HOME
DETAILS
MAL
അധികാരം നിലനിര്‍ത്താന്‍ നെതന്യാഹു ഒഴുക്കുന്ന ചോരപ്പുഴ
backup
May 14 2021 | 18:05 PM
വിശുദ്ധ റമദാന്‍ അവസാന പത്തില്‍ അല്‍ അഖ്‌സാ പള്ളി കോംപൗണ്ടില്‍ അതിക്രമിച്ചുകയറി ഇസ്‌റാഈലി പട്ടാളം നടത്തിയ അതിക്രമങ്ങള്‍, ഇസ്‌റാഈല്‍-ഫലസ്തീന്‍ യുദ്ധത്തില്‍ കലാശിച്ചിരിക്കുകയാണ്. അതിപ്പോഴും രൂക്ഷമായി തുടരുകയുമാണ്. ആകാശ ആക്രമണത്തിനു പിറകെ കരയുദ്ധവും ഇസ്‌റാഈല്‍ ആരംഭിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഗസ്സ അതിര്‍ത്തിയില്‍ ഏഴായിരത്തിലധികം സൈനികരെയാണ് ഇസ്‌റാഈല്‍ വിന്യസിച്ചിരിക്കുന്നത്. ഇത്തരമൊരു സ്ഥിതിവിശേഷം ഫലസ്തീനില്‍ സംജാതമാക്കാന്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ബോധപൂര്‍വം ശ്രമിച്ചുവരികയായിരുന്നു.
മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ലിക്കുഡ് പാര്‍ട്ടി കേവല ഭൂരിപക്ഷം നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു. രണ്ടു വര്‍ഷത്തിനിടയില്‍ നടന്ന നാലു തെരഞ്ഞെടുപ്പിലും നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല. പ്രതിപക്ഷത്തെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന് ഉറപ്പായതോടെയാണ് അല്‍ അഖ്‌സയില്‍ സംഘര്‍ഷം സൃഷ്ടിച്ച്, പള്ളിക്കു സമീപമുള്ള ജര്‍റാഹ് പ്രദേശത്തെ ഫലസ്തീനികളെ വീടുകളില്‍നിന്നു പുറംതള്ളാന്‍ ഇസ്‌റാഈലി പട്ടാളം ശ്രമം ആരംഭിച്ചത്. ഇതിനെതിരേ ഹമാസ് തെല്‍ അവീവിലേക്ക് റോക്കറ്റ് വിക്ഷേപിച്ചത് ഇതിനെത്തുടര്‍ന്നായിരുന്നു.
അഴിമതിക്കുറ്റത്തിന് ഇസ്‌റാഈലി കോടതിയില്‍ ക്രിമിനല്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന നെതന്യാഹുവിന്, കേവല ഭൂരിപക്ഷം കിട്ടാത്തതിനാല്‍ ഭരണം പ്രതിപക്ഷത്തിനു കൈമാറുകയോ, പ്രതിപക്ഷവുമായി സഹകരിച്ച് ചുരുങ്ങിയ കാലത്തേക്ക് പ്രധാനമന്ത്രി ആവുകയോ എന്നതായിരുന്നു ഏക മാര്‍ഗം. ഇസ്‌റാഈലിന്റെ ചരിത്രത്തില്‍ ദീര്‍ഘകാലം പ്രധാനമന്ത്രിയായ നെതന്യാഹുവിന് അത് അചിന്ത്യവും ആയിരുന്നു. ഇതു മറികടക്കാനാണ് യാതൊരു കാരണവുമില്ലാതെ അല്‍ അഖ്‌സയില്‍ പ്രകോപനം അഴിച്ചുവിട്ടതും അതിപ്പോള്‍ ഫലസ്തീനിനെതിരായ യുദ്ധത്തില്‍ എത്തിനില്‍ക്കുന്നതും.
രാഷ്ട്രീയക്കാര്‍ പരാജയപ്പെടുമ്പോള്‍ രാഷ്ട്രങ്ങള്‍ യുദ്ധക്കളത്തിലേക്കു നീങ്ങുന്നുവെന്ന ആപ്തവാക്യം യഥാര്‍ഥ്യമാക്കുകയായിരുന്നു ഇതിലൂടെ നെതന്യാഹു. ജനപിന്തുണ നഷ്ടപ്പെട്ട നെതന്യാഹു ഇസ്‌റാഈല്‍-ഫലസ്തീന്‍ യുദ്ധമുണ്ടാക്കി അധികാരത്തില്‍ തുടരാന്‍ നടത്തിയ നീച പ്രവൃത്തിയാണിപ്പോഴത്തെ യുദ്ധം. ഈ യുദ്ധവെറിയന്റെ അധികാരക്കൊതി കാരണം നൂറിലധികം സാധാരണ ഫലസ്തീനികള്‍ക്കാണ് ജീവഹാനി സംഭവിക്കുന്നത്. പന്ത്രണ്ട് വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ബെഞ്ചമിന്‍ നെതന്യാഹുവിനു രണ്ട് വര്‍ഷത്തിനിടയില്‍ നടന്ന നാലു തെരഞ്ഞെടുപ്പുകളിലും മന്ത്രിസഭ ഉണ്ടാക്കാനുള്ള കേവല ഭൂരിപക്ഷം കിട്ടാതെ വന്നതിനാല്‍, പ്രസിഡന്റ് പ്രതിപക്ഷത്തെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് വലിയ തിരിച്ചടിയായി. പ്രതിപക്ഷ നേതാവ് യര്‍ ലാപിഡ് മന്ത്രിസഭാ രൂപീകരണ പ്രവര്‍ത്തനങ്ങളുമായി മുന്‍പോട്ടു പോകുമ്പോഴാണ് ഗസ്സക്കുമേല്‍ ബോംബ് വര്‍ഷിച്ചുകൊണ്ട് മന്ത്രിസഭാ രൂപീകരണത്തെ നെതന്യാഹു പൊളിച്ചത്. ഇതോടെ ലാപിഡിന് മന്ത്രിസഭ രൂപീകരിക്കാന്‍ പിന്തുണ നല്‍കിയിരുന്ന അറബ് കക്ഷി ചര്‍ച്ചകളില്‍നിന്നു പിന്‍മാറുകയും മന്ത്രിസഭാ രൂപീകരണം പ്രതിസന്ധിയിലാവുകയും ചെയ്തു.
