വിശുദ്ധ റമദാനിൽ ഹറമിലേക്ക് ലക്ഷങ്ങൾ ഒഴുകിയിട്ടും ശക്തമായ കൊവിഡ് പ്രോട്ടോകോളിൽ ശുഭ പര്യവസാനം
മക്ക/മദീന: കടുത്ത കൊവിഡ് ഭീഷണിക്കിടെയും ലക്ഷക്കണക്കിന് വിശ്വാസികൾക്ക് അനുവാദം നൽകി റമദാൻ ഉംറ തീര്‍ഥാടനം നല്ല രീതിയിൽ പര്യവസാനിച്ചതിന്റെ ആശ്വാസത്തിൽ സഊദി ഭരണകൂടം. ലോകമാസകലം ഒത്തു ചേരലും പ്രാർത്ഥനകളും വിലക്കിയപ്പോഴും കൃത്യമായ മാർഗ്ഗ നിർദേശങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും എങ്ങനെ നടത്താമെന്ന് കാണിച്ചു തരികയായിരുന്നു സഊദി ഹജ്ജ് ഉംറ മന്ത്രാലയവും ഇരു ഹറം കാര്യാലയ വകുപ്പും. കര്‍ശനമായ സുരക്ഷാ പ്രതിരോധ പരിപാടികള്‍ ഫലപ്രദമായി നടപ്പാക്കിയതിന്റെ ആശ്വാസത്തിലാണ് ഹറം പ്രസിഡന്‍സി. ലക്ഷക്കണക്കിന് തീര്‍ഥാടകർ കഴിഞ്ഞ ഒരു മാസക്കാലത്തിനിടെ ഇരു ഹറമുകളിലും ഉംറക്കും പ്രാർത്ഥനക്കുമായി കയറിയിറങ്ങിയപ്പോഴും ഒരാൾക്ക് പോലും ലോകം ഭീതിയുടെ കാണുന്ന കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുകയോ പടരുകയോ ചെയ്തില്ലെന്നത് എടുത്ത് പറയേണ്ടത് തന്നെയാണ്.
ഇവിടെയാണ് ഇരു ഹറം കാര്യാലയ വകുപ്പിന്റെ മികച്ച നേട്ടം എടുത്ത് പറയേണ്ടത്. ഒരാള്‍ക്ക് പോലും രോഗമില്ലെന്ന് ഉറപ്പുവരുത്താന്‍ കഴിഞ്ഞ, അങ്ങേയറ്റം ശാസ്ത്രീയമായ പ്രതിരോധപരിപാടികളാണ് ഇവിടെ നടപ്പാക്കിയത്. പ്രത്യേക ആപ്പിലൂടെ മാനദണ്ഡങ്ങൾ പാലിച്ചവർക്ക് മാത്രം നിശ്ചിത സമയത്തേക്ക് പെർമിറ്റ് നൽകുകയും ദിവസേന പല തവണ ഹറം അണുവിമുക്തമാക്കിയും തീര്‍ഥാടകരുടെ ആരോഗ്യ അവസ്ഥ വിലയിരുത്തിയുമായിരുന്നു ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.
ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് വിശ്വാസികളാണ് മക്കയിലെയും മദീനയിലെയും വിശുദ്ധ പള്ളികളില്‍ പ്രാര്‍ഥിക്കാനായി എത്തുന്നത്. ഈ വിശാലമായ ജനക്കൂട്ടത്തെ സുരക്ഷിതമായി ആരാധനകള്‍ നിര്‍വഹിക്കാന്‍ പ്രാപ്തമാക്കുക എന്നത് വലിയ പ്രയത്‌നമാണ്. അതാണ് സഊദി ഭരണകൂടം സാധിച്ചെടുത്തതും ലോകത്തിനു മുന്നിൽ അവതരിപ്പിച്ചതും. കഴിഞ്ഞ റമദാനിൽ ആർക്കും തന്നെ അനുവാദം നൽകിയിരുന്നില്ല. ഈ വർഷം നടപ്പാക്കിയ ഇതേ മാതൃകയിൽ തന്നെയായിരിക്കും വിശുദ്ധ ഹജ്ജ് കർമവും അരങ്ങേറുക.
കൊറോണ വൈറസ് പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിനായി 2020 ല്‍ ഹജ് നിര്‍വഹിക്കുന്നതില്‍നിന്ന് അന്താരാഷ്ട്ര സന്ദര്‍ശകരെ സഊദി അറേബ്യ വിലക്കിയിരുന്നു. രാജ്യത്ത് താമസിക്കുന്ന വളരെ പരിമിതമായ ആളുകള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാൽ, ഇപ്പോള്‍ വിമാന സർവ്വീസുകൾ പുനഃരാരംഭിക്കുകയും രാജ്യത്തിന്റെ അതിര്‍ത്തികള്‍ വീണ്ടും തുറക്കുകയും ചെയ്യുന്നതിനാല്‍ വിദേശ രാജ്യങ്ങളിലെ വിശ്വാസികള്‍ക്ക് പ്രവേശിക്കാന്‍ അനുവാദം കിട്ടുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."