെന്ന് പറഞ്ഞ് ഞാന്‍ സമാധാനിപ്പിച്ചു.


അന്ന് തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് അമ്മയ്‌ക്കൊപ്പം പോയി. മക്കള്‍ രണ്ട് പേരും അവളുടെ ചേച്ചിയ്‌ക്കൊപ്പം വീട്ടിലാണ്. അന്ന് ആശുപത്രിയില്‍ അഡ്മിറ്റാക്കി. നഴ്‌സുമാരോടൊക്കെ പകര്‍ച്ചവ്യാധിയെന്ന് സംശയമുള്ളതും അധികം അടുത്തേക്ക് വരണ്ട എന്നും അവള്‍ പറഞ്ഞത്രെ.
ഡങ്കിപ്പനിയാകാന്‍ സാധ്യതയുണ്ടെന്നും കൂടുതല്‍ സംവിധാനങ്ങളുള്ള മറ്റെവിടെയെങ്കിലും കൊണ്ടുപോയ്‌ക്കൊള്ളാനും ആശുപത്രിയില്‍ നിന്ന് നിര്‍ദേശിച്ചു. പിറ്റേന്ന് രാവിലെ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോയി. അവളുടെ അമ്മ പറയും 'എന്റെ മകള്‍ക്ക് ഉറപ്പായിരുന്നു അവള്‍ക്കെന്തോ പകരുന്ന വലിയ രോഗമെന്ന്. മൊടക്കല്ലൂരേക്ക് പോകുമ്പോള്‍ കാറിലും ആശുപത്രിയില്‍ എത്തിയപ്പോഴും അവള്‍ എന്നില്‍ നിന്ന് പരമാവധി മാറി നില്‍ക്കാനായിരുന്നു ശ്രമിച്ചത്. ഡോക്ടറോടും എനിയ്ക്ക് മനസിലാവാതിരിക്കാന്‍ ഇംഗ്ലീഷില്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. തൂക്കം നോക്കാനായി മെഷീനില്‍ കയറുമ്പോള്‍ ഷാള്‍ ഇട്ട ശേഷമാണ് അതില്‍ നിന്നത്. ഛര്‍ദിച്ചത് ദേഹത്തും കാലിലുമൊക്കെ ഉണ്ടായിരുന്നു. കഴുകിയെങ്കിലും അണുക്കള്‍ പകരാതിരിയ്ക്കാനാവാം ലിനി അങ്ങനെ അത്'. നഴ്‌സിങ് ജോലിയെ അത്രയും ഇഷ്ടപ്പെടുന്ന അവള്‍ മറ്റുള്ളവരുടെ ആരോഗ്യത്തില്‍ നല്ല കരുതലുള്ളവളായിരുന്നു.

