ഇസ്രാഈലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ജീവനറ്റ ശരീരം നാളെയെത്തും; കണ്ണീര് തോരാതെ കുടുംബം, അമ്മയുടെ മരണമറിയാതെ മകന്
തൊടുപുഴ: ഇസ്രാഈല്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ ഉച്ചയോടെ കീരിത്തോടുള്ള വീട്ടില്‍ എത്തിക്കാന്‍ ആവുമെന്ന് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ്. ആവശ്യമായ കാര്യങ്ങള്‍ എല്ലാം ചെയ്തു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.
ഇസ്രായേലിലെ അഷ്ക ലോണില്‍ പത്തുവര്‍ഷമായി കെയര്‍ ഗീവറായി ജോലി ചെയ്ത് വരികയായിരുന്നു സൗമ്യ. നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെയാണ് ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിച്ച് ദുരന്തമുണ്ടായത്. 2017 ല്‍ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. ഭര്‍ത്താവും മകനും നാട്ടിലാണ്. സൗമ്യയുടെ കുടുംബത്തിനു നഷ്ട പരിഹാരം കൊടുക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും അടിയന്തിരമായി ഒരു കോടി രൂപയെങ്കിലും അനുവദിക്കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെപ്പെട്ടു.
സൗമ്യയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് ഇസ്രായേല്‍ ഡെപ്യൂട്ടി അംബാസിഡര്‍ റോണി യെഡിഡിയ ക്ലീന്‍ രംഗത്തെത്തിയിരുന്നു. കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സൗമ്യയുടെ കുടുംബത്തെ സഹായിക്കുമെന്നും അവര്‍ പറഞ്ഞു. ഒരു സഹായവും ഒരു ഭാര്യയുടെയും അമ്മയുടെയും നഷ്ടത്തിന് പരിഹാരമാകില്ലെങ്കിലും കുടുംബത്തിനൊപ്പം നില്‍ക്കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."