കാരുണ്യം കയ്ച്ചുതുടങ്ങുമ്പോള്‍
നാസിയ ഇറുമിന്റെ 'മദറിങ് എ മുസ്‌ലിം' എന്ന പുസ്തകം 2017 ലാണ് പുറത്തിറങ്ങിയത്. 2018ല്‍ പേപ്പര്‍ ബാക്ക് ലഭ്യമായ ഉടനെത്തന്നെ വാങ്ങിയിരുന്നുവെങ്കിലും ഈയിടെ മാത്രമാണ് വായിച്ചത്. ഇന്ത്യയുടെ സമകാലിക സാമൂഹ്യാവസ്ഥയില്‍ എങ്ങനെയാണ് പരസ്പര സ്പര്‍ദ്ധയുടെ വിത്തുകള്‍ മുളച്ചു തിടംവയ്ക്കുന്നതെന്ന് ഈ ചെറിയ പുസ്തകം എത്ര ഭംഗിയായി വിവരിക്കുന്നു എന്നോ! 2014ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നശേഷം മുസ്‌ലിംകളോടുള്ള അപരത്വം അടിച്ചേല്‍പ്പിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എങ്ങനെ ഉപാധികളാക്കപ്പെടുന്നെന്ന് സ്ഥിതിവിവരക്കണക്കുകളിലൂടെയും അഭിമുഖങ്ങളിലൂടെയും സമര്‍ഥിക്കുകയാണ് നാസിയ. ഡല്‍ഹി, നോയ്ഡ, ഗുരുഗ്രാം, ഇന്‍ഡോര്‍, നൈനിത്താള്‍, ഹൈദരാബാദ് എന്നീ നഗരങ്ങളിലെ പ്രശസ്തമായ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളോടും അവരുടെ രക്ഷിതാക്കളോടും അവരെ പഠിപ്പിക്കുന്ന അധ്യാപകരോടുമെല്ലാം സംസാരിച്ചു ഗ്രന്ഥകാരി എത്തിച്ചേരുന്ന നിഗമനങ്ങള്‍ വെളിപ്പെടുത്തുന്നത് തുരങ്കത്തിന്റെ അറ്റത്ത് വെളിച്ചമില്ല എന്ന് തന്നെയാണ്. ഇതുളവാക്കുന്ന നിരാശ വായനക്കാരുമായി പങ്കുവയ്ക്കണമല്ലോ.
നീ പാകിസ്താനിയാണെന്നും ഭീകരവാദിയാണെന്നും കേട്ടാല്‍, അതും തന്റെ ബെഞ്ചില്‍ തൊട്ടടുത്തിരിക്കുന്ന കൂട്ടുകാരനോ കൂട്ടുകാരിയോ ആണ് പറയുന്നതെങ്കില്‍ ആറോ ഏഴോ വയസുള്ള ഒരു കൊച്ചു കുട്ടിയുടെ മനസില്‍ അത് സൃഷ്ടിക്കുന്ന ആഘാതം എത്ര വലുതായിരിക്കും. പശു മാംസം തിന്നുന്നവരാണ് നിങ്ങളെന്ന് പറഞ്ഞ് ടിഫിന്‍ ബോക്‌സ് പങ്കിടാന്‍ വിസമ്മതിക്കുന്നുവെങ്കില്‍ ഒരു മുസ്‌ലിം കുട്ടിയെ അതെത്രമാത്രം സങ്കടപ്പെടുത്തുന്നുണ്ടാവും. കൂട്ടുകാരുടെ ബര്‍ത്ത് ഡേ പാര്‍ട്ടികളില്‍നിന്ന് അവരെ മാറ്റിനിര്‍ത്തിയാലോ! ഹിജാബ് വൃത്തികെട്ട വസ്ത്രധാരണമാണെന്ന അധിക്ഷേപം ദിവസവും കേള്‍ക്കുന്നതിന്റെ പ്രയാസം അതിലേറെ. അധ്യാപകര്‍ കൂടി ഈ കളിയാക്കലില്‍ ചേരുന്ന അനുഭവങ്ങളുമുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ചതെന്നറിയപ്പെട്ട പബ്ലിക് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാനേജ്‌മെന്റുകള്‍ക്കും കുട്ടികളുടെ രക്ഷിതാക്കള്‍ക്കുമിടയില്‍ ദീര്‍ഘകാലം നടത്തിയ പഠന ഗവേഷണങ്ങളാണ് ഞെട്ടിപ്പിക്കുന്ന അറിവുകള്‍ ഉള്‍ക്കൊള്ളുന്ന ഈ പുസ്തകമെഴുതന്നതിലേക്ക് നാസിയയെ നയിച്ചത്.
