സയണിസ്റ്റ് വെടിയുണ്ടകള്‍ക്കു മീതെ ഖുദ്‌സിലുയര്‍ന്നു വിശ്വാസക്കരുത്തിന്റെ തക്ബീറൊലി; പെരുന്നാള്‍ നിസ്‌ക്കാരത്തില്‍ പങ്കെടുക്കാനെത്തിയത് ആയിരങ്ങള്‍
ഗസ്സ: ഏത് വെടിയുണ്ടക്കും തകര്‍ക്കാനാവാത്ത വിശ്വാസത്തിന്റെ കരുത്തില്‍ ഖുദ്‌സിന്റെ മണ്ണില്‍ ഇന്ന് തക്ബീറൊലി ഉയര്‍ന്നു. ഇസ്‌റാഈല്‍ മരണമഴ പെയ്യിച്ച മണ്ണില്‍ ഖുദ്‌സിന്റെ മക്കള്‍ പെരുന്നാള്‍ നിസ്‌ക്കരിച്ചു. ചീറിപ്പായുന്ന ഇസ്‌റാഈല്‍ യുദ്ധവിമാനങ്ങള്‍ക്കു കീഴെ ഇത്തിരി നേരം മുന്‍പ് വരെ തങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നിന്ന് പോരാടിയവരുടെ ചോരത്തുള്ളികള്‍ക്കു മീതെ നെറ്റികള്‍ ചേര്‍ത്ത് അവര്‍ പ്രാര്‍ത്ഥനയായി. നമസ്‌ക്കാരത്തിന് ശേഷം അവര്‍ സ്‌നേഹവും വീര്യവും കൈമാറി. പള്ളിയങ്കണത്തില്‍ പൂമ്പാറ്റകളെ പോലെ കുരുന്നുകള്‍ പറന്നു നടന്നു. ഏത് നിമിഷവും പൊട്ടി വീഴാവുന്ന മരണത്തിന്റെ നിഴലില്‍ നിന്ന് മക്കളെ ചേര്‍ത്തു നിര്‍ത്തി ഉമ്മമാര്‍ സെല്‍ഫിയെടുത്തു. പറന്നു നടക്കുന്ന വെടിയുണ്ടകള്‍ക്കും ജൂതപ്പൊലിസിന്റെ പീഡനങ്ങള്‍ക്കും കൈവിലങ്ങുകള്‍ക്കും മുന്നില്‍ തീക്കനലായ അതേ നിറചിരിയോടെ.
ആയിരങ്ങളാണ് ഇന്ന് മസ്ജിദുല്‍ അഖ്‌സ കോമ്പൗണ്ടില്‍ നടന്ന പെരുന്നാള്‍ നമസ്‌ക്കാരത്തില്‍ പങ്കെടുത്തത്. പെരുന്നാള്‍ ദിനമായ ഇന്ന് രാവിലെയും ഇസ്‌റാഈല്‍ ഫലസ്തീനികള്‍ക്കു നേരെ ആക്രമണം അഴിച്ചു വിട്ടിരുന്നു. ബുധനാഴ്ച രാവിലും വ്യാഴാഴ്ച പുലര്‍ച്ചെയും ശക്തമായ വ്യോമാക്രമണമാണ് നടത്തിയത്.
കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളിലായ 69 പേരാണ് ഇസ്റാഈലിന്റെ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 17 കുഞ്ഞുങ്ങളും എട്ട് സ്ത്രീകളും ഉള്‍പെടുന്നു. നാനൂറിലേറെ ആളുകള്‍ക്കാണ് ആക്രമണങ്ങളില്‍ പരുക്കേറ്റത്.
വ്യോമാക്രമണത്തില്‍ ഹമാസിന്റെ ഗാസ സിറ്റി കമാന്‍ഡര്‍ ബാസീം ഈസ കൊല്ലപ്പെട്ടിരുന്നു. ബാസീം ഈസയും അനുയായികളും തങ്ങിയ കെട്ടിടത്തില്‍ ബോംബിടുകയായിരുന്നു. 2014 ന് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിര്‍ന്ന ഹമാസ് തലവനാണ് ബാസീം ഈസ.
ഈസ അടക്കം നിരവധി മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടതായി ഹമാസ് പ്രതികരിച്ചു. ഹമാസിന്റെ റോക്കറ്റ് ആക്രമണ സംവിധാനത്തിന്റെ തലവനും കൊല്ലപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."