ജീവൻ കാക്കാൻ താലിമാല നൽകി സച്ചിനും ഭവ്യയുംച ഉറവവറ്റാത്ത ഒരു സ്‌നേഹകഥ
സ്വന്തം ലേഖകൻ
നിലമ്പൂർ
അർബുദത്തോടു പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്ന ഭവ്യയും ഇഷ്ടപ്പെട്ടവൾക്ക് വേണ്ടി ത്യാഗങ്ങൾ സഹിച്ച് കൈവിടാതെ ചേർത്തുപിടിച്ച സച്ചിനും വീണ്ടും മലയാളികളെ അതിശയിപ്പിച്ചു.
മലപ്പുറം പോത്തുകൽ പൂളപ്പാടം പട്ടീരിയിലെ സച്ചിൻ കുമാറിനെയും ഭാര്യ ഭവ്യയെയും അറിയാത്തവർ ചുരുക്കം. പ്രണയത്തിനൊടുവിൽ കാമുകിക്കു കാൻസറാണെന്നറിഞ്ഞിട്ടും കൈവിടാതെ കതിർമണ്ഡപത്തിലേക്ക് ഇരുകൈയും നീട്ടി സ്വീകരിച്ച അതേ സച്ചിൻ ഇത്തവണ നാട്ടിലെ കരൾമാറ്റ ചികിൽസയ്ക്ക് വിധേയനാവുന്ന യുവാവിന് സഹായമായി നൽകിയത് ഭാര്യയുടെ താലിമാല.
' മാല എപ്പോൾ വേണമെങ്കിലും വാങ്ങാലോ. മനുഷ്യന്റെ ജീവനല്ലേ വലുത്. ഈ അവസ്ഥ അനുഭവിച്ചുകൊണ്ടു കടന്നുവന്നവരാണ് ഞങ്ങളും' -. ഇതായിരുന്നു സച്ചിന്റെയും ഭവ്യയുടേയും വാക്കുകൾ.
സംഭവം ആരോ സമൂഹമാധ്യമത്തിൽ കുറിപ്പായി ഇട്ടു. പെരുന്നാൾ ദിവസം രാവിലെ സച്ചിന്റെ ഫോണിലേക്ക് ഗൾഫിൽനിന്നു നാട്ടുകാരന്റെ ഫോൺ കോൾ.''സച്ചിനല്ലേ.. വെളുമ്പിയും പാടത്തുനിന്ന് അബൂട്ടിക്ക ആണ്''.. പെരുന്നാളല്ലേ ഭവ്യയെയും കൂട്ടി ഉച്ചയ്ക്ക് തറവാട്ടിലേക്ക് വരണമെന്ന സ്‌നേഹത്തോടെയുള്ള ക്ഷണം. അബൂട്ടിയുടെ ജ്യേഷ്ഠനും പിന്നീട് സച്ചിനെ വിളിച്ചു. സുഹൃത്തുക്കളുടെ വീട്ടിലെ പെരുന്നാൾ സൽക്കാരങ്ങൾ കഴിഞ്ഞു സച്ചിനും ഭവ്യയും വെളുമ്പിയംപാടത്ത് അബൂട്ടിയുടെ വീട്ടിലെത്തി സൽക്കാരത്തിൽ പങ്കെടുത്തു.
മടങ്ങുന്നതിനിടെ ഒരു സർപ്രൈസ് ഉണ്ടെന്നുപറഞ്ഞ് ഒരു ചെറിയ ബോക്‌സിൽനിന്ന് ഒരു സ്വർണമാല ഇവരുടെ നേരെ നീട്ടി. അത്ഭുതപ്പെട്ടുനിന്ന സച്ചിനോടും ഭവ്യയോടും ഇതു വാങ്ങിക്കണമെന്ന് ആ കുടുംബത്തിലെ എല്ലാവരും ആവശ്യപ്പെട്ടു.
കുറച്ചു ദിവസം മുൻപ് ചികിത്സക്കുവേണ്ടി നൽകിയ ഭവ്യയുടെ അതേ താലിമാലയായിരുന്നു അത്. ചികിത്സാ കമ്മിറ്റിക്ക് നൽകിയ മാല കമ്മിറ്റിക്കാരുടെ കൈയിൽനിന്നു പണം കൊടുത്തു വാങ്ങിനൽകിയത് വെളുമ്പിയുംപാടത്തുള്ള സൈഫു, നാസർ, ഹബീബ്, അബൂട്ടി,നസീർ തുടങ്ങിയവരും അവരുടെ കുടുംബവുമാണ്. നേരത്തെ അർബുദ ചികിത്സക്കിടെ ഭാര്യയ്ക്കു സഞ്ചരിക്കാൻ ബന്ധുക്കൾ വാങ്ങി നൽകിയ ബൈക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കായി സച്ചിൻ വിൽപ്പന നടത്തിയതും കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."