കൊവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ മൃതദേഹങ്ങളോട് അനാദരവ്; ഡബ്ല്യു.എച്ച്.ഒയുടെ മാര്‍ഗനിര്‍ദേശങ്ങളെ വളച്ചൊടിക്കുന്നതായി ആക്ഷേപം
കോഴിക്കോട്: കൊവിഡ് ബാധിച്ച് മരിക്കുന്നവരോട് പ്രോട്ടോക്കോളിന്റെ പേരില്‍ അധികൃതര്‍ അനാദരവ് കാട്ടുന്നതായി ആക്ഷേപം. മൃതദേഹത്തില്‍ നിന്ന് രോഗം പകരാന്‍ സാധ്യത കുറവാണെന്ന് ആരോഗ്യവിദഗ്ധര്‍ ആവര്‍ത്തിക്കുമ്പോഴും മൃതദേഹങ്ങള്‍ക്ക് ലഭിക്കേണ്ട ആദരവ് നല്‍കുന്നതിന് പ്രോട്ടോക്കോളിന്റെ പേരിലുള്ള കടുത്ത നിയന്ത്രണങ്ങള്‍ വിഘാതമാവുകയാണ്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ)
മാര്‍ഗനിര്‍ദേശങ്ങള്‍ കണക്കിലെടുക്കാതെ അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങള്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ബന്ധുക്കളില്‍ ഉണ്ടാക്കുന്ന പ്രയാസം ചെറുതല്ല. ജീവിതകാലം മുഴുവന്‍ എല്ലാ മതാചാരങ്ങളും കൃത്യമായി പാലിച്ചുപോരുന്നവര്‍ മരണപ്പെടുമ്പോള്‍ അവര്‍ ആഗ്രഹിച്ച രീതിയിലുള്ള അന്ത്യകര്‍മങ്ങള്‍ നടത്താന്‍ കഴിയാതെ ബന്ധുക്കള്‍ വിഷമിക്കുകയാണ്. മൃതദേഹങ്ങള്‍ കുളിപ്പിക്കുന്നതിനുള്ള തടസ്സമാണ് ഇതില്‍ പ്രധാനം. തങ്ങളുടെ ഉറ്റവരെ മതാചാരപ്രകാരം കുളിപ്പിക്കുകയെന്ന വിശ്വാസ ദൃഢതയുടെ പേരിലാണ് കഴിഞ്ഞ ദിവസം തൃശൂരില്‍ പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ക്കും മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ക്കുമെതിരേ കേസെടുത്തത്. കൊവിഡ് വ്യാപിക്കുമ്പോഴും പല കാര്യങ്ങള്‍ക്കും ഇളവ് നല്‍കുന്ന സര്‍ക്കാര്‍ കൊവിഡ് ബാധിച്ചവരുടെ മൃതദേഹം അടക്കം ചെയ്യുന്ന കാര്യത്തില്‍ തുടക്കം മുതല്‍ കാണിച്ച പിടിവാശി തുടരുകയാണ്.
മൃതദേഹത്തോട് ആദരവ് പ്രകടിപ്പിക്കുന്നതിനെയും ശരിയായ രീതിയില്‍ സംസ്‌കരിക്കുന്നതിനെയും എല്ലാ മതങ്ങളും വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. മതപരമായ ആചാരങ്ങളോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശം. എന്നാല്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവര്‍ക്ക് ഈ ആദരവ് നിഷേധിക്കപ്പെടുകയാണ്.
കൊവിഡ് വൈറസ് ജീവനുള്ള മനുഷ്യശരീരത്തില്‍ മാത്രം ജീവിക്കുന്നതാണെന്നാണ് മിക്ക പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. മൃതശരീരത്തില്‍ വൈറസിന് കൂടുതല്‍ നേരം നിലനില്‍ക്കാനാവില്ല. അവ സ്വാഭാവികമായും നശിച്ചുപോകുമെന്നതിനാല്‍ ശരീര സ്രവങ്ങള്‍ മറ്റൊരാളിലേക്ക് എത്താനുള്ള സാധ്യത വളരെ കുറവാണ്.
കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കുന്നതിന് ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ എവിടെയും മൃതദേഹം കുളിപ്പിക്കരുത് എന്ന് പറയുന്നില്ല. മൃതദേഹം കുളിപ്പിക്കുകയും മറ്റു ചടങ്ങുകള്‍ നടത്തുകയും ചെയ്യുന്നവര്‍ പി.പി.ഇ കിറ്റ് ധരിക്കണമെന്ന് മാത്രമാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്. ജീവിച്ചിരിക്കുന്ന കൊവിഡ് ബാധിതന്‍ കുളിപ്പിക്കുമ്പോഴുള്ള പ്രശ്‌നം മാത്രമാണ് മൃതദേഹം കുളിപ്പിക്കുമ്പോഴും ഉള്ളതെന്ന് ആരോഗ്യ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
ഒന്നോ രണ്ടോ പേര്‍ പി.പി.ഇ കിറ്റ് ധരിച്ചുകൊണ്ട് മൃതദേഹം കുളിപ്പിക്കുകയും അതിനുശേഷം തുണി കൊണ്ട് മൃതദേഹം പൊതിയുകയും ചെയ്യുന്നതുകൊണ്ട് കൊവിഡ് വൈറസ് മൃതദേഹത്തില്‍ നിന്നും മറ്റാര്‍ക്കെങ്കിലും കിട്ടാനുള്ള സാധ്യത കുറവാണെന്നിരിക്കേ
ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക പ്രോട്ടോക്കോളുകളില്‍ അനാവശ്യ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്.
മാന്യമായ മരണാനന്തര ചടങ്ങുകള്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ അവകാശമാണെന്നിരിക്കെ അശാസ്ത്രീയമായ പ്രോട്ടോക്കോളുകളില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ ഇനിയെങ്കിലും കണ്ണ് തുറക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."