ഞെളിയന്‍പറമ്പ് മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ ബി.ജെ.പി കൗണ്‍സിലര്‍മാരെ അകത്തിട്ട് പൂട്ടി ജീവനക്കാര്‍
കോഴിക്കോട്: ഞെളിയന്‍പറമ്പ് മാലിന്യ സംസ്‌കരണ കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ ബി.ജെ.പി കൗണ്‍സിലര്‍മാരെ പൂട്ടിയിട്ടു. പൊലിസ് സ്ഥലത്തെത്തിയാണ് ഗേറ്റ് തുറന്ന് ഇവരെ പുറത്തെത്തിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഇവിടെ ചെറിയ തോതിലുള്ള തീപിടിത്തം ഉണ്ടായിരുന്നു. തീ ഉടനെ അണക്കാന്‍ സാധിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. തുടര്‍ന്ന് എന്തു നടപടികളാണ് സ്വീകരിച്ചതെന്ന് എന്ന് പരിശോധിക്കാനാണ് കൗണ്‍സിലര്‍മാര്‍ പ്ലാന്റില്‍ എത്തിയത്.
അകത്തു കയറി സന്ദര്‍ശിച്ച ശേഷം പുറത്ത് വരുന്നതിനിടെയാണ് ഗേറ്റ് പൂട്ടിയത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ നിന്ന് ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ കൗണ്‍സിലര്‍മാരെയും ഒപ്പം വന്ന മാധ്യമ പ്രവര്‍ത്തകരെയുമാണ് പ്ലാന്റിലെ ജീവനക്കാര്‍ പൂട്ടിയിട്ടത്. ബ്രഹ്മപുരം തീപ്പിടുത്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പുതിയ സന്ദര്‍ശനം.
മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ സന്ദര്‍ശനത്തിന് ശേഷം തിരികെ എത്തിയപ്പോള്‍ ഗേറ്റ് തുറക്കാന്‍ ജീവനക്കാര്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തിയാണ് ഗേറ്റ് തുറന്നത്. മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തില്‍ അപാകതകള്‍ ഉണ്ടെന്നും ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാളെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും കൗണ്‍സിലര്‍മാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."