മുസ്‌ലിം മാതൃത്വം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് വിദ്യാലയങ്ങളില്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ സഹിക്കേണ്ടിവരുന്ന ഈ നിന്ദ, ഈ വിവേചനം. സ്‌കൂളധികൃതര്‍ ഇത് കാര്യമായെടുക്കുന്നില്ല എന്നുകൂടി ഗ്രന്ഥകാരി ചൂണ്ടിക്കാണിക്കുന്നു. ഒരുപക്ഷേ മുസ്‌ലിംകളുടെ മേല്‍ അപരത്വം അടിച്ചേല്‍പ്പിക്കുന്ന പ്രവണത ആഗോളതലത്തില്‍ ഇസ്‌ലമോഫോബിയയുടെ ഭാഗമായുണ്ടാവാം. വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചയിലേക്ക് നയിച്ച ഭീകരാക്രമണങ്ങള്‍ക്കു ശേഷവും ഐ.എസും താലിബാനും മറ്റും സൃഷ്ടിക്കുന്ന ഭീതികളുടെ തുടര്‍ച്ചയായും മുഖ്യധാര മുസ്‌ലിംകളെ സംശയമുനയില്‍ നിര്‍ത്തുന്നത് സ്വാഭാവികമാണ്. എന്നാല്‍, 2014ല്‍ മോദിയുടെ നേതൃത്വത്തിനു കീഴില്‍ ബി.ജെ.പി അധികാരത്തിലെത്തിയതിനു ശേഷമാണ് മുസ്‌ലിം വിദ്വേഷം എല്ലാ ജീവിത മണ്ഡലങ്ങളിലേക്കും അരിച്ചിറങ്ങിയത് എന്നാണ് നാസിയയുടെ നിരീക്ഷണം. താന്‍ അഭിമുഖം നടത്തിയ മാതാപിതാക്കള്‍ നല്‍കിയ ഉത്തരങ്ങളാണ് അവരെ ഈ നിരീക്ഷണത്തിലേക്ക് നയിച്ചത്. നാസിയ തന്റെ പഠനങ്ങള്‍ക്ക് ആധാരമാക്കിയ സ്‌കൂളുകളുടെ പട്ടിക നല്‍കുന്നുണ്ട്. ഉന്നതശ്രേണിയില്‍ പെട്ടവരും ഉയര്‍ന്ന മധ്യവര്‍ഗത്തില്‍ പെട്ടവരും ഉദ്യോഗസ്ഥരും പ്രൊഫഷണലുകളും അടക്കമുള്ള എലീറ്റുകളുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളുകളാണിവ. താരതമ്യേന ലിബറലും ആധുനികവുമായ വീക്ഷണങ്ങള്‍ പുലര്‍ത്താന്‍ അനുശാസിക്കപ്പെടേണ്ട കുട്ടികളാണ് അവിടെ പഠിക്കുന്നത്. അവിടെയാണ് ഇത്തരം മുസ്‌ലിംവിരുദ്ധ ചിന്ത ചെറുപ്പത്തിലേ കുട്ടികളില്‍ കുത്തിവയ്ക്കപ്പെടുന്നത് തീര്‍ച്ചയായും അപായസൂചനയാണ്. കാരണം കുട്ടികള്‍ സ്വയം മുസ്‌ലിം വിരുദ്ധരാവുകയല്ലല്ലോ. അച്ഛനമ്മമാരുടെ നിത്യജീവിത വ്യവഹാരങ്ങളിലെ മുസ്‌ലിംവിരുദ്ധതയാണ് കുട്ടികളിലേക്ക് പ്രസരിപ്പിക്കപ്പെടുന്നത്. ഇന്ത്യയിലെ മധ്യവര്‍ഗം കൂടുതലായി വര്‍ഗീയവല്‍ക്കരിക്കപ്പെടുകയും ഹൈന്ദവവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നു എന്നതിന്റെ തെളിവാണിത്. ഈ പ്രതിലോമചിന്ത കുട്ടികളിലേക്ക് കൂടി പകര്‍ന്നുകൊടുക്കുന്നെന്ന് ഗ്രന്ഥകര്‍ത്രി പറഞ്ഞുറപ്പിക്കുന്നു.
