ചങ്കുകളേ...ജീവിതം ഒരു നിമിഷമായിരിക്കാം, പക്ഷേ പുകയാതെ ജ്വലിക്കണം; അര്‍ബുദം കൊണ്ടു മുറിവേറ്റവരെ ജ്വലിപ്പിച്ച നന്ദു മഹാദേവ ഇനി കണ്ണീരോര്‍മ
കോഴിക്കോട്: ജീവിതം ഒരു നിമിഷമായിരിക്കാം, പക്ഷേ അപ്പോഴും പുകയരുത്, ജ്വലിക്കണം. ശരീരത്തെ അര്‍ബുദം കാര്‍ന്നു തിന്നുമ്പോഴും ശുഭപ്രതീക്ഷയോടെ ജീവിതത്തെ നേരിട്ട് ആയിരങ്ങള്‍ക്ക് പ്രചോദനമേകിയ നന്ദു മഹാദേവയുടെ ഫേസ്ബുക്കിലെ പ്രൊഫൈല്‍ ക്യാപ്ഷനാണിത്. ഓര്‍മയായിരിക്കുന്നു ആ ജീവിതം. 27 വര്‍ഷത്തെ ചെറിയജീവിതം കൊണ്ട് വലിയ സന്ദേശം സമൂഹത്തിനും അതിലുപരി അര്‍ബുദത്തിന്റെ മുറിവേറ്റു തളരുന്നവര്‍ക്കും നല്‍കിയായിരുന്നു ആ ചെറുപ്പക്കാരന്‍ യാത്രയായത്.
ചങ്കുകളേ...
നിങ്ങളുടെ നേര്‍ക്ക് നീട്ടുന്നത് കൈയല്ല..ഹൃദയമാണ്...
ചോദിക്കുന്നത് പൈസയല്ല.. ഒരു ജീവിതമാണ്..!!
ഈ അമ്മയുടെ കണ്ണുനീര്‍ കാണാതെ പോകരുതേ... അടുത്തിടെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ അമ്മയുടെ കരയുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് നന്ദു ഇട്ട കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയായിരുന്നു.
ഈ അമ്മയ്ക്ക് ആകെയുള്ള ഒരേയൊരു മകനെ തിരിച്ചു കൊടുക്കാന്‍ നമുക്ക് കഴിയും. ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും വരാവുന്ന ഒരവസ്ഥയാണ് ശിവകുമാറിനും സംഭവിച്ചത്...
നമ്മളുടെയൊക്കെ ഒരു ചെറിയ കൈത്താങ്ങ് ഉണ്ടെങ്കില്‍ ശിവ ജീവിതത്തിലേക്ക് തിരികെ വരും..!!!
സാധാരണ ജീവിതത്തിലേക്ക് തിരികേവരണമെന്നും നല്ലൊരു കുടുംബജീവിതം നയിക്കണം എന്നും ഒക്കെയുള്ള ഒരു യുവാവിന്റെ ആഗ്രഹങ്ങളുടെ താക്കോല്‍ ഇപ്പോള്‍ നമ്മുടെയൊക്കെ കൈകളിലാണ്...!!
കഴിയുന്നവര്‍ സഹായിക്കുക, പരമാവധി വിഡിയോ ഷെയര്‍ ചെയ്യുക... അവന്റെ അഭ്യര്‍ഥനയോട് പ്രതികരിച്ച് ആ കുടുംബത്തിന് താങ്ങായത് ആയിരങ്ങളാണ്.
ഇതുപോലെ ഫേസ്ബുക്കിലും സാമൂഹിക മാധ്യമങ്ങളിലും അര്‍ബുദം തളര്‍ത്തിയവരെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ അവസാനശ്വാസത്തിലും കൂടെനിന്നു നന്ദു. ആത്മവിശ്വാസത്തിന്റെ വലിയ തുരുത്തായി. കൂടെയുണ്ടെന്നു മാത്രമല്ല, മറ്റുള്ളവരെ കൂടെ നിര്‍ത്താനും അവന്‍ മുമ്പേ നടന്നു. മറ്റൊരിക്കല്‍ ശരീരം തളര്‍ന്നു പോയിട്ടും വായില്‍ കടിച്ചുപിടിച്ച ബ്രഷുമായി ചിത്രങ്ങള്‍ വരക്കുന്ന ജോയലിനെ പരിചയപ്പെടുത്തി നന്ദു ഇട്ട പോസ്റ്റ് തുടങ്ങിയത് ഇങ്ങനെ.
