ലോക മാധ്യമ സ്വാതന്ത്ര്യ സൂചിക ഇന്ത്യ എട്ടു സ്ഥാനം പിന്നോട്ടു പോയി ;150ൽ, മോദി വന്നതോടെ മാധ്യമങ്ങൾ കടുത്ത സമ്മർദം നേരിടുന്നതായി ആർ.എസ്.എഫ് റിപ്പോർട്ട്
ന്യൂഡൽഹി
ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ വീണ്ടും പിന്നിലേക്ക്. 180 രാജ്യങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 142ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ പുതിയ റിപ്പോർട്ട് പ്രകാരം 150ാം സ്ഥാനത്താണ്. ആഗോള മാധ്യമ നിരീക്ഷകരായ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (ആർ.എസ്.എഫ്) പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയതോടെ രാജ്യത്ത് മാധ്യമങ്ങൾ കടുത്ത സമ്മർദം നേരിടുകയാണെന്ന് ആർ.എസ്.എഫ് പറയുന്നു. കശ്മിരിലെ സ്ഥിതിഗതികളിൽ ആശങ്ക രേഖപ്പെടുത്തിയ അവർ അവിടെ മാധ്യമപ്രവർത്തകർ പലപ്പോഴും പൊലിസിന്റെയും അർധസൈനിക വിഭാഗത്തിന്റെയും പീഡനത്തിനിരയാകുന്നതായി കുറ്റപ്പെടുത്തി.
സൂചികയിൽ പാകിസ്താൻ 157ാം സ്ഥാനത്തും ശ്രീലങ്ക 146ാം സ്ഥാനത്തും ബംഗ്ലാദേശ് 162ാം സ്ഥാനത്തും മ്യാൻമർ 176ാം സ്ഥാനത്തുമാണ്. നേപ്പാൾ 30 പോയിന്റ് ഉയർന്ന് 76ാം സ്ഥാനത്തെത്തി. ഭൂട്ടാൻ 33ാം സ്ഥാനത്താണ്.
നോർവെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്്. ഡെന്മാർക്ക്, സ്വീഡൻ, എസ്‌തോണിയ, ഫിൻലൻഡ് എന്നിവർ ആദ്യ അഞ്ച് സ്ഥാനങ്ങൾ യഥാക്രമം കരസ്ഥമാക്കിയിട്ടുണ്ട്. പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്ത് ഉത്തര കൊറിയയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."