HOME
DETAILS
MAL
തോല്‍വിയുടെ കാരണം തേടി കെ.പി.സി.സി സംഘടനാ വീഴ്ചയെന്ന് സ്ഥാനാര്‍ഥികള്‍
backup
May 15 2021 | 04:05 AM
കോട്ടയം: കനത്ത തോല്‍വിക്കു കാരണം വിശദീകരിച്ച് തോറ്റ സ്ഥാനാര്‍ഥികളും ഡി.സി.സി അധ്യക്ഷന്മാരും കെ.പി.സി.സിക്കു റിപ്പോര്‍ട്ട് നല്‍കുന്നു.
18,19 തീയതികളില്‍ ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. സംഘടനാ വീഴ്ച ഉള്‍പ്പെടെ വിശദ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
തോല്‍വിക്കു കാരണങ്ങളും പൊതുവായ തിരിച്ചടിയും സംഘടനാ വീഴ്ചകളും അട്ടിമറിക്കു കാരണങ്ങളും വിശദമാക്കുന്ന റിപ്പോര്‍ട്ടാണ് നല്‍കേണ്ടത്. 95 സീറ്റില്‍ മത്സരത്തിനിറങ്ങിയ കോണ്‍ഗ്രസ് 21 ല്‍ മാത്രമാണ് ജയിച്ചത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം പലരും കനത്ത വെല്ലുവിളിയും നേരിട്ടു. സംഘടനാ വീഴ്ചയാണ് കനത്ത തോല്‍വിക്ക് കാരണമായി തോറ്റവരും ഘടകകക്ഷികളും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സംഘടനാ വീഴ്ച അംഗീകരിക്കാന്‍ ഡി.സി.സി അധ്യക്ഷന്മാര്‍ തയാറല്ല. ജാതി-മത -സാമുദായിക സമവാക്യങ്ങളിലെ തിരിച്ചടിയും ബി.ജെ.പി വോട്ടുചോര്‍ച്ചയെയും കൂട്ടുപിടിച്ച് തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് തലയൂരാനുള്ള ശ്രമത്തിലാണ് അവര്‍.
രാഷ്ട്രീയാടിത്തറ തകര്‍ന്നിട്ടില്ലെന്ന വാദമാണ് ഡി.സി.സി അധ്യക്ഷന്മാരുടെത്. കേരള കോണ്‍ഗ്രസും (എം), എല്‍.ജെ.ഡിയും മറുകണ്ടം ചാടിയിട്ടും 3.86 ലക്ഷം വോട്ട് കൂടുതല്‍ കിട്ടിയത് പരിചയാക്കിയാണ് ഈ ന്യായീകരണം. എല്‍.ഡി.എഫിന് കൂടുതലായി കിട്ടിയ 7.08 ലക്ഷം വോട് ബി.ജെ.പിയുടേതാണെന്നും വിശദീകരണമുണ്ട്. കെ. പി.സി.സി അധ്യക്ഷന്‍ മാത്രമല്ല ഡി.സി.സി അധ്യക്ഷന്മാരും പ്രചാരണത്തി ന് എത്താത്ത മണ്ഡലങ്ങള്‍ നിരവധിയാണെന്നും സ്ഥാനാര്‍ഥി റിപ്പോര്‍ട്ടുകളിലുണ്ട്.
കനത്ത തോല്‍വി കസേരയിളക്കുമെന്ന് തിരിച്ചറിഞ്ഞ് പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലാണ് ഡി.സി.സി അധ്യക്ഷന്മാര്‍. അമ്പലപ്പുഴയിലെ തോല്‍വിക്ക് പിന്നാലെ എം. ലിജു ആലപ്പുഴ ഡി.സി.സി അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു. ചില ഡി.സി.സി അധ്യക്ഷന്മാര്‍ രാജിസന്നദ്ധത അറിയിച്ചെങ്കിലും മിക്കവരും പദവി നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."