2014ലെ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി നടത്തിയ പ്രചാരണങ്ങള്‍ ഹിന്ദു മധ്യവര്‍ഗത്തിന്റെ വീക്ഷണങ്ങളെ വളരെയധികം മാറ്റി. 2019ലെത്തിയപ്പോള്‍ രാമക്ഷേത്ര നിര്‍മാണം, പശു മാംസം, പാരത്വം തുടങ്ങിയ വിഭജനോന്മുഖ ബിംബങ്ങള്‍ അവരുടെ വീക്ഷണങ്ങളെ അക്രമാസക്ത ഹിന്ദുത്വത്തോട് കൂടുതല്‍ ചേര്‍ത്തുനിര്‍ത്തി. യോഗി ആദിത്യനാഥിന് ബി.ജെ.പി രാഷ്ട്രീയത്തില്‍ കൈവന്ന മേല്‍ക്കൈ സംഗതികള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത് എന്നാണ് പല രക്ഷിതാക്കളും കരുതുന്നത്. സ്‌കൂളിനു പുറത്ത് നിന്നെത്തിയ ഇത്തരം അപഥ ചിന്തകളെ പ്രതിരോധിക്കാന്‍ മാനേജ്‌മെന്റുകള്‍ ശ്രമിക്കുന്നില്ല. സ്‌കൂള്‍ ഒരു അടയാളമാണ്.
ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയിലുണ്ടായ ഈ അകല്‍ച്ച ഇരു സമുദായങ്ങളിലേയും ലിബറലുകളെ എങ്ങനെയാണ് ബാധിക്കുന്നതെന്നും ആലോചിക്കുന്നു ഗ്രന്ഥകാരി. 2017ല്‍ സെന്റര്‍ ഫോര്‍ ദി സ്റ്റഡീസ് നടത്തിയ ഒരു സര്‍വേ അനുസരിച്ച് 33 ശതമാനം ഹിന്ദുക്കള്‍ക്ക് മാത്രമേ അടുത്ത മുസ്‌ലിം സുഹൃത്തുക്കളുള്ളൂ. അതേസമയം, 74 ശതമാനം മുസ്‌ലിംകളുടേയും അടുത്ത ചങ്ങാതിമാര്‍ ഹിന്ദുക്കളാണ്. ഇതൊരു കിറുകിറുകൃത്യമായ സാമാന്യവല്‍ക്കരണമല്ല. ഹിന്ദുക്കളില്‍ വിശ്വാസമര്‍പ്പിച്ച് മറ്റെല്ലാം മറന്ന് കഴിഞ്ഞുകൂടുകയാണ്. സ്‌കൂളുകളില്‍ നേരിടുന്ന വിവേചനം മിണ്ടാതെ സഹിച്ച്, അധ്യാപകരോടോ മാനേജ്‌മെന്റുകളോടോ പരാതി പോലും പറയാതെ അവര്‍ തങ്ങള്‍ക്ക് അനുവദിച്ചു കിട്ടിയ മുഖ്യധാരയുടെ ചായിപ്പില്‍ മിണ്ടാതിരിക്കുന്നു. എഴുത്തുകാരിയായ രഖ്ശന്ദാ ജലീല്‍ പറയുന്നത് മുസ്‌ലിംസ് ടെററിസ്റ്റ് ഹോതേ ഹൈ, മുസ്‌ലിംസ് നഹാതെ നഹി ഹൈ, മുസ്‌ലിംസ് ഗണ്ടെ ഹോതേ ഹേ, ബഹുത് ശാദിയാം കര്‍തേ ഹൈ, (മുസ്‌ലിംകള്‍ ഭീകരവാദികളാണ്, കുളിക്കാത്തവരാണ്, വൃത്തിയില്ലാത്തവരാണ്, നിരവധി പ്രാവശ്യം കല്യാണം കഴിക്കുന്നവരാണ് ) എന്ന് മുഖ്യധാര ഇപ്പോഴും കരുതുന്നു എന്നാണ്. ചെറുപ്പത്തിലേ പിടികൂടി കുട്ടികളില്‍ ഈ ധാരണ കുത്തിവയ്ക്കുന്നു. ഇതുണ്ടാക്കിയേക്കാവുന്ന അപകടം മുസ്‌ലിം കുട്ടികളില്‍ അത് നേരെ വിപരീതമായ രീതിയില്‍ പ്രതിപ്രവര്‍ത്തിച്ചേക്കാം എന്നുള്ളതാണ്. അങ്ങനെ വരുമ്പോള്‍ മുസ്‌ലിം ചെറുപ്പക്കാര്‍ ദേശവിരുദ്ധ, മതവിരുദ്ധ, ലിബറല്‍ വിരുദ്ധ ആശയങ്ങളിലേക്ക് വഴിതെറ്റിപ്പോകുന്ന അവസ്ഥയാണുണ്ടാവുക. വിദ്യാലയ
ങ്ങള്‍ ഐ.എസിന്റെ റിക്രൂട്ടിങ് സെന്ററുകളാവാന്‍ വഴിയൊരുക്കുകയാണോ മുസ്‌ലിം വിരുദ്ധതയുടെ രാഷ്ട്രീയം ചെയ്യുന്നത്. അതിന്റെ വ്യാകുലതകളും നാസിയ ഹസന്റെ പുസ്തകം പ്രകടിപ്പിക്കുന്നു.
