മാസപ്പിറവി: കാഴ്ചയെ തന്നെ അവലംബിച്ച് അറബ് രാജ്യങ്ങള്‍
കോഴിക്കോട്: കേരളത്തിലെ മുജാഹിദ് സംഘടനകള്‍ മാസം ഉറപ്പിക്കാന്‍ ഗോളശാസ്ത്ര വിവരങ്ങളെ മാത്രം അടിസ്ഥാനമാക്കുമ്പോള്‍ മാസപ്പിറവിക്ക് കാഴ്ചയെ തന്നെ അവലംബിച്ച് അറബ് രാജ്യങ്ങള്‍. സലഫി ചിന്താധാരകള്‍ പിന്തുടരുന്ന സഊദി അറേബ്യയുള്‍പ്പെടെയുള്ള രാജ്യങ്ങളാണ് പരമ്പരാഗതമായി മുസ്ലിം സമൂഹം അവലംബിക്കുന്ന മാര്‍ഗം തന്നെ മാസമുറപ്പിക്കാന്‍ സ്വീകരിക്കുന്നത്.
ഇന്നലെ റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കിയ അറബ് രാജ്യങ്ങള്‍ ചൊവ്വാഴ്ച വൈകിട്ട് മാസപ്പിറവി കാഴ്ചയില്‍ ദൃശ്യമാകാത്തതിനെ തുടര്‍ന്ന് മാത്രമാണ് ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയായി ഉറപ്പിച്ചത്. ഈ രാജ്യങ്ങളില്‍ സൂര്യാസ്തമയത്തിനും മുമ്പേ ചന്ദ്രന്‍ അസ്തമിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും റമദാന്‍ 29ന് വൈകിട്ട് ചന്ദ്രപ്പിറവി നോക്കാന്‍ ഔദ്യോഗികമായി തന്നെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
ദുബൈ ആസ്ട്രോണമി ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് ഡോ. ഹസ്സന്‍ അല്‍ ഹരീരി, യു.എ.ഇയില്‍ സൂര്യാസ്തമയത്തേക്കാള്‍ 11 മിനുട്ട് മുന്‍പ് ചന്ദ്രന്‍ അസ്തമിക്കുന്നതുകൊണ്ട് വ്യക്തമായി ചന്ദ്രപ്പിറവി കാണാനുള്ള സാധ്യത കുറവാണെന്ന് നേരത്തെ പറഞ്ഞിരുന്നു. പക്ഷേ അത്തരം അനുമാനങ്ങള്‍ അവഗണിച്ച് കൊണ്ടാണ് ഇപ്രാവശ്യവും യു.എ.ഇ സര്‍ക്കാര്‍ മാസപ്പിറവി നോക്കണമെന്ന് പ്രഖ്യാപനം നടത്തിയത്.
യു.എ.ഇയില്‍ സര്‍ക്കാരിനു കീഴിലുള്ള മാസപ്പിറവി ദര്‍ശന കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് അന്തിമ പ്രഖ്യാപനം നടത്തുക. മാസപ്പിറവി ദര്‍ശനത്തെ കുറിച്ച് സൂചന ലഭിച്ചാല്‍ അക്കാര്യം ശരീഅത്ത് കോടതികള്‍ ആദ്യം അറിയിക്കേണ്ടത് ഈ കമ്മിറ്റിയെയാണ്. തുടര്‍ന്ന് അബൂദാബി നീതിന്യായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലൂണാര്‍ കലണ്ടര്‍ കമ്മിറ്റി തെളിവുകള്‍ വിസ്തരിക്കും. ശേഷം റിപ്പോര്‍ട്ട് യു.എ.ഇ നീതിന്യായ വകുപ്പിനു കൈമാറും. തുടര്‍ന്നാണ് അന്തിമ പ്രഖ്യാപനം നടത്തുന്നത്. ഇപ്രാവശ്യം മാസപ്പിറവി കണ്ടതായി യു.എ. ഇ യില്‍ എവിടെയും റിപ്പോര്‍ട്ട് ഉണ്ടായിരുന്നില്ല.
സഊദി അറേബ്യയിൽ ഇക്കുറി സൂര്യനും പതിമൂന്ന് മിനുട്ട് മുമ്പേ ചന്ദ്രൻ അസ്തമിക്കുമെന്നായിരുന്നു റിപ്പോർട്ട് . പക്ഷേ ചന്ദ്രക്കല ദൃശ്യമായാൽ അറിയിക്കണമെന്ന് സഊദി സുപ്രിം കോടതി നേരത്തെ തന്നെ ജനങ്ങളോട് ആഹ്വാനം ചെയ്തു. ചാന്ദ്ര ദർശനത്തിന് സാധിക്കുന്നവർ അതിനായി മുന്നോട്ട് വരണമെന്നും ഇതിനായി ഓരോ പ്രദേശത്തും രൂപീകരിച്ച കമ്മിറ്റികളുമായി സഹകരിക്കണമെന്നും നന്മയുടെയും ഭക്തിയുടെയും പേരിലുള്ള അത്തരം സഹകരണങ്ങൾക്ക് കൈകോർക്കണമെന്നും കോടതി നേരത്തെ ഇറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു. സഊദിയിലെ തുമൈർ നിരീക്ഷണ കേന്ദ്രത്തിൽ കാണാൻ പറ്റിയില്ലെന്നും മറ്റിടങ്ങളിൽ നിരീക്ഷണം തുടരുകയാണെന്നും മാസപ്പിറവി കാണാത്തത് സംബന്ധിച്ച അന്തിമ പ്രഖ്യാപനം വരും മുമ്പ് സഊദിയിൽ നിന്ന് ലൈവ് വാർത്താ അപ്ഡേറ്റുകളും വന്നിരുന്നു.
ഖത്തറിലും കുവൈത്തിലും സമാനമായ അറിയിപ്പ് ഉണ്ടായിരുന്നു. മാസപ്പിറവി ദൃശ്യമാകുന്നവർ അറിയിക്കണമെന്ന് കുവൈത്ത് ഗവൺമെന്റിനു കീഴിലുള്ള ഹയ്അത്തു റുഅയത്തി ശർഇയ്യ പ്രത്യേകം നമ്പർ തന്നെ നൽകി ജനങ്ങളോട് അഭ്യർത്ഥിച്ചു.
സഊദിയില്‍ റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി (KACST) യുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോണമിക്കല്‍ ആന്റ് ജിയോ ഫിസിക്കല്‍ റിസര്‍ച്ച് വിഭാഗത്തിന്റെ ചന്ദ്ര നിരീക്ഷണ സംബന്ധമായ ശാസ്ത്രീയ വിശകലനങ്ങള്‍ ലഭ്യമാണ്. യു.എ.ഇ യില്‍ അബൂദാബിയിലെ അല്‍ ഖത്മ് ആസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററി ഉള്‍പ്പെടെ ശാസ്തീയ നിഗമനങ്ങള്‍ക്ക് ഗവണ്‍മെന്റ് തലത്തില്‍ തന്നെ ഏറെ പുരോഗമനപരമായ സംവിധാനങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട്. എന്നിട്ടും ഇത്തരം മുസ്ലിം രാജ്യങ്ങള്‍ മതപരമായ ആരാധാനാ കര്‍മ്മങ്ങള്‍ക്ക് മതത്തിന്റെ തന്നെ നിര്‍ദേശങ്ങള്‍ മുഖവിലക്കെടുത്ത് മാസപ്പിറവിയ്ക്ക് കാഴ്ച തന്നെ ആശ്രയിക്കുന്നുവെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."