മാലിന്യമല രണ്ടുകൊല്ലം കൊണ്ട് ഉണ്ടായതല്ല; കാര്യങ്ങള്‍ നിയന്ത്രണവിധേയം, പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്ന് മന്ത്രി
തിരുവനന്തപുരം: തീയണക്കാന്‍ ശരിയായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് വിദഗ്ധര്‍ പറഞ്ഞിട്ടുണ്ടെന്ന് തദ്ദേശ മന്ത്രി എം.ബി രാജേഷ്. ഏത് ഏജന്‍സികളുമായിട്ടാണ് കൂടിയാലോചന നടത്തേണ്ടതെന്ന് പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശം ചോദിച്ചിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ചെളിവാരി എറിയേണ്ട കാര്യമാക്കി മാറ്റാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത ദുരന്തമെന്നായിരുന്നു ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തത്തെ പ്രതിപക്ഷം നിയമസഭയില്‍ വിശേഷിപ്പിച്ചത്. എന്നാല്‍, ഗുരുതരമായ ഒരു സാഹചര്യവുമില്ലെന്ന് തദ്ദേശമന്ത്രി എംബി രാജേഷ് മറുപടി നല്‍കി. ടി.ജെ. വിനോദ് ഡെപ്യൂട്ടി മേയര്‍ ആയിരുന്ന കാലത്തും തീപ്പിടിത്തമുണ്ടായിട്ടുണ്ട്. മാലിന്യമല രണ്ടുകൊല്ലം കൊണ്ട് ഉണ്ടായതല്ല. കൊച്ചി കോര്‍പ്പറേഷന് ചുറ്റുമുള്ള ഏഴ് നഗരസഭകളിലെ മാലിന്യം ബ്രഹ്മപുരത്ത് കൊണ്ടുപോയി തള്ളാന്‍ തീരുമാനിച്ചത് ഏത് ഭരണത്തിന്റെ കാലത്താണ് എന്ന് പറഞ്ഞ് പ്രതിപക്ഷത്തെ കുത്താന്‍ ആഗ്രഹിക്കുന്നില്ല. വസ്തുത പറയുമ്പോള്‍ പ്രതിപക്ഷത്തിന് പൊള്ളുന്നത് സ്വാഭാവികമാണ്. കാര്യങ്ങള്‍ നിയന്ത്രണവിധേയമാണ്, പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞത് വസ്തുതയാണ്. വായുഗുണനിലവാരം നിരന്തരം വിലയിരുത്തിക്കൊണ്ടിരുന്നു. പരിഭ്രാന്തരാകേണ്ട കാര്യം ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ല.', മന്ത്രി പറഞ്ഞു.
ഡല്‍ഹിയില്‍നിന്ന് കേരളത്തിലെത്തിയ ചിലര്‍ പറയുന്നത് ശ്വസിക്കാന്‍ പറ്റുന്നില്ല എന്നാണ്. സത്യത്തില്‍ ശ്വസിക്കാന്‍ കേരളത്തിലേക്കു വരേണ്ട സ്ഥിതിയാണ്. കൊച്ചിയില്‍ ഏഴാം തീയതി വായുവിന്റെ ഗുണനിലവാരം 259 പിപിഎം ആയിരുന്നു. ഡല്‍ഹിയില്‍ അന്ന് 238 പിപിഎം ആയിരുന്നു. ഇന്ന് കൊച്ചിയില്‍ 138 പിപിഎം ആണ്. ഡല്‍ഹിയില്‍ 223ഉം.- മന്ത്രി പറഞ്ഞു.
ബ്രഹ്മപുരത്ത് മാലിന്യം സംസ്‌കരിക്കുന്ന കമ്പനി വ്യാജ കമ്പനിയാണ് കടലാസ് കമ്പനിയാണ് എന്ന് ആരോപിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. രണ്ടുഡസനോളം നഗരങ്ങളില്‍ മാലിന്യ സംസ്‌കരണത്തിന് നേതൃത്വം നല്‍കുന്ന കമ്പനിയാണ് ബ്രഹ്മപുരത്തും വന്നിട്ടുള്ളത്. കോണ്‍ഗ്രസ് പ്ലീനം നടന്ന ഛത്തീസ്ഢിലെ റായ്പുരിലും രാജസ്ഥാനിലെ ജോധ്പുരിലും പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്.
ഗെയിലിന് പങ്കാളിത്തമുള്ള കമ്പനിയെക്കുറിച്ചാണ് കടലാസ് കമ്പനി എന്ന് പ്രചരിപ്പിക്കുന്നത്. മാധ്യമങ്ങള്‍ പറയുന്നത് കേട്ടാണ് ഇത്തരം ആരോപണവുമായി ഇറങ്ങിയത്. സുതാര്യമായാണ് കരാര്‍ നല്‍കിയതെന്നും മന്ത്രി പറഞ്ഞു.
വിഷയം സഭ നിര്‍ത്തി ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചതോടെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."