മറ്റ് പരിശോധനകളെല്ലാം നെഗറ്റീവ്. ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയ്‌ക്കോളാന്‍ നിര്‍ദേശം. വിളിയ്ക്കുമ്പോള്‍ ഈ കാര്യങ്ങളെല്ലാം ലിനി പറയുന്നുണ്ട്. 19ന് പുലര്‍ച്ചെ ഒന്നോടെ ആദ്യം കോഴിക്കോട് ഇക്‌റാ ആശുപത്രിയിലേക്കാണ് പോയത്. അവിടുന്ന് ഉച്ചയോടെ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപ്പോഴേക്കും അപൂര്‍വ വൈറസ് കൊണ്ടുള്ള രണ്ടാമത്തെ മരണവും ജില്ലയില്‍ സംഭവിച്ചിരുന്നു. ലിനി പരിചരിച്ച ആ യുവാവിന്റെ സഹോദരനായിരുന്നു അത്. ഇതോടെ നാട് ജാഗ്രതയിലായി. കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ച ഉടനെ ലിനിയ്ക്ക് നല്ല പരിചരണവും ശ്രദ്ധയും നല്‍കിയിരുന്നു. അവിടെയുള്ളവരോടും അവള്‍ കരുതാനും തന്നെ ഐസൊലേറ്റ് ചെയ്യണമെന്നും പറഞ്ഞു. രക്തസാമ്പിള്‍ പരിശോധിയ്ക്കാനായി ബന്ധുവിന്റെ കയ്യില്‍ കൊടുക്കുമ്പോള്‍ അവര്‍ക്ക് ഗ്ലൗസ് കൊടുക്കാന്‍ മറ്റ് നഴ്‌സുമാരോട് നിര്‍ദേശിച്ചത്രേ. ഐസിയുവിലേക്ക് മാറ്റുവരെ എന്നോട് ഫോണില്‍ ഇടയ്ക്ക് സംസാരിച്ചിരുന്നു. ഏതോ ഒരു വൈറസ് ബാധയാണെന്നാണ് പറഞ്ഞത്. ഐസിയുവില്‍ ആയ ശേഷം ഒരിക്കല്‍ വീഡിയോ മിസ് കോള്‍ കണ്ടിരുന്നു. തിരിച്ചു വിളിച്ചപ്പോള്‍ കിട്ടിയില്ല.
ഈ സമയമൊക്കെ പ്രാര്‍ഥനയുമായി ഞാന്‍ മറുനാട്ടില്‍ തനിച്ചാണ്. അവള്‍ക്ക് കുറവുണ്ടെന്ന ഫോണ്‍ കോളിനായി കാത്ത് നില്‍ക്കും. ഇതിനിടെ
ആശുപത്രിയിലുള്ള എന്റെ ചേട്ടന്‍ സജിത്ത് വിളിച്ചു. ' ലിനിയെ ചെസ്റ്റ് ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. പേടിക്കുകയൊന്നും വേണ്ട. എങ്കിലും ലീവ് കിട്ടുമെങ്കില്‍ നീ ഒന്ന് പോന്നേക്ക്'..എന്നെ വിഷമിപ്പിക്കാതിരിക്കാന്‍ ഇത്രേ പറഞ്ഞുള്ളൂവെങ്കിലും എനിയ്ക്ക് പേടി തോന്നി. കുട്ടികള്‍ക്ക് ഒരു സാധനം പോലും വാങ്ങിയ്ക്കാതെ ആദ്യമായാണ് നാട്ടിലേക്ക് പോകുന്നത്. 20ന് പുലര്‍ച്ചെ അഞ്ചിന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തി. കാറുമായി സുഹൃത്തുക്കള്‍ അവിടെ നില്‍പ്പുണ്ടായിരുന്നു. നേരെ മെഡിക്കല്‍ കോളേജിലേക്ക്. ഐസിയുവിന് മുന്നില്‍ അവളുടെ ചേച്ചിയും മാമന്റെ ഭാര്യയും മറ്റ് ബന്ധുക്കളുമുണ്ട്. സാഹചര്യത്തിന്റെ ഗൗരവം ആ മുഖങ്ങളില്‍ നിന്ന് വായിച്ചെടുക്കാം.

 

