HOME
DETAILS
MAL
പെരുന്നാളാഘോഷിക്കാന്‍ ആരുമുണ്ടായില്ല; ഇസ്‌റാഈല്‍ കവര്‍ന്നു ആ അഞ്ച് ജീവനുകളും
backup
May 15 2021 | 03:05 AM
ഗസ്സ: ചെറിയപെരുന്നാള്‍ ആഘോഷിക്കാന്‍ എല്ലാ തയാറെടുപ്പുകളും നടത്തി ബന്ധുക്കളെയും വിരുന്നിന് ക്ഷണിച്ച് കാത്തിരിക്കുകയായിരുന്നു തനാനിയുടെ കുടുംബം. എന്നാല്‍ പെരുന്നാള്‍ ആഘോഷത്തിന് കുടുംബത്തിലെ ഒരാളെപ്പോലും ബാക്കിയാക്കാതെ ഇസ്‌റാഈല്‍ കൊന്നൊടുക്കി. പെരുന്നാള്‍ തലേന്ന് രാത്രിയിലുടനീളം ബൈതുല്‍ ലഹിയ നഗരത്തിലെ ശൈഖ് സായിദ് തെരുവില്‍ ഇസ്‌റാഈല്‍ നിര്‍ത്താതെ നടത്തിയ റോക്കറ്റാക്രമണത്തില്‍ ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയും കുഞ്ഞുങ്ങളും അടക്കം അഞ്ചംഗകുടുംബമുള്‍പ്പെടെ ഒരുഡസനോളം പേരാണ് മരിച്ചത്. 30 ഓളം ബോംബുകളാണ് ഈ ചെറിയ പ്രദേശത്ത് മാത്രം ഇസ്‌റാഈല്‍ വര്‍ഷിച്ചത്.
മുഹമ്മദ് അല്‍തനാനിയും (29) ഭാര്യ റീമയും (31) അഞ്ചു വയസുള്ള സൈദും മൂന്നു വയസുള്ള മറിയമുമാണ് കൊല്ലപ്പെട്ടവര്‍. മരിക്കുമ്പോള്‍ ഏഴുമാസം ഗര്‍ഭിണിയുമായിരുന്നു റീമ. റീമയും സൈദും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മുഹമ്മദ് ആശുപത്രിയിലും. എന്നാല്‍ മറിയമിന്റെ മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ല. എങ്ങനെയെങ്കിലും കുഞ്ഞുമയ്യിത്ത് കണ്ടെടുത്ത് തരണമെന്നും അവളെ ഉമ്മയുടെ സമീപത്തു തന്നെ മറവുചെയ്യണമെന്നും റീമയുടെ ബന്ധു പറഞ്ഞു.
ഫലസ്തീനിലെ പ്രാദേശിക മാധ്യമസ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു റീമ. ഉമ്മ വീണ്ടും ഗര്‍ഭിണിയായെന്ന് അറിഞ്ഞതോടെ മൂത്തമകന്‍ സൈദ് വളരെ ആഹ്‌ളാദത്തിലായിരുന്നുവെന്നും ആണ്‍കുട്ടിയാണെങ്കില്‍ കുഞ്ഞിന് സൈന്‍ എന്നു പേരിടുമെന്നും അവന്‍ പറഞ്ഞതായി ബന്ധു ഓര്‍ത്തെടുത്തു.
തനാനിയുടെ വീട് ലക്ഷ്യംവയ്ക്കാന്‍ സയണിസ്റ്റ് സൈന്യത്തെ പ്രേരിപ്പിച്ചത് റീമ താമസിക്കുന്ന ഇടമായതിനാലാണെന്നും ആരോപണമുണ്ട്. 2000നും 2020നും ഇടയില്‍ 46 ഫലസ്തീനി മാധ്യമപ്രവര്‍ത്തകരെയാണ് ഇസ്‌റാഈല്‍ സൈന്യം കൊലപ്പെടുത്തിയത്.
ഇതില്‍ 16 പേരും 2014ലെ ഇസ്‌റാഈല്‍ കടന്നുകയറ്റത്തിനിടെയാണ്. കൂടാതെ നിരവധി ഫലസ്തീനി മാധ്യമപ്രവര്‍ത്തകരെ ജയിലിലടക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തക എന്നതിനപ്പുറം വടക്കന്‍ ഗസ്സയിലെ വളര്‍ന്നുവരുന്ന ഒരു സംരംഭകയും കോച്ചുമായിരുന്നു റീമയെന്ന് അവരുടെ സുഹൃത്ത് റസാന്‍ പറഞ്ഞു. ആക്രമണം തുടങ്ങിയശേഷം അവരുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു. പിന്നാലെ ദൈവം അനുഗ്രഹിക്കട്ടെയെന്ന് അവര്‍ക്ക് സന്ദേശം അയച്ചു. ഇതുവരെ അതിന് മറുപടി കിട്ടിയില്ല, ഇനി കിട്ടുകയുമില്ല- റസാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."