സമസ്തയുടെ ആശയാദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളാത്ത വിദ്യാഭ്യാസ പദ്ധതികള്‍ അംഗീകരിക്കില്ല : ജിഫ്രി തങ്ങള്‍
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയ ആദര്‍ശങ്ങള്‍ ലംഘിക്കുകയും ഉപദേശങ്ങളും നിര്‍ദേശങ്ങളും അംഗീകരിക്കാതേയും പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസ നടപടിയും അംഗീകരിക്കാനാവില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. മലപ്പുറത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വിശദീകരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീര്‍ഘവീക്ഷണമുള്ള പൂര്‍വ്വീകരായ മഹാന്മാരുടെ പിന്തുടര്‍ച്ചയാണ് സമസ്ത. അതിനൊരു ആദര്‍ശവും ഭരണഘടനയുമുണ്ട്. ആവശ്യത്തിന് സമസ്ത തന്നെ ഫത്‌വകള്‍ നല്‍കുന്നുണ്ട്. സമസ്തക്ക് ഫത്‌വ കൊടുക്കാന്‍ ആരും ആളാവണ്ടേ. സമസതക്ക് പ്രത്യേക താല്‍പര്യങ്ങളില്ല. ഭരണഘടന അനുസരിച്ചാണ് സമസ്തയുടെ പ്രവര്‍ത്തനം. സമസ്തയുടെ ലക്ഷ്യങ്ങള്‍ മഹാന്മാര്‍ കൊണ്ടുവന്നതാണ്. വിദ്യാഭ്യാസ മുന്നേറ്റത്തിലും,സ്ത്രീ വിദ്യാഭ്യാസത്തിലും സമസ്ത മുന്നേറ്റം വളരേ വലുതാണ്. വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലായി നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദര്‍സുകളും അറബിക്കോളജുകളുമുണ്ട്. സമസ്തയുടെ നിര്‍ദേശത്തിലും ആദര്‍ശത്തിലുമാണ് അവ പ്രവൃത്തിക്കുന്നത്.
സമസ്തയേയും,പണ്ഡിതന്മാരേയും കരിവാരി തേക്കുന്ന നടപടിയാണ് ഇപ്പോഴുണ്ടാകുന്നത്. സമസ്തക്കെതിരേ മോശമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നു. ജമാഅത്ത്,മുജാഹിദ് വിഭാഗങ്ങള്‍ പോലും സമസ്തക്കും പണ്ഡിതര്‍ക്കും നടത്താത്ത ആക്ഷേപങ്ങളാണ് ചിലര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."