ലിനിയെ കാണാന്‍ മാസ്‌ക് ഇട്ട് കയറിക്കോളാന്‍ നഴ്‌സ് പറഞ്ഞു. എപ്പോഴും സംസാരിക്കുന്ന, ആഘോഷങ്ങള്‍ ഇഷ്ടപ്പെടുന്ന അവളെ രോഗ കിടക്കയില്‍ എങ്ങനെ നേരിടുമെന്നറിയാതെയാണ് അകത്തേക്ക് കയറിയത്. ഒരു ഭാഗത്തെ ഐസൊലേറ്റ് ചെയ്ത കിടക്ക ചൂണ്ടി നഴ്‌സ് പറഞ്ഞു, അതാ ലിനി. ശ്വാസം നല്‍കുന്നതിനുള്ള എന്‍ഐവി മെഷീനിന്റെ മാസ്‌ക് മുഖത്തുണ്ട്. കണ്ണുകള്‍ മാത്രമേ കാണുന്നുള്ളൂ. ഞാന്‍ അടുത്തേക്ക് എത്തിയപ്പോള്‍ നോട്ടം എന്റെ നേരെയായി. എന്റെ രൂപം മങ്ങിപ്പിക്കാനെന്നോണം അവളുടെ കണ്ണുകളില്‍ കണ്ണീര്‍ നിറയുന്നത് ഞാന്‍ കണ്ടു. എനിയ്‌ക്കൊന്നും പറഞ്ഞവളെ സമാധാനിപ്പിക്കാനില്ലായിരുന്നു. ആ കൈകളില്‍ ഒന്നമര്‍ത്തി പിടിച്ചു ഞാന്‍. റിതുലിന്റെയും സിദ്ധുവിന്റെയും ചിരിക്കുന്ന മുഖങ്ങളിലേക്കാണ് ആ കണ്ണീര്‍ തുള്ളികള്‍ പൊഴിഞ്ഞ് വീണത്. ഒന്നും മിണ്ടാതെ, യാത്ര ചോദിയ്ക്കുന്നുവെന്നൊണം അവള്‍ എന്നെ നോക്കി. ഒരു മിനിറ്റ് പോലും എനിക്കവിടെ നില്‍ക്കാന്‍ വയ്യായിരുന്നു. തിരിച്ച് നടന്നു. പിന്നെ ഞാന്‍ ഐസിയുവില കയറിയിട്ടില്ല. എനിയ്ക്ക് ലിനിയെ അങ്ങനെ കാണാന്‍ വയ്യായിരുന്നു.


അന്ന് വൈകീട്ടാണ് ഈ മാരക വൈറസ് നിപാ ആണെന്ന വാര്‍ത്ത പുറത്ത് വന്നത്. അപ്പോഴേക്കും രോഗത്തിന്റെ തീവ്രത എല്ലാവര്‍ക്കും ബോധ്യമായി. ആ സമയം തന്നെ അവളുടെ പരിശോധന ഫലവും വന്നു. നിപായാണെന്ന് ഡോക്ടര്‍ എന്നോട് പറഞ്ഞു. പ്രതീക്ഷകള്‍ അസ്ഥാനത്തെന്ന തോന്നലുണ്ടായി. അവളെ പരിചയമില്ലാത്തവര്‍ വരെ ജീവന്‍ നീട്ടികിട്ടാനായി മനമുരുകിപ്രാര്‍ഥിച്ചിരുന്നു.
പ്രാര്‍ഥനകള്‍ വിഫലമാകാന്‍ അധിക സമയം വേണ്ടി വന്നില്ല. 21ന് പുലര്‍ച്ചെ 12.30 ഓടെയാണെന്ന് തോന്നുന്നു. അവള്‍ പോയി. മുലകുടി മാറാത്ത സിദ്ധുവിനെ കാണാതെ, പനി മാറി വരുമെന്നും പറഞ്ഞ് കാത്തിരിക്കുന്ന റിതൂനോട് ഒന്നും പറയാതെ... നിശബ്ദമായിരിക്കാനേ എനിയ്ക്കായുള്ളൂ. ഇനിയെന്ത് എന്നാലോചിക്കുമ്പോള്‍ മുന്നിലാകെ ഇരുട്ടാണ്. കുട്ടികള്‍ അവരുടെ മുഖമായിരുന്നു മനസിലാകെ.


