ബ്രഹ്മപുരം തീപിടിത്തം പ്രത്യേക സംഘം അന്വേഷിക്കും:തീ പൂര്‍ണമായും അണച്ചെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് അന്വേഷണം, വിജിലന്‍സ് അന്വേഷണം, വിദഗ്ധ സമിതിയുടെ പരിശോധന എന്നിവയാണ് നടക്കുകയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ചട്ടം 300 പ്രകാരം പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം.
തീപിടിത്തത്തെത്തുടര്‍ന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ പ്രത്യേക സംഘം അന്വേഷണം നടത്തും. ബ്രഹ്മപുരം പ്ലാന്റിന്റെ തുടക്കം മുതലുള്ള നടപടികളില്‍ വിജിലന്‍സ് അന്വേഷണം നടത്തും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള നടപടികള്‍ നിര്‍ദേശിക്കുന്നതിനു വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ബ്രഹ്മപുരത്തെ മാലിന്യസംസ്‌കരണ പ്ലാന്റിലെ തീ മാര്‍ച്ച് 13ന് പൂര്‍ണമായും അണച്ചു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന്റെ നേതൃത്വത്തില്‍ വിവിധ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സംവിധാനം കൂടി പ്രയോജനപ്പെടുത്തി ഏകോപിതമായ പ്രവര്‍ത്തനമാണ് നടത്തിയത്. ഈ ഓപ്പറേഷനില്‍ ഇന്ത്യന്‍ നേവിയുടെ ഹെലികോപ്റ്ററുകള്‍, എയര്‍ഫോഴ്‌സ്, ബി പി സി എല്‍, എച്ച് പി സി എല്‍, സിയാല്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ഫാക്ട് എന്നീ സ്ഥാപനങ്ങളുടെ സംവിധാനങ്ങളും സിവില്‍ ഡിഫന്‍സ് വാളണ്ടിയര്‍മാരും അണിചേര്‍ന്നു. ഇരുന്നൂറ്റി അന്‍പതോളം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാര്‍ രണ്ട് ഷിഫ്റ്റുകളിലായി രാപ്പകല്‍ ഭേദമില്ലാതെ പ്രവര്‍ത്തിച്ചു. 32 ഫയര്‍ യൂണിറ്റുകള്‍, നിരവധി ഹിറ്റാച്ചികള്‍, ഉയര്‍ന്ന ശേഷിയുള്ള മോട്ടോര്‍ പമ്പുകള്‍ എന്നിവ ഇതിനായി ഉപയോഗിച്ചു. 2000 അഗ്‌നിശമനസേനാ പ്രവര്‍ത്തകരും 500 സിവില്‍ ഡിഫന്‍സ് വാളണ്ടിയര്‍മാരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. വളരെ ചിട്ടയോടെ നടത്തിയ കൂട്ടായ ശ്രമത്തിന്റെ ഭാഗമായാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്. ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, ആരോഗ്യ വകുപ്പ്, സിവില്‍ ഡിഫന്‍സ്, പോലീസ്, കൊച്ചി കോര്‍പറേഷന്‍ എന്നിവയിലെ ജീവനക്കാര്‍ തുടങ്ങി എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
തീപിടുത്തമുണ്ടായത് മുതല്‍ സര്‍ക്കാര്‍, ജില്ലാ ഭരണസംവിധാനം, കൊച്ചി കോര്‍പറേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിച്ചു. മാര്‍ച്ച് മൂന്നിന് തന്നെ കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചു. മാര്‍ച്ച് നാലിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം നടത്തുകയും സ്ഥിഗതികള്‍ വിലയിരുത്തുകയും അടിയന്തിര നടപടികള്‍ നിര്‍ദേശിക്കുകയും ചെയ്തു. മാര്‍ച്ച് അഞ്ചിന് വ്യവസായ, ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാര്‍ കൊച്ചിയില്‍ ഉന്നതതല യോഗം ചേര്‍ന്ന് തീയണക്കുന്നതിനും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികള്‍ക്ക് വേഗം കൂട്ടി. തുടര്‍പ്രവര്‍ത്തനങ്ങള്‍ മന്ത്രിതലത്തില്‍ ഏകോപിപ്പിച്ചു. മാര്‍ച്ച് ഏഴിന് ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗിച്ച് അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി. വ്യോമസേനയെയും വിന്യസിച്ചു.
മാര്‍ച്ച് എട്ടിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രശ്‌നപരിഹാര ശ്രമങ്ങള്‍ ഊര്‍ജിതമാക്കാനുള്ള നടപടികള്‍ നിര്‍ദേശിച്ചു. മാര്‍ച്ച് പത്തിന് വ്യവസായ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാര്‍ ബ്രഹ്മപുരം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി.
തുടര്‍ന്ന് മന്ത്രിമാര്‍ പങ്കെടുത്ത് ജനപ്രതിനിധികള്‍, ഫഌറ്റ്‌റസിഡന്‍സ് അസോസിയേഷന്‍, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികള്‍, ആരോഗ്യവിദഗ്ധര്‍ എന്നിവരുടെ യോഗങ്ങള്‍ പ്രത്യേകം പ്രത്യേകം ചേരുകയുണ്ടായി. മാര്‍ച്ച് 13ഓടുകൂടി തീ പൂര്‍ണമായും അണയ്ക്കാനായി. ചെറിയ തീപിടുത്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത കണക്കിലെടുത്ത് തുടര്‍ന്നും ജാഗ്രതയും മുന്‍കരുതലും പുലര്‍ത്തിവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."