മുസ്‌ലിംകളുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അപരത്വത്തോളം തന്നെ അപകടകരമാണ് മുസ്‌ലിം ജീവിതത്തിലെ നിതാന്ത സാന്നിധ്യമായ ഹറാം പൊലിസിന്റെ സാന്നിധ്യം എന്നും നാസിയ നിരീക്ഷിക്കുന്നു. എല്ലാ കാര്യങ്ങളും ഒരു മയോ പിക് ഇസ്‌ലാമിക കണ്ണടയിലൂടെ കാണണമെന്ന ഈ നിര്‍ബന്ധം വഹാബി, സലഫി ഇസ്‌ലാമിന്റെ കടന്നുകയറ്റം മൂലമാണ് സംഭവിച്ചത്. ഗ്രന്ഥകാരി അതിനെ നിരാകരിക്കുന്നു. അതേസമയം, ഇസ്‌ലാമിക ജീവിതത്തെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. ഹിജാബ് ധരിക്കുകയും എന്നാല്‍ കുടുംബനാഥയെന്ന നിലയില്‍ സ്വതന്ത്രമായി എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിക്കുകയും ചെയ്യുന്ന ആസിയാ അഹമ്മദ് ഖാന്‍ പുതിയ കാലത്തെ മുസ്‌ലിം സ്ത്രീയുടെ മാതൃകയായാണ് ഈ പുസ്തകത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മുസ്‌ലിം സ്ത്രീക്ക് പല സ്വത്വങ്ങളുമുണ്ട്. മുസ്‌ലിമിന്റെ, മാതാവിന്റെ, ഇന്ത്യക്കാരിയുടെ, വീട്ടമ്മയുടെ, ഇവയില്‍ മുസ്‌ലിം വ്യക്തിത്വത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം അവളെ കാണുന്നതിന്റെ അനൗചിത്യമാണ് നാസിയയുടെ ആലോചനാ വിഷയം, മുസ്‌ലിമിന്റെ ഉമ്മയാവുക എന്നതിലുള്ള ഒരു പ്രധാന പ്രശ്‌നം അതാണ്.
ഭീകരവാദിയാവുന്നതെങ്ങനെ?
നാസിയ എറും സ്ത്രീ കാഴ്ചപ്പാടിലൂടെയാണ് ഇന്ത്യയില്‍ മുസ്‌ലിമായി വളര്‍ന്നുവരുന്നത് ഒരു റഫ് റൈഡാണെന്ന് നിരീക്ഷിക്കുന്നതെങ്കില്‍ നിയാസ് ഫാറൂഖിയുടെ 'ആന്‍ ഓര്‍ഡിനറി മാന്‍സ് ഗൈഡ് റ്റു റാഡിക്കലിസം' സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന യൗവനത്തിന്റെ വിഹ്വലതകള്‍ ചര്‍ച്ച ചെയ്യുന്ന കൃതിയാണ്. ജാമിഅ മില്ലിയ്യയില്‍ വിദ്യാര്‍ഥിയായിരുന്നു നിയാസ് ഫാറൂഖി. ബട്‌ലാ ഹൗസിലെ വെടിവയ്പ്പിന്റെ പശ്ചാത്തലത്തില്‍ എങ്ങനെ വെറും മുസ്‌ലിംകള്‍ മാത്രമായ ചെറുപ്പക്കാരുടെ ചുമലില്‍ ഭീകരവാദിയെന്ന കുറ്റം അടിച്ചേല്‍പ്പിക്കപ്പെട്ടു എന്ന വിഷയം ചര്‍ച്ച ചെയ്യുന്ന കൃതിയാണിത്. ഈ ദുരന്തം നിര്‍ഭാഗ്യവശാല്‍ നമ്മുടെ മതേതര പൊതുബോധം ശരിയായ അര്‍ഥത്തില്‍ തിരിച്ചറിഞ്ഞില്ല. ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീതയേയും സമീകരിക്കുന്നതിന്റെ പ്രശ്‌നം അതില്‍ അടങ്ങിയിട്ടുണ്ട്.