മൃതദേഹം പെട്ടെന്ന് കൊണ്ടുപോകണം. സംസ്‌കരിക്കുന്ന കാര്യത്തില്‍ പിന്നീട് എടുത്ത മാനദണ്ഡങ്ങളൊന്നും അപ്പോള്‍ ഇല്ലായിരുന്നു. പേരാമ്പ്രയിലേക്ക് കൊണ്ട് പോകണോ എന്നൊക്കെയുള്ള ആലോചന നടക്കുന്നു. ഇങ്ങനെ ഒരു രോഗമായതിനാല്‍ നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടാവണ്ട എന്നന് കരുതി മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ തീരുമാനിച്ചു. ഇതിനെല്ലാം സമ്മതം മൂളി ചുമരും ചാരി നില്‍ക്കുമ്പോഴാണ് മാമി വിളിയ്ക്കുന്നത്. കരഞ്ഞ് കലങ്ങിയ കണ്ണുമായി മാമി പറഞ്ഞു,' ഇന്നാ നിനക്ക് തരാനായി ലിനി എഴുതിയ കത്താണ്. നഴ്‌സിന്റെ കയ്യില്‍ കൊടുത്തതാ'..വാക്കുകള്‍ പൂര്‍ത്തിയാക്കും മുന്‍പെ അവര്‍ വിതുമ്പി. ആ വരികളിലൂടെ കണ്ണോടിക്കുമ്പോള്‍ ലിനി മുന്നിലുണ്ടായിരുന്നു..'സജീഷേട്ടാ അയാം ഓള്‍മോസ്റ്റ് ഓണ്‍ ദ വേ. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. സോറി. നമ്മുടെ മക്കളെ നന്നായി നോക്കണം. കുഞ്ഞൂ,അവനെ ഒന്ന് ഗള്‍ഫില്‍ കൊണ്ടുപോകണം. നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്. പ്ലീസ്. വിത്ത് ലോട്ട്‌സ് ഓഫ് ലൗ, ഉമ്മാ.. അത് പറഞ്ഞ് കൊണ്ട് വിദൂരതയിലേക്ക് അവള്‍ മാഞ്ഞു. അവളുടെ പ്രണയത്തിന്റെ ചൂട് ആ അക്ഷരങ്ങളിലൂടെ ഞാനറിഞ്ഞു. ഞാന്‍ വരുമോ എന്നറിയാതെ മരിക്കുന്നതിന്റെ തലേ ദിവസം എഴുതിയതാവണമത്. പോക്കറ്റില്‍ ഭദ്രമായി സൂക്ഷിച്ച ആ കത്ത് അവളുടെ ഫോട്ടോയ്‌ക്കൊപ്പം ഫ്രെയിം ചെയ്ത് ചെമ്പനോടയിലെ വീട്ടിലെ ചുമരില്‍ തൂക്കിയിട്ടുണ്ട്.


ഐസിയുവില്‍ അവള്‍ കിടന്ന ബെഡ് ഷീറ്റ് രണ്ട് ഭാഗത്ത് നിന്നും എടുത്ത് ദേഹത്തേക്ക് ഇട്ട് പൊതിഞ്ഞാണ് മൃതദേഹം ആംബുലന്‍സിലേക്ക് മാറ്റിയത്. ഗ്ലൗസും മാസ്‌കും ഇട്ട് ബന്ധുക്കളാണ് അത് ചെയ്തത്. സുരക്ഷാ പ്രശ്‌നമുള്ളതിനാല്‍ അമ്മയെയും മക്കളെയും കാണിക്കാതെ പുലര്‍ച്ചെ അഞ്ചിന് മൃതദേഹം സംസ്‌കരിച്ചു. 21ന് രാവിലെ 10 ഓടെ ഞങ്ങള്‍ ചെമ്പനോടയിലെ വീട്ടില്‍ എത്തി. അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ ഒരു 15 പേരുണ്ടാവും. പേടി കാരണം ചില അയല്‍വാസികളും ബന്ധുക്കളും ഒന്നും വന്നിട്ടില്ല. ഭീതിയും വേര്‍പ്പാടും വേദനയും ഘനീഭവിച്ച അവസ്ഥയിലായിരുന്നു ആ വീട്. രണ്ട് വയസുകാരന്‍ സിദ്ധു ഒന്നു മറിയാതെ ഓടി നടക്കുന്നു. അമ്മ ജോലിയ്ക്ക് പോയെന്നായിരുന്നു അവന്റെ മനസില്‍. ഇടയ്ക്ക് അമ്മയെ ചോദിക്കുമ്പോള്‍ അമ്മമ്മയും ലിനിയുടെ ചേച്ചിയും പലതും കാണിച്ച് ശ്രദ്ധ മാറ്റും.

