ഉമ ഇടുക്കി ബിഷപ്പിനെ കാണാനെത്തി ഉപ്പുതോടിന്റെ സ്നേഹമേറ്റുവാങ്ങി
തൊടുപുഴ
തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസ് ഇടുക്കി ബിഷപ്പിനെ സന്ദർശിച്ചു. പി.ടിയോട് എതിർപ്പുണ്ടായത് തെറ്റിദ്ധാരണ മൂലമാണെന്ന് സന്ദർശന ശേഷം അവർ പറഞ്ഞു.
പിതാവിന്റെ അനുഗ്രഹം വാങ്ങാനാണ് താൻ വന്നത്. ഒന്നോ രണ്ടോ പേർ തെറ്റിദ്ധാരണ മൂലം എതിർത്തെങ്കിലും അതിലേറെപ്പേർ ഒപ്പമുണ്ടായിരുന്നെന്നും ഉമ പറഞ്ഞു. ഡീൻ കുര്യാക്കോസ് എം.പി ക്കൊപ്പമാണ് ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേലിനെ ഉമ സന്ദർശിച്ചത്. അടച്ചിട്ട മുറിയിലായിരുന്നു സംഭാഷണം.
ഇന്നലെ രാവിലെ പി.ടിയുടെ ഉപ്പുതോട്ടിലെ കുടുംബവീട്ടിലെത്തിയ ഉമയ്ക്ക് ബന്ധുക്കളും നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് വൻ വരവേൽപ്പു നൽകി. ഉമ മക്കളായ വിഷ്ണു, വിവേക് എന്നിവർക്കൊപ്പമാണെത്തിയത്.
കെട്ടിവയ്ക്കാൻ പി.ടിയുടെ ജന്മനാട്ടിൽനിന്ന് കോൺഗ്രസ് പ്രവർത്തകർ സമാഹരിച്ച തുക ഉമയ്ക്ക് ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു കൈമാറി. ഡീൻ കുര്യാക്കോസ് എം.പി, എ.പി ഉസ്മാൻ, ജോണി ചീരാൻകുന്നേൽ, കെ.ബി സെൽവം, എം.ഡി അർജുനൻ, ജോൺ നെടിയപാല, അരുൺ പൊടിപ്പാറ, ബിജോ മാണി, മുകേഷ് മോഹൻ, വിജയകുമാർ മറ്റക്കര, ജിൻസി ജോയ് എന്നിവർ ചേർന്നാണ് തുക കൈമാറിയത്.
തുടർന്ന് ഉമ ഉപ്പുതോട് സെന്റ് ജോസഫ് ചർച്ചിലെത്തി കുർബാനയിൽ പങ്കെടുത്തു. സെമിത്തേരിയിലെ കല്ലറയ്ക്കു മുന്നിൽ നടന്ന ഒപ്പീസിൽ പങ്കെടുത്തപ്പോൾ ഉമ വിങ്ങിപ്പൊട്ടി. പിന്നീട് ഉപ്പുതോട് ജങ്ഷനിലെത്തി വ്യാപാരികളെയും കാത്തുനിന്ന കർഷകരെയും നേരിൽ കണ്ട് അനുഗ്രഹം തേടി. നിറഞ്ഞ മനസ്സോടെ പി.ടിയുടെ ഓർമകൾ അയവിറക്കി ഉപ്പുതോട്ടിലെ ജനക്കൂട്ടം ഉമയ്ക്കു വിജയാശംസകൾ നേർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."