HOME
DETAILS
MAL
ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റ് പട്ടികയില്‍ നിന്ന് മലപ്പുറത്തെ വെട്ടി കേന്ദ്രസര്‍ക്കാര്‍ ക്രൂരത
backup
May 15 2021 | 03:05 AM
മഞ്ചേരി: മലപ്പുറം ജില്ലയിലെ ഓക്‌സിജന്‍ പ്രതിസന്ധി മറികടക്കാനുള്ള തീവ്രശ്രമത്തിന് വിലങ്ങുതടിയായി കേന്ദ്ര സര്‍ക്കാര്‍. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാനുള്ള നടപടികള്‍ നിര്‍ത്തിവച്ചു. ഈമാസം ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ച ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റാണ് മുടങ്ങിയത്.
പ്ലാന്റുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ നിന്ന് അവസാനനിമിഷം മലപ്പുറം ജില്ലയെ ഒഴിവാക്കിയതോടെയാണ് വലിയ പ്രതീക്ഷയോടെ നിര്‍മാണം തുടങ്ങിയ പദ്ധതി ഇല്ലാതായത്. മലപ്പുറം ജില്ലയിലെ പ്രധാന കൊവിഡ് ചികിത്സാകേന്ദ്രമായ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ പ്രതിസന്ധി രൂക്ഷമാണ്. ഇതിനെ മറികടക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയെ തുടര്‍ന്ന് പരാജയപ്പെട്ടത്.
കൊല്ലത്തും മഞ്ചേരിയിലും ഉള്‍പ്പെടെ സംസ്ഥാനത്ത് രണ്ട് ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റുകളാണ് അനുവദിച്ചിരുന്നത്. നാഷനല്‍ ഹൈവേ അതോറിറ്റിക്കായിരുന്നു മേല്‍നോട്ട ചുമതല. ഇവര്‍ ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് ഉറപ്പ് നല്‍കുകയും ചെയ്തു. ഇതോടെയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. എന്‍.എച്ച്.എ.ഐ അധികൃതര്‍ മഞ്ചേരിയിലെത്തി സ്ഥലം സന്ദര്‍ശിക്കുകയും നിര്‍മിതി കേന്ദ്രയുടെ നേതൃത്വത്തില്‍ എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രദേശത്തെ മരങ്ങള്‍ മുറിച്ചുമാറ്റുകയും നിലം ഒരുക്കുകയും ചെയ്തതിനു ശേഷമാണ് മുന്‍ഗണന പട്ടികയില്‍ മലപ്പുറം ഇല്ലെന്ന കാര്യം പുറത്തായത്. ഇതോടെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവച്ചു.
സംസ്ഥാന സര്‍ക്കാരിന് ഉറപ്പ് ലഭിക്കുകയും മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്ത പദ്ധതിയ്ക്ക് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി മലപ്പുറത്തോടുള്ള അവഗണനയായാണ് വിലയിരുത്തുന്നത്. ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റ് സ്ഥാപിക്കുന്ന കേന്ദ്രങ്ങളുടെ അന്തിമപട്ടിക വന്നപ്പോള്‍ മലപ്പുറം ജില്ലയെ മാത്രമാണ് തഴഞ്ഞത്. മലപ്പുറത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മിക്കപ്പോഴും സംസ്ഥാന ശരാശരിയെക്കാളും മുകളിലാണ്. ചില ഘട്ടങ്ങളില്‍ സംസ്ഥാന ശരാശരിയെക്കാള്‍ പത്ത് ശതമാനത്തിലേറെ കൂടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ അധികമായി.
പരിശോധനയ്‌ക്കെത്തുന്ന പത്തുപേരില്‍ നാല്‌പേരും രോഗബാധിതരാണെന്ന സ്ഥിതിയാണ്. ഈ ഘട്ടത്തിലാണ് ഓക്‌സിജന്‍ ലഭ്യമാക്കുന്നതില്‍ പോലും കേന്ദ്ര സര്‍ക്കാര്‍ വിവേചനപരമായ നിലപാട് സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."