റിതൂന് കുറച്ചൂടെ അറിയാം. മരിച്ച 16ന് അകത്ത് കൊടുക്കല്‍ ചടങ്ങിന് ഭക്ഷണം ഉള്ളിലെ പൂജാമുറിയില്‍ വയ്ക്കുമ്പോള്‍ അവന്‍ ചോദിച്ചു. 'എന്തിനാ ഇത് മുറിയില്‍ വെയ്ക്കുന്നേ'. അമ്മയ്ക്ക് കഴിക്കാനാടാ എന്ന് പറഞ്ഞപ്പോള്‍ അതിന് ഇത് കഴിക്കാന്‍ അമ്മ വരില്ലാലോ, അമ്മ പോയില്ലേ എന്നായിരുന്നു റിതുവിന്റെ പ്രതികരണം. പെട്ടെന്ന് തന്നെ അവന്‍ ആ മരണം ഉള്‍ക്കൊണ്ട് തുടങ്ങിയിരുന്നു. ലിനി നിപാ വന്ന് മരിച്ചതാണെന്നും അറിയാം. ഞാന്‍ ഗള്‍ഫില്‍ നിന്ന് വന്നതിന്റെ സന്തോഷം ഒരിത്തിരിയെങ്കിലും അവരുടെ വലിയ നഷ്ടത്തെ മായ്ച്ചിട്ടുണ്ടാകും.
അന്ന് വൈകീട്ട് തന്നെ മന്ത്രി കെ കെ ശൈലജ വിളിച്ചു. 'സജീഷെ. നമ്മളൊക്കെ കൂടെയുണ്ട്. എന്ത് ആവശ്യമുണ്ടേലും പറയണം. ലിനി നമ്മുടെ കുട്ടിയാണ്. അവള്‍ക്ക് വേണ്ടി സജീഷിന് ജോലിയോ മറ്റെന്തെങ്കിലും സഹായമോ വേണമെങ്കില്‍ തരാന്‍ സര്‍ക്കാര്‍ ഉണ്ട്. സമാധാനായി ഇരിക്കൂ'. മന്ത്രിയുടെ ഈ വാക്കുകള്‍ വലിയ ആശ്വാസമായിരുന്നു. ലിനിയോടുള്ള നാടിന്റെയാകെ സ്‌നേഹം ഈ വാക്കുകളിലുണ്ട്. അല്‍പസമയത്തിനകം മന്ത്രി ടി പി രാമകൃഷ്ണനും വിളിച്ചു ജോലി കാര്യമുള്‍പ്പെടെ പറഞ്ഞ് സമാധാനിപ്പിച്ചു.


നിപാ സെല്ലില്‍ നിന്ന് രാവിലെയും വൈകീട്ടും കൃത്യമായി വിളിച്ച് ഞങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ ചോദിയ്ക്കും. വീട്ടില്‍ നിന്ന് ആരും പുറത്തൊന്നും ഇറങ്ങിയില്ല. അരിയും സാധനങ്ങളുമെല്ലാം ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയ്ക്കും. ഒറ്റപ്പെടുത്തലിന്റെ വിഷമവും അറിഞ്ഞ ദിവസങ്ങളായിരുന്നു അത്. ഞങ്ങളുടെ വീടിന്റെ അടുത്തുകൂടെ ഓട്ടോക്കാര്‍ പോലും പോവില്ല. ലിനി മരിച്ച സമയത്ത് എന്റെ ചേച്ചി രണ്ട് മൂന്ന് ദിവസം ഇവിടെ നിന്നിരുന്നു. തിരിച്ച് വടകരയിലെ വീട്ടിലേക്ക് പോയപ്പോള്‍ സമീപത്തുള്ള അയല്‍വാസികള്‍ വീട് പൂട്ടി പോയത്രെ. സിദ്ധൂനും റിതൂനും കളിയ്ക്കാന്‍ അന്ന് കൂട്ടുകാര്‍ പോലുമില്ലാതായി. അവര്‍ക്കൊപ്പം കളിക്കാറുള്ള കുട്ടികളെ രക്ഷിതാക്കള്‍ പുറത്തേക്ക് വിട്ടില്ല. ബന്ധുക്കളിലൊരാളാല്‍ ബസില്‍ കയറിയപ്പോള്‍ അറിയുന്ന രണ്ട് പേര്‍ മാറിയിരുന്നു..അങ്ങനെ കുറേ അനുഭവങ്ങള്‍. ഒരിക്കലും കാണുകയോ അറിയുകയോ ചെയ്യാത്തവര്‍ മക്കളുടെ വിവരം ചോദിച്ച് വിളിച്ച ഓര്‍മകളുമുണ്ട്. നടി പാര്‍വതി വരെ അക്കൂട്ടത്തില്‍ ഉണ്ട്. ദൂര സ്ഥലത്ത് നിന്നും സ്‌നേഹ സമ്മാനമായി മിഠായികളും ബാഗുമൊക്കൊ കുട്ടികളുടെ പേരില്‍ പലരും അയച്ചിട്ടുണ്ട്.
ലിനി മരിച്ച് അഞ്ചാം ദിവസമാണ് എല്ലാവരെയും പേടിപ്പിച്ച് മക്കള്‍ക്ക് പനി തുടങ്ങിയത്. രാവിലെ എണീറ്റപ്പോള്‍ സിദ്ധൂന് ചെറിയ ചൂട് ഉണ്ട്. ജലദോഷവും. ആധി കയറാന്‍ വേറെയെന്തെങ്കിലും വേണോ. എന്റേം ലിനിയുടെ അമ്മയുടെയും ഉള്ള് കത്തുകയായിരുന്നു. തൊട്ട് പുറകെ റിഥുലിനും ചൂട്. ഉടന്‍ കുട്ടികളെയുമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തി. നിപാ സാധ്യത ഉള്ളതിനാല്‍ അവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. മാസ്‌ക് ഇട്ട് ലിനിയുടെ മാമിയും ചേച്ചിയുമായിരുന്നു കൂടെ പോയത്. ആംബുലന്‍സില്‍ സിദ്ധു ഛര്‍ദിച്ചതോടെ പേടി കൂടി. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക ഐസൊലേറ്റ് വാര്‍ഡ് ഒരുക്കി.