യുദ്ധം ആരംഭിച്ച അവസ്ഥയില്‍ നെതന്യാഹുവിനെ നേരത്തെ എതിര്‍ത്തിരുന്ന പ്രതിപക്ഷത്തെ ചില കക്ഷികള്‍ പിന്തുണയുമായി എത്തിയിട്ടുമുണ്ട്. ഇതു തന്നെയായിരുന്നു ഭരണം നിലനിര്‍ത്താന്‍ അഴിമതിക്കാരനും കൈക്കൂലിക്കാരനുമായ നെതന്യാഹു ലക്ഷ്യമിട്ടിരുന്നതും. പക്ഷേ അതിന്റെ വിലയായി, മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങളും വൃദ്ധജനങ്ങളും ഒറ്റദിനം കൊണ്ട് തെരുവിലായിരിക്കുന്നു. ഗസ്സയുടെ തെരുവുകള്‍ ചോരപ്പുഴയായിരിക്കുന്നു. ചൈന, ഇറ്റലി, ജര്‍മനി, ബ്രിട്ടന്‍, റഷ്യ എന്നീ ലോകരാഷ്ട്രങ്ങള്‍ ഇസ്‌റാഈലിനോട് യുദ്ധമവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അവരിതുവരെ ഗസ്സയിലെ ബോംബിങ് നിര്‍ത്തിയിട്ടില്ല.
ഇസ്‌റാഈലിന്റെ എല്ലാ നെറികേടുകള്‍ക്കും ഇതുവരെ പ്രോത്സാഹനം നല്‍കിയ ജോ ബൈഡന്‍ നേതൃത്വം നല്‍കുന്ന അമേരിക്ക അവരുടെ നിലപാടില്‍ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. ട്രംപ് പ്രസിഡന്റായിരുന്നപ്പോള്‍, ഇസ്‌റാഈലിനെതിരേ യു.എന്‍.ഒ പാസാക്കുന്ന പ്രമേയങ്ങളൊക്കെയും വീറ്റോ ചെയ്യുകയായിരുന്നു പതിവ്. അതിപ്പോഴും തുടരുമെന്ന് ഭയപ്പെടേണ്ടിരിക്കുന്നു. ഇസ്‌റാഈലിനു സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നാണ് ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞുവച്ചത്. ഇസ്‌റാഈലിനും പ്രധാനമന്ത്രി നെതന്യാഹുവിനും ഉറച്ച പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്‌തെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ട്രംപ് ഇസ്‌റാഈലിനോട് ഇതുവരെ അനുവര്‍ത്തിച്ചുപോന്ന നയത്തില്‍ നിന്നുള്ള മാറ്റത്തിന്റെ സൂചനയായി യു.എസില്‍നിന്ന് വരുന്ന പരാമര്‍ശങ്ങളെ ഒന്നും കാണാനാകില്ല.
ഇസ്‌റാഈലിനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാണ് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫലസ്തീനികള്‍ക്കു നേരേ ഇസ്‌റാഈല്‍ നടത്തിയ അക്രമത്തെ ഐക്യരാഷ്ട്രസഭയും അപലപിച്ചു. ആരാധനാലയങ്ങളോട് ആദരവ് കാണിക്കാത്ത ഇസ്‌റാഈല്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന്, അല്‍ അഖ്‌സ പള്ളിയില്‍ ഇസ്‌റാഈല്‍ പട്ടാളം നടത്തിയ നരനായാട്ടിനെ പരാമര്‍ശിച്ച് യു.എന്‍ പൊതുസഭാ പ്രസിഡന്റ് വോള്‍ക്കാന്‍ വോസ്‌ക്കര്‍ കഴിഞ്ഞദിവസം പറയുകയുണ്ടായി. നിലവിലെ ഇസ്‌റാഈല്‍ ആക്രമണം യുദ്ധക്കുറ്റമായി കാണേണ്ടിവരുമെന്ന അദ്ദേഹത്തിന്റെ മുന്നറിയിപ്പ്, ഇതുവരെ ഇസ്‌റാഈലിനോട് യു.എന്‍ പറഞ്ഞിരുന്ന സ്ഥിരം ഫോര്‍മുലാ വാചകങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. സംഘര്‍ഷം ഒഴിവാക്കാന്‍ ഇരു രാഷ്ട്രങ്ങളോടും ഇന്ത്യയും ആവശ്യപ്പെട്ടിരിക്കുകയാണ്. തല്‍സ്ഥിതി മാറ്റിമറിക്കാന്‍ ശ്രമിക്കരുതെന്ന് യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി ആവശ്യപ്പെട്ടതും കഴിഞ്ഞ ദിവസമാണ്.
