മോദിയുടെ റോഡ് ഷോ കാണാൻ അമ്മയ്ക്കൊപ്പം എത്തിയ കുട്ടിയുടെ കറുത്ത ടീ–ഷർട്ട് ഊരിമാറ്റി പൊലിസ്
ബെംഗളൂരു: ബെംഗളൂരു– മൈസൂരു പാതയുടെ ഉദ്‌ഘാടനത്തിന് കർണാടകയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റോഡ് ഷോ കാണാൻ എത്തിയ കുട്ടിയുടെ കറുത്ത വസ്ത്രം അഴിപ്പിച്ചതായി പരാതി. മണ്ഡ്യയിൽ മോദിയുടെ റോഡ് ഷോ കാണാൻ അമ്മയ്ക്കൊപ്പം എത്തിയ കുട്ടിയുടെ കറുത്ത ടീ–ഷർട്ടാണ് പൊലിസ് അഴിപ്പിച്ചത്.
റാലി നടക്കുന്നതിന്റെ പരിസരത്തേയ്ക്ക് കുട്ടിയുമായി എത്തിയതായിരുന്നു അമ്മ. എന്നാൽ മകന്റെ ടീ–ഷർട്ട് ഊരാൻ പൊലിസ് അമ്മയോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ കുട്ടിക്കു മേൽവസ്ത്രമില്ലാതെ അമ്മ സെക്യൂരിറ്റി പരിശോധനകൾ പൂർത്തിയാക്കി. പരിശോധനക്ക് ശേഷം പിന്നീട് ടീ–ഷർട്ട് ധരിപ്പിക്കാൻ അമ്മ ശ്രമിച്ചെങ്കിലും പൊലിസ് വീണ്ടുമെത്തി തടഞ്ഞു.
ബെംഗളൂരു– മൈസൂരു എക്സ്പ്രസ് വേയുടെ ഉദ്ഘാടത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച മണ്ഡ്യയിലെത്തിയത്. നഗരത്തിൽ സംഘടിപ്പിച്ച മെഗാ റോഡ് ഷോയ്ക്കു പിന്നാലെയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. വൻ ജനാവലി പൂക്കൾ വർഷിച്ചാണ് പ്രധാനമന്ത്രിയെ
റാലിയിൽ സ്വീകരിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കർണാടകയിൽ രണ്ടര മാസത്തിനിടെ ആറാമതാണ് മോദി എത്തുന്നത്. 15,900 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് കർണാടകയിൽ പ്രധാനമന്ത്രി ഒറ്റദിവസം തുടക്കംകുറിച്ചത്. അതിനിടെ ബെംഗളൂരു– മൈസൂരു എക്സ്പ്രസ് വേ പണി പൂർത്തിയാക്കാതെയാണ് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തതെന്ന ആരോപണവും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."