മക്കളെ എന്റെയടുത്തേക്ക് കൊണ്ട് വരല്ലേ, എന്ന് ഏതോ ലോകത്ത് നിന്ന് ലിനി പ്രാര്‍ഥിച്ചിട്ടുണ്ടാകണം, അന്ന് വൈകീട്ട് തന്നെ പനി കുറഞ്ഞു. കുട്ടികള്‍ വാര്‍ഡില്‍ ഓടികളിയ്ക്കാന്‍ തുടങ്ങി. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആ ദിവസങ്ങളിലെ സന്തോഷമുള്ള കാഴ്ചയായിരുന്നു അത്. നിപാ പരിശോധനയുടെ ഫലവും നെഗറ്റീവ്. ജീവന്‍ തിരിച്ച് കിട്ടിയ പ്രതീതി. പക്ഷെ ലിനിയുടെ മക്കള്‍ക്കും നിപാ ആണെന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ഇല്ലാ കഥകള്‍ കേട്ടപ്പോള്‍ വിഷമം തോന്നി. ഇതവസാനിപ്പിക്കാനായി മക്കളെയുമായി വീട്ടില്‍ പോയ്‌ക്കോട്ടെ എന്ന് ചോദിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചില്ല. പിന്നെയുള്ള വഴി മന്ത്രി ശൈലജ ടീച്ചറെ വിളിക്കലാണ്. ഒട്ടും വൈകാതെ വിളിച്ചു കാര്യം പറഞ്ഞു.