ഇസ്‌റാഈലിന്റെ ശക്തനായ ഭരണാധികാരിയാണ് താനെന്ന് ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ നെതന്യാഹു 2012ലും 2014ലും നടത്തിയ ഫലസ്തീന്‍ കൂട്ടക്കൊലകളോട് താരതമ്യപ്പെടുത്താവുന്നതാണ് ഇപ്പോഴത്തെ കൂട്ടക്കൊലയും. അഴിമതിക്കേസിലും കൈക്കൂലി കേസിലും കുടുങ്ങിയതിനെ തുടര്‍ന്ന് ഇസ്‌റാഈലിന്റെ രക്ഷകനെന്ന പ്രതിച്ഛായ നഷ്ടപ്പെട്ട നെതന്യാഹു അതു തിരിച്ചുപിടിക്കാന്‍ നടത്തിയ പൈശാചിക നീക്കമായിരുന്നു അല്‍ അഖ്‌സാ പള്ളിയിലെ സംഘര്‍ഷവും തുടരുന്ന ഗസ്സാ ആക്രമണവും.
അല്‍ അഖ്‌സ സംഘര്‍ഷത്തിലൂടെ നെതന്യാഹു മറ്റൊരു നിഗൂഢ ലക്ഷ്യവും പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഗസ്സയിലെയും മസ്ജിദുല്‍ അഖ്‌സയിലെയും അറബികളും ജൂതരും സൗഹാര്‍ദത്തോടെയായിരുന്നു ജീവിച്ചുപോന്നിരുന്നത്. ഇവിടെ സംഘര്‍ഷം ഉടലെടുത്തതോടെ ഇരുവിഭാഗങ്ങള്‍ക്കിടയിലും വംശീയ സംഘര്‍ഷത്തിനു തിരികൊളുത്താനും അയാള്‍ക്കു കഴിഞ്ഞു. ഈ മനുഷ്യനെക്കൊണ്ട് ഇത്തരം ക്രൂരതകളൊക്കെ ചെയ്യിക്കുന്നതാകട്ടെ, അധികാരത്തോടുള്ള ആര്‍ത്തിയും. അധികാരത്തോടുള്ള അഭിനിവേശം ഒരു മനുഷ്യനെ എത്രത്തോളം ക്രൂരനാക്കുമെന്നതിന്റെ ആധുനിക ലോകത്തെ മികച്ച ഉദാഹരണമാണ് ബെഞ്ചമിന്‍ നെതന്യാഹു. ഭരണം വീണ്ടും കൈപ്പിടിയിലൊതുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ബാക്കിയുള്ള ജീവിതം ജയിലില്‍ കഴിയേണ്ടി വരുമെന്നതാണ് നെതന്യാഹുവിനെ കാത്തിരിക്കുന്നത്. അഴിമതി, കൈക്കൂലി തുടങ്ങിയ ക്രിമിനല്‍ കേസുകളിലെ വിചാരണ ഇപ്പോഴും തുടരുകയാണ്. വിചാരണയ്‌ക്കൊടുവില്‍ ഏതുസമയത്തും താന്‍ ശിക്ഷിക്കപ്പെടാമെന്ന ഭയം നെതന്യാഹുവിനുണ്ട്. ജയില്‍ശിക്ഷയില്‍നിന്ന് രക്ഷപ്പെടാനും വീണ്ടും ഇസ്‌റാഈല്‍ ഭരണം കൈ പ്പിടിയിലൊതുക്കാനും നെതന്യാഹു നടത്തിക്കൊണ്ടിരിക്കുന്ന കുടില പ്രവര്‍ത്തനങ്ങളാണ് ഫലസ്തീനിനെതിരേ തുടരുന്ന ബോംബ് വര്‍ഷം.
ഞായറാഴ്ച ചേരുന്ന യു.എന്‍ രക്ഷാസമിതി യോഗത്തില്‍ ഇസ്‌റാഈലിന്റെ ആക്രമണം അവസാനിപ്പിക്കാന്‍ ശക്തമായ നടപടി ഉണ്ടാകുമെങ്കില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ, ഇസ്‌റാഈലിന്റെ നിഷ്ഠുരതയ്‌ക്കെതിരേയുള്ള യു.എന്‍ രക്ഷാസമിതിയുടെ ആദ്യ നടപടിയായി ചരിത്രം അതു രേഖപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."