ഇന്ന് ജോയലിന്റെ പിറന്നാളാണ്...!!
ശരീരം തളര്‍ന്നു പോയിട്ടും വായില്‍ കടിച്ചുപിടിച്ച ബ്രഷുമായി നൂറുകണക്കിന്ചിത്രങ്ങള്‍ വരച്ചു ലോകത്തെ വിസ്മയിപ്പിക്കുന്ന അത്ഭുത മനുഷ്യന്‍...!!
ഒന്നാലോചിച്ചു നോക്കൂ..അഞ്ച് മിനിറ്റില്‍ കൂടുതല്‍ ഒരുവസ്തു തുടര്‍ച്ചയായി കടിച്ചുപിടിച്ചാല്‍ നമുക്ക് എന്തൊരു അസ്വസ്ഥതയാണ്..
ആ സ്ഥാനത്താണ് തുടര്‍ച്ചയായി ആറും ഏഴും മണിക്കൂര്‍ ബ്രഷ് കടിച്ചുപിടിച്ചു വരച്ച് ഓരോ ചിത്രങ്ങളും ജോയല്‍ പൂര്‍ത്തിയാക്കുന്നത്...!
തല ഒഴികെ ശരീരത്തിലെ മറ്റുള്ള അവയവങ്ങളുടെയൊക്കെ ചലനശേഷി പൂര്‍ണമായും നഷ്ടമായിട്ടും അപാരമായ ഇച്ഛാശക്തിയോടെ ഇത്രയധികം ചിത്രങ്ങള്‍ വരച്ചു നമ്മളെ അത്ഭുതസ്തബ്ധരാക്കുന്ന ജോയലിന് പിറന്നാളാശംസകളും പിന്തുണയും അറിയിച്ചില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ആശംസകള്‍ അറിയിക്കുക...
മലയാളക്കരയുടെ അഭിമാനമായ മുത്തിന് കയ്യടി നല്‍കിയില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് കയ്യടി നല്‍കുക. എന്നാണ് ഈ കുറിപ്പില്‍ നന്ദു മഹാദേവ ചോദിക്കുന്നത്.
തീര്‍ച്ചയായും അത്ഭുതമായിരുന്നു ഈ ചെറുപ്പക്കാരന്‍. അടുത്തറിഞ്ഞവര്‍ക്ക് അതിശയവും. അതുകൊണ്ടാണ് കൂടെയുണ്ടായിരുന്നവരെയൊക്കെ കരയിപ്പിച്ച് അവന്‍ യാത്രയാകുന്നത്. കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു ആ ജീവന്‍ പൊലിഞ്ഞത്. കീമോയ്ക്ക് പിന്നാലെ പാലിയേറ്റീവും നിര്‍ത്തി അടുത്ത ട്രിപ്പ് പോയതാണ് നന്ദുവെന്ന് അര്‍ബുദത്തെ അതിജീവിച്ച അപര്‍ണ ശിവകാമി ഫേസ്ബുക്കില്‍ വേദനയോടെ കുറിച്ചത് അതുകൊണ്ടാണ്. 'പാലിയേറ്റീവ് മതി എന്ന് ഡോക്ടര്‍ പറഞ്ഞതിന്റെ പിറ്റേന്ന് കൂട്ടുകാര്‍ക്കൊപ്പം ഗോവയ്ക്ക് പോയി ആഘോഷിച്ചവനാണ് നീ.. ഒരു പക്ഷേ നിനക്ക് മാത്രം പറ്റുന്ന ധീരത' നീ അടുത്ത ട്രിപ്പിന് പോയി അടിച്ചു പൊളിക്കുന്നതാണെന്ന് കരുതി ഞാന്‍ ആശ്വസിക്കട്ടെ. അപര്‍ണ കുറിപ്പവസാനിച്ചത് അങ്ങനെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."