അപ്പോള്‍ ടീച്ചറുടെ മറുപടി ഇങ്ങനെയായിരുന്നു. '' മോനെ, മക്കളുടെ പനി ഒക്കെ മാറിയിട്ടുണ്ട്. അവര്‍ വളരെ സന്തോഷത്തോടെ ഇവിടെ കളിക്കുകയാണ്. എന്നാലും നാലു ദിവസത്തെ നിരീക്ഷണം കഴിഞ്ഞെ വിടാന്‍ കഴിയൂ. ലിനിയുടെ മക്കള്‍ ഞങ്ങളുടെയും മക്കളാണ്. അവര്‍ക്ക് ഇപ്പോ എവിടുന്ന് സംരക്ഷണം കിട്ടുന്നതിനെക്കാളും കരുതല്‍ ഞങ്ങള്‍ ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്' . ടീച്ചറുടെ ഈ സ്‌നേഹവും കരുതലും തന്നെയാണ് അന്ന് ഞങ്ങള്‍ക്ക് കരുത്തായത്. ഞങ്ങള്‍ ഒറ്റപ്പെട്ടില്ലെന്ന് നാട് ഒന്നിച്ച് പറയുന്ന പോലെയായിരുന്നു ആ വാക്കുകള്‍. ലിനിയുടെ വിയോഗത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായ വേളയില്‍ മന്ത്രി കെ കെ ശൈലജ ചെമ്പനോട വീട്ടിലെത്തിയിരുന്നു.
അങ്ങനെ നാലാം ദിവസം പൂര്‍ണ ആരോഗ്യവാന്‍മാരായ മക്കളുമായി വീട്ടിലെത്തി.രക്ത പരിശോധനയുമൊക്കെയായി ഒരു മാസത്തോളം ഞങ്ങളുടെ കാര്യങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയുണ്ടായി. ലിനി മരിച്ച് മൂന്നാം ദിവസം തന്നെ എനിയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന അറിയിപ്പ് വന്നു. മക്കള്‍ക്ക് 10 ലക്ഷം വീതവും ലിനിയുടെ അമ്മയ്ക്ക് അഞ്ച് ലക്ഷം രൂപയും തന്നു.


എനിയ്ക്ക് സര്‍ക്കാര്‍ ജോലി കിട്ടണമെന്നത് അവളുടെ വലിയ സ്വപ്‌നമായിരുന്നു. പക്ഷെ അവളിലൂടെയാണത് സാക്ഷാത്കരിക്കുക എന്ന് ഒരിക്കലും കരുതിയില്ല. വീട്ടിലിരിക്കുമ്പോള്‍ മനസ് വല്ലാതെ അസ്വസ്ഥമാകും. അതില്‍നിന്ന് രക്ഷപ്പെടാനായി വേഗത്തില്‍ ജോലിയില്‍ പ്രവേശിച്ചു. ജൂലൈ 23ന് ന് കൂത്താളി പിച്ച്‌സിയില്‍ ക്ലര്‍ക്കായി. അപ്പോഴേക്കും നാടും നിപാ ഭീതിയില്‍ നിന്ന് അകന്നിരുന്നു. നിപാ മുക്തമായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. മക്കളെയുമായി വേദിയില്‍ ഇരിക്കുമ്പോള്‍ എല്ലാ കണ്ണുകളും സിദ്ധുവിലായിരുന്നു. അമ്മയുടെ ചിത്രം വേദിയിലെ വീഡിയോയിലും ബാനറിലും കാണിക്കുമ്പോള്‍ മോന്‍ നോക്കി നില്‍ക്കും. ആ നോട്ടം പലരെയും പോലെ എന്നിലും നൊമ്പരമുണര്‍ത്തി. അന്ന് പത്രങ്ങളിലൊക്കെ സിദ്ധു ലിനിയുടെ ഫോട്ടോയില്‍ ഉമ്മ നല്‍കുന്ന ചിത്രങ്ങളായിരുന്നു. പിന്നെ ഓരോ വേദികള്‍. ലിനിയ്ക്ക് ആദരം നല്‍കുന്ന ചടങ്ങുകള്‍ വിദേശത്ത് വരെ ഉണ്ടായി. കഴിയുന്നിടത്തെല്ലാം മക്കളെയുമായി പോകും. ഐക്യരാഷ്ട്രസഭയും ലിനിയ്ക്ക് ആദരമര്‍പ്പിച്ചു.

