ഇന്ന് ഇസ്‌ലാമോഫോബിയ ദിനം: കലോത്സവവേദിയിലും ഭീകരന്‍ മുസ്‌ലിം തന്നെ!
ഭീകരന്‍ എന്നു കേള്‍ക്കുമ്പോള്‍ തൊപ്പിയും താടിയും വച്ച മുസല്‍മാന്റെ ചിത്രം ആളുകളുടെ മനസില്‍ തെളിയുന്ന അവസ്ഥയുണ്ടാക്കിയത് ചലച്ചിത്രമേഖലയിലുള്ളവരാണ്. എന്നാല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ പോലും മുസല്‍മാനെന്നാല്‍ ഭീകരന്‍ ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന സംഭവമായിരുന്നു കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവവേദിയില്‍ അരങ്ങേറിയത്.
കോഴിക്കോട് ആതിഥേയത്വം വഹിച്ച കലോത്സവത്തിലെ സ്വാഗതഗാനാവിഷ്‌കാരം ബോധപൂര്‍വമല്ലായിരുന്നുവെന്ന് പറയാനാകില്ല. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ക്കു മുന്നില്‍ മതമൈത്രിയും സാഹോദര്യവും വിളിച്ചുപറയുന്ന സ്വാഗതഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഒരു ഭീകരനെ സൈനികര്‍ പിടിച്ചുവയ്ക്കുന്ന രംഗം പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ സൈനികരുടെ വേഷമിട്ടവര്‍ ഭീകരനെ പിടികൂടുകയാണ്. ആ ഭീകരനണിഞ്ഞത് മുസ്്‌ലിം വേഷം. വെള്ള ജുബ്ബയും അറബികള്‍ ശിരോവസ്ത്രമായി ധരിക്കുന്ന കഫിയ്യയും. ആര്‍ക്കും ഒറ്റനോട്ടത്തില്‍ മുസ്്‌ലിമാണെന്ന് മനസ്സിലാകും.
പ്രധാന വേദിയായ ക്യാപ്റ്റന്‍ വിക്രം മൈതാനത്ത് വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരുമടങ്ങുന്ന പതിനായിരങ്ങളുടെ മുന്നിലായിരുന്നു അവതരണം. അതിനു മുമ്പ് ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെയും എം.എല്‍.എ ഉള്‍പ്പെടെയുള്ളവരുടെയും മുന്നില്‍ പരിപാടി അവതരിപ്പിച്ചതാണ്. എന്നാല്‍ അവരാരും ഭീകരന് മുസ്്‌ലിം വേഷം നല്‍കിയതിനെ എതിര്‍ത്തില്ല. അവതരണം വിവാദമായെങ്കിലും ആദ്യം ന്യായീകരിച്ച വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പിന്നീട് പൊതു വിദ്യാഭ്യാസ ഡയരക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചു. പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സംഘപരിവാര്‍ ബന്ധമുണ്ടോ എന്നത് പരിശോധിക്കണമെന്ന് മന്ത്രി റിയാസ് ആവശ്യപ്പെട്ടു. അന്വേഷണം നടത്തണമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റും ആവശ്യമുന്നയിച്ചു. യാദൃശ്ചകമല്ലെന്നും മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും ചൂണ്ടിക്കാട്ടി മുസ്്‌ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടിയും കെ.പി.എ മജീദും രംഗത്തെത്തി.
എന്നാല്‍ സംഘപരിവാര്‍ അനുകൂലിയായ കനകദാസ് ഡയരക്ടറായ മാതാ പേരാമ്പ്ര ഇത്തരത്തില്‍ മുസ്്‌ലിം വിദ്വേഷം സൃഷ്ടിക്കുന്ന ചിത്രീകരണം നടത്തുമ്പോള്‍ അത് ബോധപൂര്‍വമാണെന്ന് മനസിലാക്കാന്‍ അധികൃതര്‍ ഏറെ തലപുകയ്‌ക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. വിമര്‍ശനമുണ്ടായപ്പോഴും ന്യായീകരണവുമായി വരുകയായിരുന്നു കനകദാസ്. വിക്രം മൈതാനിയില്‍ കാര്‍ഗില്‍ നുഴഞ്ഞുകയറ്റക്കാരനെ അവതരിപ്പിച്ചപ്പോള്‍ ഭീകരന്‍ സ്വാഭാവികമായും ഒരു മുസ്്‌ലിം വേഷധാരിയായി എന്ന നിലയിലുള്ള പ്രതികരണമായിരുന്നു അയാളുടെ ഭാഗത്തുനിന്നുണ്ടായത്.
ദേശസ്‌നേഹം കാണിക്കാന്‍ മുസ്്‌ലിമിനെ ഭീകരനായി ചിത്രീകരിക്കണമെന്ന ചിന്ത സാങ്കല്‍പികതയുടെ ചലച്ചിത്രലോകം വിട്ട് സ്‌ക്രീനിനു വെളിയിലേക്കിറങ്ങിയിരിക്കുന്നു. തീവ്രവാദിയെന്നാല്‍ മുസ്്‌ലിം ആണെന്ന ചിന്ത ഇല്ലായിരുന്നുവെങ്കില്‍ റിഹേഴ്‌സല്‍ കണ്ട എം.എല്‍.എ അവിടെ തിരുത്തുമായിരുന്നു. മാതാ പേരാമ്പ്ര ഇടത് സാംസ്‌കാരിക സംഘടനയാണെങ്കിലും അവരുടെ മുമ്പൊരിടത്ത് അവതരിപ്പിച്ച പരിപാടിയില്‍ സ്വാതന്ത്ര്യസമരത്തില്‍ സവര്‍ക്കര്‍ പോരാളിയായത് യാദൃശ്ചികമായി ആയിരുന്നില്ല. പേരാമ്പ്രയിലെ സി.പി.എമ്മുകാര്‍ക്കു പോലും കനകദാസിനെ കുറിച്ച് നല്ലതൊന്നും പറയാനില്ല. ഇത്തരമൊരാളെ പരിപാടി ഏല്‍പിക്കുന്നതിനു മുമ്പ് ഞങ്ങളോടൊന്ന് ചോദിച്ചാല്‍ മതിയായിരുന്നു എന്നായിരുന്നു അവരുടെ പ്രതികരണം. അവരുടെ യുക്തി പോലും വിദ്യാഭ്യാസ വകുപ്പിന് ഇല്ലാതെപോയി എന്ന് പരിതപിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."