കെ.പി രാമനുണ്ണിയുടെ ഹൈന്ദവമെന്ന കഥയെ ഈ പശ്ചാത്തലത്തില്‍ വിലയിരുത്തുന്നത് നന്നായിരിക്കും. ഈ കഥയിലെ മുസ്‌ലിം കുട്ടി നാസിയയുടെ പുസ്തകത്തിലെ നിരവധി കുട്ടികളെപ്പോലെ മുഖ്യധാരാ പൊതുബോധത്തിന്റെ ഇരയാണ്. താന്‍ തോറ്റുകൊടുക്കേണ്ടതാണ് എന്ന ബോധമാണ് അവന്‍ അറിയാതെ അവന്റെ ഉള്ളിലേക്ക് സന്നിവേശിക്കപ്പെടുന്നത്. അവന്‍ തോറ്റുകൊടുക്കുന്നു. അവന്‍ മാത്രമല്ല മുസ്‌ലിം സമുദായം മുഴുവനും തോറ്റുകൊടുക്കേണ്ട മാനസികാവസ്ഥയിലാണെന്നാണ് മുഖ്യധാരയെ വിചാരണ ചെയ്യുന്ന ഈ കഥയിലൂടെ കെ.പി രാമനുണ്ണി സ്ഥാപിക്കുന്നത്. കാരുണ്യം പോലും കയ്ച്ചുകൊണ്ടേ മുസ്‌ലിം സമുദായത്തിന് സ്വീകരിക്കാന്‍ സാധിക്കുന്നുള്ളൂ. നാസിയയുടെ കൃതിയിലെ സ്‌കൂള്‍ കുട്ടികളുടെ മാനസികാവസ്ഥയില്‍ ഈ കയ്പിന്റെ അവസ്ഥാന്തരമാണ് ദര്‍ശനീയമാവുന്നത്.
ഈ അവസ്ഥ പ്രസക്തമായ ഒരാലോചന ആവശ്യപ്പെടുന്നുണ്ട്. മുഖ്യധാര മുസ്‌ലിം ന്യൂനപക്ഷത്തെ ഉള്‍ക്കൊള്ളുന്നുണ്ടോ? മുസ്‌ലിംകള്‍ കൂടി ഉള്‍ക്കൊള്ളുന്ന മുഖ്യധാരയാണോ അതോ മുസ്‌ലിംകള്‍ക്ക് അടുക്കളത്തിണ്ണയില്‍ ഇത്തിരി ഇടം തരുന്ന മുഖ്യധാരയാണോ മതേതര പൊതുബോധത്തിന്റെ സങ്കല്‍പത്തിലുള്ളത്? പൗരത്വ നിയമം നടപ്പാക്കുകയില്ല എന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഒരു കാരുണ്യമായി അനുഭവപ്പെടുമ്പോള്‍ മുഖ്യധാരയുടെ ഭാഗമാവുന്നില്ല മുസ്‌ലിംകള്‍, മറിച്ച് പുറത്തുനിന്നു കൈ നീട്ടുന്നവരാവുകയാണ്. ഇന്ത്യക്കാരായി ജീവിക്കുക എന്ന അവകാശം എടുത്തുകളയുന്നതിന്റെ മറുരൂപമാണ് അക്കമഡേഷന്റെ ഭാഗമായി അത് കൈയില്‍വച്ചുതരുന്നത്. അങ്ങനെ കയ്ച്ച കാരുണ്യമോ രണ്ടാംതരം പൗരത്വത്തിന്റെ ദാസ്യമോ അല്ല ഒരു ന്യൂനപക്ഷത്തിനും വേണ്ടത്. നാസിയയുടെ പുസ്തകത്തിലെ വരികള്‍ക്കിടയില്‍ ഈ ദാസ്യത്തിലേക്ക് സഞ്ചരിക്കേണ്ടി വരാനിടയുള്ള ഭാവി പൗരന്മാരെ കുറിച്ചുള്ള ഭീതി വായിച്ചെടുക്കാന്‍ കഴിയും. അതില്ലാതാകുമ്പോഴേ ഭരണഘടന അനുശാസിക്കുന്ന തുല്യത രാജ്യത്ത് ഉണ്ടാവുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."