അവളുടെ വലിയൊരു ആഗ്രഹവും സഫലീകരിക്കാനായി. റിതുഗള്‍ഫ് കണ്ടു. അവനെപ്പോഴും ലിനിയോട് പറയുമായിരുന്നു ഗള്‍ഫില്‍ അച്ഛന്റെ അടുത്തേക്ക് പോകണമെന്ന്. ആ ആഗ്രഹമാണ് കത്തില്‍ അവള്‍ പറഞ്ഞത്. ഖത്തറിലെ മലയാളി നേഴ്‌സസ് അസോസിയേഷന്റെയും ആഷിഖ് അബു ഒരുക്കിയ 'വൈറസ്' സിനിമയുടെ ട്രെയിലര്‍ പ്രകാശനത്തിന്റെയും ചടങ്ങുകള്‍ക്കാണ് ഖത്തറില്‍ പോയത്. അവന്‍ ഭയങ്കര സന്തോഷത്തിലായിരുന്നു. രണ്ട് ദിവസം ഖത്തറില്‍ ചെലവഴിച്ചാണ് ഞങ്ങള്‍ മടങ്ങിയത്. ഇന്നവരാണ് എന്റെ എല്ലാം. അവര്‍ക്ക് ഞാനും. എന്റെ രണ്ടു ഭാഗത്തുമായാണ് കിടത്തം. രാവിലെ കുളിപ്പിയ്ക്കാനും സ്‌കൂളിലേക്ക് ഒരുക്കാനുമെല്ലാം എന്നെ വേണം. വൈകീട്ട് ഞാന്‍ വരുന്നത് കാത്തിരിക്കും. ലിനിയുടെ അമ്മയും സഹോദരിമാരുമെല്ലാം നിറസ്‌നേഹം പകര്‍ന്ന് അവര്‍ക്ക് ചുറ്റിലുമുണ്ട്.

ലിനി ഇപ്പോള്‍ ഞങ്ങളുടെ മാത്രമല്ല, എല്ലാവരുടേയുമാണ്. അവള്‍ക്കൊപ്പം കുറച്ച്കാലമാണെങ്കിലും അത്രയും ജീവിക്കാനായതിന്റെ സംതൃപ്തിയുണ്ട്. നല്ലൊരു നഴ്‌സാവുക എന്നതായിരുന്നു സ്വപ്‌നം. ജോലിയോട് ആത്മാര്‍ത്ഥതയുള്ളവളായിരുന്നു. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നഴ്‌സ് കം കൗണ്‍സിലറായി പ്രവര്‍ത്തിച്ച സമയത്ത് ഞാന്‍ മനസിലാക്കിയിട്ടുണ്ടത്. പേരാമ്പ്ര ടൗണിലൂടെ നടക്കുമ്പോള്‍ ലൈംഗിക തൊഴിലാളികളെ കണ്ടാലൊക്കെ സംസാരിക്കും. ഇത് കണ്ട് പലരും എന്നോട് ചോദിക്കും. എനിയ്ക്കും ദേഷ്യം തോന്നിയിരുന്നു. പക്ഷെ ലിനിയുടെ മറുപടി ഇതായിരുന്നു, 'ഞാന്‍ എന്റെ ജോലി ആണ് ചെയ്യുന്നത്. അവരുടെ ആരോഗ്യ കാര്യങ്ങള്‍ നോക്കാനാണ് എന്നെ നിയോഗിച്ചത്. അതെനിക്ക് നിര്‍വഹിച്ചേ പറ്റൂ. മറ്റുള്ളവര്‍ക്ക് എന്ത് തോന്നുമെന്നത് ഞാന്‍ നോക്കേണ്ടതില്ല'. അവളങ്ങനെയായിരുന്നു പറയാനുള്ളത് തുറന്നു പറയും. ധൈര്യശാലി. ഇപ്പോഴുമവളുണ്ട്, ലോട്‌സ് ഓഫ് ലൗ എന്നവസാനിപ്പിച്ച ആ കുറിപ്പുമായി ചിരിച്ചു കൊണ്ടീവീടിന്റെ ചുമരില്‍. ഞങ്ങളുടെ ഓര്‍മയില്‍. റിതൂന്റേം സിദ്ധൂന്റേം അമ്മകരുതലായി എന്നും കൂടെയുണ്ടാവും...

നിപ സാക്ഷികള്‍, സാക്ഷ്യങ്ങള്‍

എന്ന പുസ്തകത്തില്‍ നിന്ന്, 9946570745



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  13 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  14 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  14 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  14 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  14 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  14 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  14 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  14 days ago