പ്രവാസികൾക്ക് അടിയന്തിരമായി നാട്ടിൽ വാക്സിനേഷൻ സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു
റിയാദ്: സഊദി ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിലെ പ്രവാസികളിൽ ലീവിലുള്ളവർക്ക് നാട്ടിൽ തന്നെ
അടിയന്തിരമായി വാക്സിനേഷൻ സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. സഊദി അറേബ്യ ഇതിനകം തന്നെ വാക്സിൻ സ്വീകരിച്ചവർക്ക് ഇളവ് പ്രഖ്യാപിച്ചതിനാൽ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ അടിയന്തിര നടപടികൾ കൈകൊള്ളണമെന്നാണ് ആവശ്യം. വാക്സിൻ സ്വീകരിച്ചവർക്ക് സഊദി അറേബ്യ നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കിയിട്ടുണ്ട്.
സഊദിയുടെ പുതിയ നിബന്ധന പ്രകാരം മെയ് 20 ന് ശേഷം ഇന്ത്യ ഉള്‍പ്പെടെ വിലക്ക് ബാധകമായ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ഉൾപ്പെടെ മുഴുവൻ വിദേശികളും ഏഴു ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈനിൽ കഴിയണം. ഇന്ത്യക്കാർ മറ്റു രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞതിനു പുറമെ സഊദിയിൽ എത്തിയ ശേഷം വീണ്ടും 7 ദിവസം നിർബന്ധിത ക്വാറന്റൈനിൽ കഴിയണം. ഇതോടെ 21 ദിവസം ചുരുങ്ങിയത് സഊദി പ്രവാസികൾ യാത്രയ്ക്കിടെ മാത്രം ക്വാറന്റൈനിൽ കഴിയണം. മാത്രമല്ല ഇതിനിടെ 6 തവണ ആര്‍ടി പിസിആര്‍ പരിശോധനക്കും വിധേയമാകണം. എന്നാൽ, വാക്സിൻ സ്വീകരിച്ചവർക്ക് ഇതിൽ നിന്ന് ഒഴിവാക്കാമെന്നത് ദുരിതത്തിന് അൽപം ശമനമാകും.
കേരളത്തില്‍ നിന്ന് സഊദിയിലെത്താന്‍ ഒരാള്‍ക്ക് ശരാശരി രണ്ട് ലക്ഷത്തിലധികം രൂപ ചിലവ് വരുമെന്നാണ് കണക്കുകൾ. നിലവിൽ 45 വയസില്‍ താഴെയുളളവര്‍ക്ക് കേരളത്തില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് രജിസ്‌ട്രേഷന്‍ പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തില്‍ സഊദിയിലേക്ക് തിരിച്ചു പോകേണ്ട പ്രവാസികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
സഊദിയിൽ അംഗീകാരമുള്ള ഓക്സ്ഫോർഡ് ആസ്ട്രാ സെനെക (കൊവിഷീൽഡ്) വാക്സിനാണ് കേരളത്തിൽ വിതരണം നടക്കുന്നത്. ഇന്ത്യയിൽ നൽകുന്ന മറ്റു വാക്സിനുകൾക്ക് സഊദി അംഗീകാരം ഇല്ല. അതിനാൽ ഇത് സ്വീകരിച്ചാലും നിർബന്ധിത ക്വാറന്റൈനിൽ കഴിയേണ്ടി വരും. ഇന്ത്യയില്‍ കൊവിഷീല്‍ഡ് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് വെബ് സൈറ്റില്‍ നിന്ന് രജിസ്‌ട്രേഡ് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനാകും. ഇതു ഉപയോഗിച്ച് ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ഇളവ് നേടാന്‍ കഴിയും. നിലവിലെ സാഹിര്യത്തില്‍ നാലംഗ കുടുംബത്തിന് സഊദിയിലെത്താന്‍ 10 ലക്ഷം രൂപയിലധികം ആവശ്യമാണ്. അതുകൊണ്ടുതന്നെ സഊദിയില്‍ വിസയുളള പ്രവാസികള്‍ക്ക് പ്രായഭേദമന്യേ കൊവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുന്നത് ആശ്വാസം പകരും. കേരള സർക്കാരും മുഖ്യമന്ത്രിയും ഇതിന് വേണ്ട നടപടികൾ കൈകൊള്ളണമെന്നാണ് ആവശ്യം.
ഈയാവശ്യം ഉന്നയിച്ച് മലപ്പുറം എം എൽ എ പി ഉബൈദുല്ല മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. നാടിന്റെ സാമ്പത്തിക അടിത്തറയുടെ നട്ടെല്ലായ പ്രവാസികളുടെ പ്രയാസങ്ങൾ കണ്ടക്കിലെത്ത് അവധിക്ക് വന്ന പ്രവാസികൾക്ക് വാക്സിനേഷനിൽ മുൻഗണന നൽകാൻ സത്വര നടപടികൾ കൈകൊള്ളണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."