ഞങ്ങള്‍ ഈ നാട് വിട്ടുപോകണോ…?
പള്ളിക്കര: ഞങ്ങള്‍ ഈ നാട് വിട്ടുപോകണോ?, ജനിച്ചു പോയില്ലേ മരിക്കുവോളം ജീവിച്ചല്ലേ പറ്റൂ… പിണര്‍ മുണ്ട, ബ്രഹ്മപുരം നിവാസികളുടെ ചോദ്യമാണിത്. ഏതു വീട്ടില്‍ ചെന്നാലും പ്രായമായവര്‍ മുതല്‍ ചെറുപ്പക്കാര്‍ക്കും കുഞ്ഞ് കുട്ടികള്‍ക്കു വരെ ഒരാഴ്ചയായി ശ്വാസംമുട്ടും ചുമയുമാണ്. എന്തേ ഗ്രാമവാസികള്‍ മനുഷ്യരല്ലേ എന്നാണ് ഓരോ വീട്ടമ്മയും ചോദിക്കുന്നത്. ബ്രഹ്മപുരത്ത് തീപിടിത്തം ഉണ്ടായി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ മുതല്‍ ഈ പ്രദേശത്തുകാര്‍ രോഗികളായി മാറിയതാണ്. പക്ഷേ, ആരും ചോദിക്കാനില്ലെന്നും പാവങ്ങള്‍ക്ക് എന്തെങ്കിലും വന്നാല്‍ ആരാണ് ചോദിക്കാനുള്ളതെന്നും ഇവര്‍ പരിതപിക്കുന്നു.
മാലിന്യത്തില്‍ നിന്നുള്ള പുക മൂലം മൂന്നുദിവസമായി തന്റെ അഞ്ചുവയസുള്ള മകന്‍ ആല്‍ബിന്‍ ത്രീവ്രപരിചരണ വിഭാഗത്തില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് കുളിയാട്ട് നടുവില വീട്ടില്‍ എല്‍ദോ പറഞ്ഞു. 79 വയസുള്ള പിതാവ് മത്തായിയും മാതാവ് അച്ചാമയും ശ്വാസംമുട്ട് കാരണം വലിയ ബുദ്ധിമുട്ടിലാണ്. രാത്രി എഴുന്നേററ്റിരുന്ന് നേരം വെളുപ്പിക്കുകയാണ്. രാത്രി ഉറങ്ങാന്‍ കഴിയുന്നില്ല. 10ാം ക്ലാസില്‍ പഠിക്കുന്ന മകന് പരീക്ഷയ്ക്ക് തയാറെടുക്കാന്‍ കഴിയുന്നില്ലെന്നും എല്‍ദോ കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും പറയുവാനോ പരാതിപ്പെടാനോ ആരുമില്ലെന്നും എല്ലാവര്‍ക്കും പ്രശ്‌നം നഗരസഭയുടെ മാത്രമാണെന്നും പഞ്ചായത്തംഗം യൂനസ് പറഞ്ഞു. മന്ത്രിമാരോ ഉദ്യോഗസ്ഥരോ ആരും ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നു പോലുമില്ല. പാന്റിലെ മാലിന്യംകൊണ്ട് ഏറ്റവും വലിയ ദുരിതമനുഭവിക്കുന്നവര്‍ ഞങ്ങളാണെന്നും അദേഹം പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും ഉദ്യോഗസ്ഥരും ജനങ്ങളോടൊപ്പം നില്‍ക്കുന്നില്ലെന്ന് മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എം കരീം പാടത്തിക്കര പറഞ്ഞു. ബ്രഹ്മപുരം മാലിന്യപ്ലാന്റിന് ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ ഒന്നേകാല്‍ ലക്ഷം ഐ.ടി തൊഴിലാളികളും രാജഗിരി, മുത്തൂറ്റ് കൂടാതെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 60,000ത്തോളം വിദ്യാര്‍ഥികളും താമസിക്കുന്നുണ്ട്. 12 ദിവസമായിട്ടും പൂര്‍ണമായി തീയണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. മാലിന്യം കത്തി തീരട്ടെ എന്ന മനോഭാവമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."