ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനാചരണ പ്രഖ്യാപനത്തിന്റെ നാള്‍വഴികള്‍
2022ല്‍ യു.എന്‍ പൊതുസഭയുടെ പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചതിനെ തുടര്‍ന്നാണ് മാര്‍ച്ച് 15ന് ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനം അന്താരാഷ്ട്ര ദിനമായി ആചരിക്കാന്‍ തീരുമാനമായത്. ദിനാചരണത്തിന്റെ ഭാഗമായി യു.എന്‍ ആസ്ഥാനത്ത് പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്. സഹിഷ്ണുത, സമാധാനം, മനുഷ്യാവകാശങ്ങള്‍, മത വൈവിധ്യങ്ങള്‍ എന്നിവയോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കുന്നതിന് സംവാദങ്ങളും ഇതോടനുബന്ധിച്ച് നടക്കും.
കഴിഞ്ഞ വര്‍ഷം ചേര്‍ന്ന അന്താരാഷ്ട്ര ഇസ്‌ലാമിക ഉച്ചകോടിയിലാണ് ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനാചാരണമെന്ന ആവശ്യം ശക്തമായത്. ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് മസ്ജിദില്‍ 51 പേര്‍ കൊല്ലപ്പെട്ട വെടിവെപ്പ് നടന്ന മാര്‍ച്ച് 15ന് ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്നാണ് യു.എന്‍ പൊതുസഭ വിഷയത്തില്‍ പ്രമേയം പാസാക്കുന്നത്. മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളും വിദ്വേഷവും വിവേചനവും തടയുകയാണ് ലക്ഷ്യം.
നേരത്തേ പാകിസ്താന്‍, തുര്‍ക്കി, അറബ് രാജ്യങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഈ വിഷയത്തില്‍ യു.എന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രസ്താവന നടത്തിയിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം ലോകത്താകമാനം മുസ്‌ലിംകള്‍ക്കെതിരായ വംശീയ അതിക്രമങ്ങള്‍ വര്‍ധിച്ചുവെന്നും യു.എന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ പ്രമേയത്തിന് മുന്നോടിയായി പറഞ്ഞിരുന്നു.
ലോകത്താകമാനം മുസ്‌ലിംകള്‍ക്കെതിരേ വംശീയ അതിക്രമങ്ങള്‍ സമാനതകളില്ലാത്ത വിധം വര്‍ധിച്ചുവെന്ന് പ്രമേയം അവതരിപ്പിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടിരുന്നു. ലോകത്ത് രണ്ട് ബില്യണിലധികം മുസ്‌ലിംകളുണ്ട്. അവരില്‍ ഭൂരിഭാഗവും ഏതെങ്കിലും തരത്തിലുള്ള വിവേചനങ്ങള്‍ അനുഭവിക്കുന്നതായാണ് കണക്കുകള്‍. വിശ്വാസത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ക്കും മാറ്റിനിര്‍ത്തലിനും വിധേയരാവുന്നു. മുസ്‌ലിം സ്ത്രീകള്‍ ലിംഗം, വംശം, വിശ്വാസം എന്നിവയുടെ പേരില്‍ മൂന്നിരട്ടി വിവേചനമാണ് അനുഭവിക്കുന്നത്. ഇത് മാറേണ്ടതുണ്ടെന്നും ഗുട്ടെറസ് ചൂണ്ടിക്കാട്ടിയിരുന്നു.
ഫോട്ടോ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."